NEWS

ഏത് വേഷമായാലും അത് ഉത്തരവാദിത്വത്തോടെ ചെയ്യണം -അമ്മു അഭിരാമി

News

അമ്മു അഭിരാമിയുടെ കരിയര്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായികാനിരയിലേക്ക് എത്തി. 'രാക്ഷസന്‍' എന്ന സിനിമയില്‍ സ്റ്റുഡന്‍റ് കഥാപാത്രമായി എത്തിയ അമ്മു അഭിരാമിയുടെ വഴിത്തിരിവ് 'അസുരന്‍' എന്ന സിനിമയായിരുന്നു. ഏത് വേഷമായാലും അത് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്ന ചിന്താഗതിക്കാരിയായ അമ്മുവിന്‍റെ അടുത്തിടെ പുറത്തിറക്കിയ 'കണ്ണകി' എന്ന സിനിമ താരത്തിന്‍റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി.
 
കണ്ണകി എന്ന സിനിമയെക്കുറിച്ച്?
 
ഇതിനുമുന്‍പ് ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം യാദൃച്ഛികമായി എന്നെത്തേടി എത്തിയവയാണ്. അസുരനിലെ എന്‍റെ കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം സംവിധായകന്‍ വെട്രിമാരന്‍ സാര്‍ എഴുതിയപ്പോള്‍തന്നെ അത് സൂപ്പറായി വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ അഭിനയിക്കണം, ഒരു ആര്‍ട്ടിസ്റ്റ് എങ്ങനെ പ്രോസസാവണം എന്ന കാര്യം 'കണ്ണകി'യിലാണ് ഞാന്‍ മനസ്സിലാക്കിയതും പഠിച്ചതും. ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകളിലെല്ലാം ആ സിനിമകളുടെ സംവിധായകരുടെ കാരുണ്യം കൊണ്ടാണ് എന്‍റെ കഥാപാത്രങ്ങള്‍ മികച്ചതായത് എന്നുപറയാം. എന്നാല്‍ 'കണ്ണകി'യ്ക്കുവേണ്ടി ഞാന്‍ വളരെയധികം മെനക്കെട്ടു. ധാരാളം പ്രിപ്പറേഷന്‍ ചെയ്തു. ഒരു ആക്ടറായി തോന്നിയത് ഈ സിനിമയിലാണ്.
 
ഇതുവരെ അഭിനയിച്ചതില്‍ ഏതിനെയാണ് ദ ബെസ്റ്റ് ആയി കരുതുന്നത്?
 
കണ്ണകിയിലെ കഥാപാത്രം തന്നെ. ഈ ഒരു കഥാപാത്രത്തിലൂടെയാണ് എന്നിലെ നടിയുടെ ജനനം എന്നുതന്നെ പറയാം.
 
വിവാഹമാണ് ഒരു പെണ്ണിന് ജീവിതത്തില്‍ സുരക്ഷ എന്ന രീതിയിലൊരു ഡയലോഗുണ്ട് 'കണ്ണകി'യില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അതുതന്നെയാണ് നല്ലത് എന്ന് അഭിപ്രായമുണ്ടോ...?
 
സത്യം പറഞ്ഞാല്‍ കല്യാണമാണ് പെണ്ണിന് 'സേഫ്റ്റി' എന്ന് എന്‍റെ അമ്മപോലും വിശ്വസിക്കുന്നത്. എന്നാല്‍ എന്‍റെ അഭിപ്രായം മറ്റൊന്നാണ്. എന്നുകരുതി ഇതാണ് ശരി, അത് തെറ്റ് എന്നല്ല പറഞ്ഞുവരൂന്നത്. തലമുറകള്‍ മാറുമ്പോള്‍ നമ്മുടെ വിശ്വാസങ്ങളും മാറും. വിവാഹം കഴിച്ച് ഭാവിയില്‍ കുട്ടികളെ പ്രസവിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ വിവാഹമാണ് സംരക്ഷണം എന്ന അഭിപ്രായം എനിക്കില്ല. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഹാപ്പി തന്നെ.
 
ഇഷ്ടപ്പെട്ട നടീനടന്മാര്‍?
 
നവാസുദീന്‍ സിദ്ധിക്ക്, ഫഹദ് ഫാസില്‍, രാധികാ ആപ്തേ, സായ്പല്ലവി എന്നിങ്ങനെ ഒട്ടേറെപ്പേര്‍ എന്‍റെ ലിസ്റ്റിലുണ്ട്. ഇപ്പോള്‍ ഞാന്‍ വിസ്മയത്തോടെ നോക്കിക്കാണുന്ന നടന്‍ പശുപതി സാറാണ്. അദ്ദേഹത്തിന്‍റെ ക്യാമറയ്ക്ക് മുന്നിലെ കൊച്ചുകൊച്ചു റിയാക്ഷനുകള്‍ ഷൂട്ടിംഗ് സമയത്ത് ലൈവായി കണ്ടപ്പോള്‍ വലിയ അത്ഭുതം തോന്നി. അത് ഇപ്പോള്‍ ഓര്‍ത്താലും രോമാഞ്ചമാണ്.
 
വലിയ ഹീറോമാരുടെ സിനിമകളില്‍ അമ്മുവിനെഅധികം കാണാനില്ലല്ലോ...?
 
വലിയ സിനിമകളില്‍ നിന്നും വരുന്ന അവസരങ്ങള്‍ ഞാന്‍ വേണ്ട എന്ന് പറയാറില്ല. കൊമേഴ്സ്യല്‍ സിനിമകള്‍ക്കായുള്ള ഒന്നുംതന്നെ എനിക്ക് കിട്ടിയില്ല എന്നതാണ് സത്യം. ഒരുപക്ഷേ ഞാന്‍ പെര്‍ഫോമിംഗ് ക്യാരക്ടറുകളാണ് ചെയ്യുന്നത് എന്നതുകൊണ്ട് അത്തരം കഥാപാത്രങ്ങളേ ചെയ്യൂ എന്ന് കരുതി വിളിക്കാതിരിക്കുന്നതാവാം. അത്തരം അവസരങ്ങള്‍ക്കായി ഞാനും കാത്തിരിക്കയാണ്.
 
 


LATEST VIDEOS

Interviews