ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യത്തിന്‍റെ നിര്‍മ്മലരൂപമായ നഖക്ഷതങ്ങളിലെ ബധിരയും മൂകയുമായ ലക്ഷ്മിയെ ഓര്‍മ്മയില്ലേ...? അകാലത്തില്‍ പൊലിഞ്ഞ മോനിഷയോടൊപ്പം ലക്ഷ്മിയായി മത്സരിച്ചഭിനയിക്കാന്‍ സലീമയെന്ന അഭിനേത്രിയെ കണ്ടെത്തിയത് സംവിധായകന്‍ ഹരിഹരനും, എം.ടിയുമാണ്. പ്രണയത്തിന്‍റെ ലാസ്യഭാവങ്ങളും വിരഹത്തിന്‍റെ ആത്മനൊമ്പരവുമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന സലീമ പ്രേക്ഷകമനസ്സുകളേയും വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.
നഖക്ഷതങ്ങളിലെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ലക്ഷ്മിയെന്ന കഥാപാത്രത്തെ ഇപ്പോഴും ഓര്‍ക്കാറുണ്ടോ...?
തീര്‍ച്ചയായും. നഖക്ഷതങ്ങള്‍ റിലീസ് ചെയ്തിട്ട് 38 വര്‍ഷം പിന്നിട്ടിരിക്കുന്നു. മലയാളികള്‍ ഇന്നും എന്നെ അറിയുന്നത് നഖക്ഷതങ്ങളിലെ ലക്ഷ്മിയായിട്ടാണ്. അവര്‍ നഖക്ഷതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഞാന്‍ ലക്ഷ്മിയെന്ന കഥാപാത്രത്തെ ഓര്‍ക്കാറുണ്ട്.
നടിയായിരുന്ന കാഞ്ചനാമ്മ പറഞ്ഞിട്ടാണ് നഖക്ഷതങ്ങളില്‍ അഭിനയിക്കാമോയെന്ന് ചോദിച്ച് എം.ടി. സാറും സംവിധായന്‍ ഹരിഹരന്‍ സാറും ചെന്നൈയിലെ എന്‍റെ വീട്ടിലെത്തിയത്. കഥ കേട്ടപ്പോള്‍ ഇഷ്ടമായി. ഞാന്‍ ഓക്കെ പറഞ്ഞു. ചിത്രത്തില്‍ ഒരു ഡയലോഗ് പോലുമില്ലാതെ ആംഗ്യങ്ങളിലൂടെ മറ്റുള്ളവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയെന്നത് സങ്കീര്‍ണ്ണമായി തോന്നിയെങ്കിലും വെല്ലുവിളിയോടെയാണ് ലക്ഷ്മിയെ ഞാന്‍ സ്വീകരിച്ചത്. ലൊക്കേഷനില്‍ എം.ടി. സാറിന്‍റെ സാന്നിധ്യത്തില്‍ ഹരിഹരന്‍ സാര്‍ ഓരോ സീനുകളും എനിക്ക് കൃത്യമായി വിശദീകരിച്ചു തന്നിരുന്നു. പൊതുവെ ഒന്നും മിണ്ടാത്ത എം.ടി. സാറിന്‍റെ ഭാഷ സൈലന്‍സാണ്. ചിത്രത്തിലെ ഒരു ഇമോഷണല്‍ സീന്‍ ചിത്രീകരിച്ചുകഴിഞ്ഞപ്പോള്‍ വിചാരിച്ചതിനേക്കാള്‍ സലീമ നന്നായി അഭിനയിക്കുന്നുണ്ടെന്ന് എം.ടി സാറ് സൂചിപ്പിച്ചതായി എന്‍റെ അമ്മ പറഞ്ഞിട്ടുണ്ട്.
നഖക്ഷതങ്ങളില്‍ ലക്ഷ്മി ഊമയാണെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നുവെന്ന് കേട്ടിട്ടുണ്ടല്ലോ..?
അതെ. അതൊരു യാഥാര്‍ത്ഥ്യമാണ്. ലക്ഷ്മിയായി അഭിനയിച്ച നടി ഊമയാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. നഖക്ഷതങ്ങളുടെ നൂറാം ദിവസം ആഘോഷിച്ചത് കോഴിക്കോടാണ്. പ്രൗഢമായ സദസ്സിന് മുന്നില്‍ പ്രസംഗിക്കാന്‍ മൈക്ക് കയ്യിലെടുത്ത ഞാന്‍ ഒരു മിനിറ്റ് സൈലന്‍റായി നിന്നു. എല്ലാവരും ഊമയായ പെണ്‍കുട്ടിയാണെന്നാണ് കരുതിയിരുന്നത്. പ്രിയപ്പെട്ട കലാസ്നേഹികളെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കാതടപ്പിക്കുന്ന കയ്യടിയായിരുന്നു. ലക്ഷ്മിയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ആരാധകരുടെ അന്നത്തെ കയ്യടി ചില സമയങ്ങളിലെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്.
ലക്ഷ്മിയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നില്‍ ചിത്രത്തിലെ നായകനായിരുന്ന വിനീതിന്‍റെയും നായിക മോനിഷയുടെയും സഹകരണം ഉണ്ടായിരുന്നില്ലെ ?
തീര്‍ച്ചയായും. യഥാര്‍ത്ഥത്തില്‍ സെറ്റില്‍ ഞങ്ങള്‍ മൂന്ന് പേരും നല്ല കൂട്ടായിരുന്നു. ഈ സൗഹൃദം സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം ഏറെ ഗുണകരമായി മാറി. ചെറിയ പ്രായത്തിലുണ്ടായ മോനിഷയുടെ വേര്‍പാട് ഏറെ ഷോക്കുണ്ടാക്കിയ ഒന്നായിരുന്നു. വിനീതുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട്.
നഖക്ഷതങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ആരണ്യകമെന്ന സിനിമയോടെ സലീമ അഭിനയത്തോട് വിടപറയുകയായിരുന്നോ...?
അതെ. നഖക്ഷതങ്ങളുടെ വന്‍വിജയത്തിനുശേഷമാണ് ഹരിഹരന്‍ സാര്‍- എം.ടി സാര്‍ ടീമിന്‍റെ ആരണ്യകത്തില്‍ ദേവന്‍ സാറിന്‍റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഈ ചിത്രത്തില്‍ ശരിക്കും എന്‍ജോയ് ചെയ്ത് അഭിനയിച്ച അമ്മാണിയെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരണ്യകത്തിലെ 'ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലെ...' എന്ന പാട്ടുസീനിലെ അഭിനയമൊക്കെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.