രണ്ട് ദശാബ്ദക്കാലങ്ങള്‍ക്കു മുന്‍പുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്‍റെ വഴി വന്ന ദിവസം. പാട്ടുകള്‍ക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപര്‍ണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്‍റെയും പാട്ടുവരികളുടെയും സംഗീതത്തിന്‍റെയും ലോകത്ത് മറ്റാര്‍ക്കും ലഭിക്കാത്ത കുറെ ഭാഗ്യങ്ങള്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപര്‍ണ്ണ ഓര്‍ത്തെടുക്കുമ്പോള്‍ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്‍റെ തങ്കലിപികള്‍ ഒരു സിനിമാഗാനമായി വരുമ്പോള്‍ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകള്‍ അപര്‍ണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി. കുറുപ്പ് ഒരിക്കല്‍ എഴുതിയിരുന്നു..
'അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍...
ഒരുമാത്ര വെറുതെ നിനച്ചുപോയി...'
ഇന്ന്, മലയാളികളായ സംഗീതപ്രേമികളടക്കം കൊച്ചുമകള്‍ അപര്‍ണ്ണയും മോഹിച്ചുപോകുകയാണ്, ആ വരികളെഴുതിയ ആള്‍ ഇന്ന് നമ്മുടെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍....! ഒരുനിമിഷം വെറുതെ അങ്ങനെ മോഹിച്ചുപോകുകയാണ്... മുത്തച്ഛന്‍റെ വരികളിലൂടെ പാട്ടുരംഗത്തേയ്ക്ക് കടന്നുവന്ന അപര്‍ണ്ണ രാജീവ് സമൃദ്ധമായ ഈ ഓണക്കാലത്ത് മുത്തച്ഛന്‍റെ പാട്ടുകളെക്കുറിച്ചും ഓണപ്പാട്ടുകളെക്കുറിച്ചുമൊക്കെ പറയുകയാണിവിടെ.
2004 ലാണ് ഞാനാദ്യമായി സിനിമയില്‍ പാടുന്നത്. ആ സിനിമ 2005 ല്‍ റിലീസായി. മെയ്ഡ് ഇന്‍ യു.എസ്.എ അതായിരുന്നു ആ സിനിമ.'പുന്നെല്ലിന്‍ കതിരാലേ...' എന്നുതുടങ്ങുന്ന ആ വരികള്‍ മുത്തച്ഛന്‍റേതായിരുന്നു. ഈണം വിദ്യാസാഗറിന്‍റേതും.
ഇരുപത് വര്‍ഷങ്ങളിലെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ഒരുപാട് നല്ല നല്ല പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. ഒരുപാട് ഭാഗ്യങ്ങളും കിട്ടിയിട്ടുണ്ട്. ആദ്യഗാനം തന്നെ മുത്തച്ഛന്‍റെ വരികളിലൂടെ പാടി തുടങ്ങാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. അപര്‍ണ്ണ പറഞ്ഞു.
ആ ഇന്നലെകളിലെ സൗഭാഗ്യങ്ങളെക്കുറിച്ച് പറയാമോ?
മുത്തച്ഛന്‍റെ പാട്ട് പാടിയതിനുശേഷം ദേവരാജന്‍ അപ്പൂപ്പന്‍റെ(ദേവരാജന്‍ മാസ്റ്റര്‍) ഒരു ആല്‍ബത്തില്‍ പാടാന്‍ കഴിഞ്ഞത് എന്‍റെ വലിയ ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു. അദ്ദേഹം അവസാനമായി ട്യൂണ്‍ ചെയ്ത പാട്ടായിരുന്നു അത്. പഴയകാലത്തെ രീതികളില്‍ ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്‍റെയും ഒരുപാട് നാടകങ്ങള്‍ക്കുവേണ്ടി അര്‍ജ്ജുനന്‍ മാഷിന്‍റെ സംഗീതത്തില്‍ കുറെ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. അതില്‍ ഒരു പാട്ടിനാണ് എനിക്ക് കേരള സംഗീത നാടക അക്കാഡമിയുടെ അവാര്‍ഡ് കിട്ടുന്നത്. പിന്നെ, ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതത്തില്‍ 'മിഴികള്‍ സാക്ഷി'എന്ന സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. അതും എന്‍റെ വലിയ ഭാഗ്യം തന്നെയാണ്. മുത്തച്ഛന്‍റെ വരികള്‍ തന്നെയായിരുന്നു അതും.
ഈ പാട്ടിനാണ് സിനിമയില്‍ നിന്നും എനിക്ക് ആദ്യമായി അംഗീകാരം കിട്ടിയത്. കുറെ അവാര്‍ഡുകള്‍ കിട്ടി.
മറ്റൊരു വിശേഷപ്പെട്ട അനുഭവം കൂടി ഈയവസരത്തില്‍ ഞാന്‍ പറയട്ടെ. ഒരപൂര്‍വ്വഭാഗ്യമായി കരുതുന്ന ഒരു കാര്യമാണത്. എത്രപേര്‍ക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ടാകുമെന്നെനിക്കറിയില്ല. മുത്തച്ഛന്‍ എഴുതി എന്‍റെ അച്ഛന്‍ സംഗീതം നല്‍കിയ മൂന്ന് പാട്ടുകള്‍ ഞാന്‍ സിനിമയില്‍ പാടിയിട്ടുണ്ട്. കളഭമഴ, മണ്‍സൂണ്‍ എന്നീ സിനിമകളിലും ഒരു മ്യൂസിക് ആല്‍ബത്തിലും ഞാനിങ്ങനെ പാടിയിട്ടുണ്ട്.
അംഗീകാരങ്ങളെക്കുറിച്ച്?
2022 ല്‍ എനിക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് രണ്ടാമത് തവണയും കിട്ടിയിരുന്നു. കൂടാതെ ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡും കിട്ടിയിരുന്നു. അതിന് മുന്‍പ് പല അവാര്‍ഡുകളും എന്നെത്തേടി എത്തിയിട്ടുണ്ട്. അതെല്ലാം ഞാന്‍ വലിയ ബഹുമതികളായി കരുതുന്നു. 'തുരുത്ത്' എന്ന സിനിമയില്‍ അച്ഛന്‍ മ്യൂസിക് ചെയ്ത ഒരു പാട്ടിനാണ് ജെ.സി. ഡാനിയല്‍ ഫൗണ്ടേഷനന്‍റെ പുരസ്ക്കാരം എനിക്ക് ലഭിക്കുന്നത്. അച്ഛന്‍ സംഗീതം നല്‍കിയ പാട്ട് ഞാന്‍ പാടുകയും അതിനൊരു അവാര്‍ഡ് ലഭിക്കുകയും ചെയ്യുന്നത് എന്‍റെ സംഗീതജീവിതത്തിലെ വലിയ ഒരംഗീകാരമാണ്. വലിയ പുണ്യമായും ഞാനത് കാണുന്നു.