33 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഗാന്ധിമതി സൗമ്യയ്ക്ക് എട്ടുവയസ്സ് പ്രായം. ഫാസില്‍ സംവിധാനം ചെയ്ത 'എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന സിനിമ സൂപ്പര്‍ ഹിറ്റായി ഓടിയതിനോടനുബന്ധിച്ച് അതേ സിനിമ തമിഴില്‍ ഫാസില്‍ 'എന്‍റെ ബൊമ്മക്കുട്ടിയമ്മാവ്ക്ക്' എന്ന പേരില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്ത സമയം. എട്ടുവയസ്സ് പ്രായമുള്ള ഗാന്ധിമതി സൗമ്യയെയും കൊണ്ട് ഗാന്ധിമതിയുടെ അമ്മ അന്ന് ഓഡിഷന് പോയിരുന്നു. പക്ഷേ, ആ സിനിമയില്‍ ചാന്‍സ് ലഭിച്ചില്ല.
മലയാളത്തില്‍ 'മാമാട്ടിക്കുട്ടിയമ്മ'യായിവന്ന ബേബിശാലിനി തന്നെയായിരുന്നു അന്ന് ബൊമ്മക്കുട്ടിയമ്മയിലും നായികയായി വന്നത്. ഗാന്ധിമതി സൗമ്യയുടെ അമ്മയുടെ വലിയ ഒരാഗ്രഹമായിരുന്നു ബാല്യകാലത്തില്‍തന്നെ മകളെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നത്. കാരണം, ആ അമ്മയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു സിനിമയും അഭിനയവും.
തനിക്ക് സിനിമാനടിയാകാന്‍ കഴിഞ്ഞില്ലെങ്കിലും മകള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. അതിന് പിന്നെയും കാലം കാത്തുനില്‍ക്കേണ്ടി വന്നു. എട്ടാമത്തെ വയസ്സില്‍തന്നെ ഗാന്ധിമതി സിനിമയില്‍ അഭിനയിച്ചു. അതൊരു തമിഴ് സിനിമയായിരുന്നു. രാധാഭാരതിയായിരുന്നു ആ സിനിമയുടെ ഡയറക്ടര്‍. സിനിമയുടെ പേര് 'അക്കരൈ സീമയിലെ.'
പിന്നീട് കുറെക്കാലം കൂടി കൊഴിഞ്ഞുപോയി. പതിനഞ്ച് വയസ്സുള്ളപ്പോള്‍ ഡയലോഗുള്ള കുറെ സീനുകളുള്ള ഒരു സിനിമയില്‍ അഭിനയിച്ചു. അതായിരുന്നു 'ദേശീയഗീതം.' ചേരനായിരുന്നു ഈ സിനിമയുടെ ഡയറക്ടര്‍. അതേത്തുടര്‍ന്ന് ഏതാനും സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ ഗാന്ധിമതിക്ക് കഴിഞ്ഞു. തിരുപ്പാച്ചി, കാതല്‍ എഫ്.എം, ദപ്പാംകൂത്ത്, രുദ്രതാണ്ഡവം, ദി ഡോര്‍, കാതലിക്ക നേരമില്ലൈ, ലൈവ് ആന്‍റ് ഖല്‍ബ് തുടങ്ങിയവ അതില്‍ ചിലതാണ്.
'തിരുപ്പാച്ചി'യിലെ കഥാപാത്രം പ്രേക്ഷകര്‍ അന്നും ഇന്നും ഓര്‍ത്തിരിക്കുന്നതാണ്. ഗാന്ധിമതിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായതും ആ സിനിമ തന്നെയാണ്. വളരെ യാദൃച്ഛികമായിട്ടാണ് തനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് ഗാന്ധിമതി പറഞ്ഞു. ഗാന്ധിമതിയുടെ അച്ഛന്‍ ആ സിനിമയിലെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. അച്ഛനെക്കാണാന്‍ ലൊക്കേഷനില്‍ പോയപ്പോള്‍ ഗാന്ധിമതി സംവിധായകന്‍റെ ശ്രദ്ധയില്‍പ്പെടുകയും ഈ സിനിമയില്‍ അഭിനയിക്കുന്നുവെങ്കില്‍ ഒരു ക്യാരക്ടറുണ്ടെന്ന് പറയുകയും ചെയ്തു. മുടിയുള്ള ഒരാര്‍ട്ടിസ്റ്റ് ആ കഥാപാത്രത്തിന് വേണമായിരുന്നു. സംവിധായകനെ ആകര്‍ഷിച്ചത് അതായിരുന്നുവെന്ന് ഗാന്ധിമതി പറഞ്ഞു.
സീരിയല്‍ രംഗത്തും ഗാന്ധിമതിയുടെ സാന്നിദ്ധ്യമുണ്ട്. സ്വന്തം സുജാത, നീയും ഞാനും, അളിയന്‍ ്/െ അളിയന്‍, സ്വര്‍ഗ്ഗവാതില്‍പ്പക്ഷി തുടങ്ങിയ മലയാളം സീരിയലുകളിലും തമിഴില്‍ ചിത്തി, അണ്ണാമലൈ, സെല്‍വി, ഉറവുകള്‍ എന്നിവയിലും വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരേസമയം തമിഴില്‍ സണ്‍ ടി.വിയിലും മലയാളത്തില്‍ സൂര്യാ ടി.വിയിലും ഓരോ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. മിനിസ്ക്രീനില്‍ ചെയ്ത സ്വന്തം സുജാതയിലെ എ.എസ്.ഐ എല്‍സമ്മ പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതില്‍ കോണ്‍സ്റ്റബിള്‍ മഞ്ജു നല്ല അഭിപ്രായം നേടുന്നുണ്ടെന്നും ഗാന്ധിമതി പറയുകയുണ്ടായി.
ഏത് കഥയായാലും, സിനിമയായാലും സീരിയലായാലും കഥയിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
ക്യാമറയുടെ മുന്നിലെത്തുന്നതുപോലെ തന്നെ ക്യാമറയുടെ പിന്നിലും ഗാന്ധിമതി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴില്‍ വന്ന 'ഇന്ത്യന്‍ 2' എന്ന സിനിമയ്ക്കുവേണ്ടി സ്പെഷ്യല്‍ കോസ്റ്റ്യൂമറായി ഗാന്ധിമതി വര്‍ക്ക് ചെയ്തിട്ടുണ്ട്. 2018 ല്‍ സ്റ്റേറ്റ് ലെവല്‍ ബോക്സിംഗ് ചാമ്പ്യനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നതും ഗാന്ധിമതിയുടെ മറ്റൊരു നേട്ടമാണ്.
കൊല്ലത്ത് കല്ലുവാതുക്കല്‍ സ്വദേശിയായ ഗാന്ധിമതിക്ക് മലയാളം, തമിഴ് കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളും അറിയാം. ഒരു നാഷണല്‍ അവാര്‍ഡ് വാങ്ങണമെന്നതാണ് ഇപ്പോഴത്തെ ജീവിതാഭിലാഷമെന്ന് ഗാന്ധിമതി സൗമ്യ ഓര്‍മ്മിപ്പിക്കുകയുണ്ടായി.