NEWS

സിനിമയില്‍ ഒരു നടിക്ക് എന്ത് കിട്ടിയാലും അത് ഒരുപാട് കാലത്തേക്കില്ല -ലിയോണ ലിഷോയ്

News

മലയാള നടിമാരില്‍ ലിയോണയ്ക്ക് മാത്രമായി ചില സിഗ്നേച്ചര്‍ ഡയലോഗുകള്‍ ഉണ്ട്. പലസമയത്തും അത് ട്രോളിലും. മീമിലും ഒക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോള്‍ എന്താണ് തോന്നുക?

ലിയോണ: ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് എന്ന ജനഗണമനയിലെ ഡയലോഗ് ആണ് അധികം മീമുകളില്‍ കണ്ടിട്ടുള്ളത്. നമ്മുടെ വര്‍ക്ക് അത്രത്തോളം ആളുകളില്‍ എത്തിയിട്ടുണ്ടല്ലോ എന്നെ അവ കാണുന്ന സമയത്ത് തോന്നാറുള്ളൂ.

22 വയസ്സില്‍ തുടങ്ങിയ സിനിമാജീവിതം പത്ത് വര്‍ഷത്തിനിപ്പുറവും അതുപോലെ തുടരുന്നു. പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് കാണുന്നത്?

ഞാന്‍ പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. ജീവിതത്തോടുള്ള എന്‍റെ കാഴ്ചപ്പാട് തന്നെ മാറി. ഇപ്പോഴത്തെ എന്‍റെ ജീവിതത്തില്‍ എനിക്ക് തന്നെ അഭിമാനമുണ്ട്. എന്‍റെ സ്വന്തം കാര്യം ചെയ്യാന്‍ വേണ്ടി ത്തന്നെ ഞാന്‍ പലരെയും ആശ്രയിച്ചിരുന്ന ആളായിരുന്നു. ഇപ്പോ എനിക്ക് എന്ത് വേണമെങ്കിലും ഒറ്റയ്ക്ക് ചെയ്യാം.. സ്വാതന്ത്ര്യം ഉണ്ട്. പത്തുവര്‍ഷം ആയിട്ടും ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു എന്നുള്ളത് തന്നെ നല്ല കാര്യമായി കാണുന്നു.

അന്ന് സിനിമയിലേക്ക് വരുന്നതിന് തടസ്സം ഉണ്ടാക്കിയ കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു?

സിനിമ വേറിട്ട ഒരു ലോകം തന്നെയാണ് എന്ന് അന്നേ തോന്നിയിരുന്നു. സിനിമയിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്‍റെ അച്ഛനെ സാമ്പത്തികമായി സഹായിക്കണം എന്ന ഒറ്റ തോന്നലുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. പിന്നെ ചെയ്തുതുടങ്ങിയപ്പോള്‍ നല്ല പ്രതികരണം ആണ് ചുറ്റില്‍ നിന്നും ലഭിച്ചത്. അത് ഇനിയും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു.

പത്തില്‍ അധികം വര്‍ഷം കഴിഞ്ഞിട്ടും സിനിമയില്‍ തന്നെ നിലനിര്‍ക്കാന്‍ കാരണം?

അതാണ് സിനിമയുടെ മാജിക് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു തവണ സിനിമയില്‍ കയറിയാല്‍ പിന്നെ നമ്മുടെ മനസ്സ് അവിടെ തന്നെയായിരിക്കും. സിനിമയില്‍ സെറ്റില്‍ പല ജോലി ചെയ്യുന്ന ചേട്ടന്മാര്‍ക്ക് ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ എന്ത് കൗതുകമാണോ ഉള്ളത് അതുതന്നെയാണ് എനിക്കുമുള്ളത്.

സിനിമയില്‍ പത്തുവര്‍ഷത്തെ പരിചയമുള്ള താങ്കള്‍ ഒരു പുതുമുഖ നടിയോട് എന്തായിരിക്കും സംസാരിക്കുക?

സിനിമയില്‍ ഒരു നടിക്ക് എന്ത് കിട്ടിയാലും അത് ഒരുപാട് കാലത്തേക്കില്ല. അതാണ് ഞാന്‍ പഠിച്ച പാഠം. ഇന്ന് നമ്മുടെ സിനിമ വിജയിച്ചു എന്ന് കരുതി നാളെ അങ്ങനെ ആവണമെന്നില്ല. ഇന്ന് പ്രേക്ഷകര്‍ നമ്മെ ആഘോഷിക്കാം. പിന്നീട് അതുതന്നെ കിട്ടണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. എല്ലാ മേഖലയിലും പോലെ കഠിനാദ്ധ്വാനം ഉണ്ടെങ്കില്‍ ഇവിടെ തിളങ്ങാനാവും.


LATEST VIDEOS

Interviews