ആദ്യ സിനിമയായതുകൊണ്ട് തന്നെ സംവിധായകന്‍ പറയുന്നതിനനുസരിച്ച് അഭിനയിക്കുക, എന്തെങ്കിലും കറക്ഷന്‍ ഉണ്ടെങ്കില്‍ അത് പറയുമ്പോള്‍ ചെയ്യുക എന്നല്ലാതെ മറ്റൊന്നും എനിക്ക് അവിടെ ചെയ്യാന്‍ സാധിച്ചിരുന്നില്ല.
അഭിനയിച്ചതിനുശേഷം സ്ക്രീനില്‍ ഒന്ന് നോക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് പോലും ചെയ്തില്ലായിരുന്നു. റിലീസ് സമയത്ത് ഞാന്‍ ഹൈദരാബാദ് ഒരു ഷൂട്ടിലായിരുന്നു. വലിയ എക്സൈറ്റ്മെന്‍റ് ഒന്നും തോന്നിയില്ലായിരുന്നു. പക്ഷേ റിലീസിന്‍റെ തലേന്ന് ഞാന്‍ ആകെ അസ്വസ്ഥയായി. എങ്ങനെയെങ്കിലും നാട്ടില്‍ എത്തി സിനിമ കാണണം എന്നായി.
അങ്ങനെ അവിടുത്തെ സംവിധായകനോട് പറഞ്ഞു ഫ്ളൈറ്റ് എടുത്ത് തലേന്ന് വരുകയായിരുന്നു. ഇവിടെ വന്നപ്പോഴേക്കും ഒരുവിധം ടിക്കറ്റ് എല്ലാം ഫില്‍ ആയിരുന്നു. പിന്നെ ഇത്തിരി ബുദ്ധിമുട്ടിയാണ് രണ്ട് ടിക്കറ്റ് കിട്ടിയത്. അമ്മയും ഞാനും ഒരുമിച്ചാണ് കണ്ടത്. അമ്മയുടെ ഓരോ മുഖഭാവം ഞാന്‍ നോക്കുന്നുണ്ടായിരുന്നു. അമ്മ നല്ലൊരു ക്രിട്ടിക് ആയതുകൊണ്ട് അമ്മ എന്ത് പറയുന്നുവെന്നാണ് ആദ്യം നോക്കിയത്. അമ്മ നന്നായി എന്നുപറഞ്ഞുകേട്ടപ്പോള്‍ നല്ല കോണ്‍ഫിഡന്‍സ് തോന്നിയിരുന്നു. പിന്നെ ഫ്രണ്ട്സുമൊത്ത് കണ്ടിരുന്നു. പിന്നെ ഒ.ടി.ടി റിലീസ് ആയതിനുശേഷം എന്‍റെ സീനുകള്‍ മാത്രം എത്രതവണ കണ്ടെന്നുചോദിച്ചാല്‍ അറിയില്ല. ആദ്യ അനുഭവമാണ് അത്. ഗംഭീരമാക്കാന്‍ സാധിച്ചുവെന്നത് തന്നെയാണ് വിശ്വസിക്കുന്നത്.
റിയലിസ്റ്റിക് പരീക്ഷണ ചിത്രം
അന്വേഷിപ്പിന്‍ കണ്ടെത്തും ഒരു പരീക്ഷണ ചിത്രമെന്ന് പറയാം. ടൊവിനോ എന്ന നടന്‍റെ പല ഫേസുകളും മലയാളികള്‍ കണ്ടിട്ടുണ്ട്. പക്ഷേ മറ്റുള്ളവരുടെ മുന്‍പില്‍ തോറ്റുപോകുന്ന, സീനിയര്‍ ഓഫീസര്‍മാരുടെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു പോലീസ് ഓഫീസര്‍. നിസ്സഹനായ നായകനായിരുന്നു ഇതില്‍. മൊബൈല്‍ എത്തുന്നതിനേക്കാള്‍ മുന്‍പുള്ള കാലഘട്ടം. കഥയുടെ നരേഷനും നല്ല രസമാണ്. ത്രില്ലര്‍ ചിത്രങ്ങള്‍ ഇത്രയധികം റിയലിസ്റ്റിക്കായി മുന്‍പ് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്‍റെ ആദ്യ സീന്‍ ടോവിനോയ്ക്കും സിദ്ധിഖ് സാറിനുമൊപ്പമായിരുന്നു. ഡയലോഗ് ഒന്നും കൂടുതലായി ഇല്ലാത്തതുകൊണ്ട് ഡയലോഗ് തെറ്റുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എനിക്ക് എന്‍റെ കാമുകനായി അഭിനയിച്ച വിഷ്ണുവിനൊപ്പവും അനിയത്തിയായി അഭിനയിച്ച അനഘയ്ക്കൊപ്പവുമായിരുന്നു കൂടുതല്‍ സീനും. അതുകൊണ്ട് തന്നെ അവരുമായി നല്ലൊരു കണക്ഷന്‍ കിട്ടിയിരുന്നു.
മലയാള സിനിമയുടെ സുവര്‍ണ്ണകാലം
കോവിഡിനുശേഷം മലയാള സിനിമ പഴയഅവസ്ഥയിലേക്ക് എത്തിയില്ലായിരുന്നു. കഴിഞ്ഞ വര്‍ഷമൊക്കെയാണെങ്കിലും വിരലില്‍ എണ്ണാവുന്ന ഹിറ്റ് സിനിമകള്‍ മാത്രമേ മലയാളത്തില്‍ നിന്ന് വന്നിട്ടുള്ളുവെന്നത് വേദനാജനകമായ കാര്യമായിരുന്നു. ഈ വര്‍ഷം മലയാള സിനിമയുടെ ടൈം ആണ്. പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ആ തുടക്കം. അതില്‍ തനിക്കും ഒരു സ്പേസ് കിട്ടിയതില്‍ സന്തോഷമുണ്ട്. അഭിമാനവും. ഇപ്പോള്‍ ഇതാ റിലീസായ ആവേശം ആയാലും വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും ഗംഭീര പ്രതികരണത്തോടെ മുന്നേറുകയാണ്. ഈ ഒരു കാലഘട്ടത്തില്‍ മലയാള സിനിമയോടൊപ്പം ചേരാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്.