ബെസ്റ്റ് ഓഫ് ലക്ക്, മധുരബസ്സ്, കിണര്‍... തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എം.എ. നിഷാദ് തന്‍റെ പുതിയ സിനിമയായ 'ഒരന്വേഷണത്തിന്‍റെ തുടക്കം' എന്ന സിനിമയ്ക്ക് വേണ്ടി കഥ തെരഞ്ഞെടുത്തത്. സ്വന്തം പിതാവിന്‍റെ കേസ്ഡയറിയില്‍ നിന്നുമാണ്.
കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടന്ന ഈ സിനിമയുടെ ലൊക്കേഷനിലെത്തുമ്പോള്‍ അഭിനേതാക്കളുടെ ഒരു വലിയനിരതന്നെയുണ്ടായിരുന്നു. ഷൈന്‍ ടോം ചാക്കോ, മുകേഷ്, ബൈജു, അശോകന്‍, ജോണി ആന്‍റണി, വിജയ്ബാബു, സുധീര്‍കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ശ്രീകുമാര്‍, ജയകൃഷ്ണന്‍, ശ്യാമപ്രസാദ് എന്നുതുടങ്ങി ഒട്ടേറെപ്പേര്‍.
ഈ അഭിനേതാക്കളെല്ലാം തന്നെ അഭിനയത്തിന്‍റെ തിരക്കുകളിലായിരുന്നു. നടി പൊന്നമ്മ ബാബുവും അനുമോളും കാരവനില്‍ വിശ്രമിക്കുകയായിരുന്നുവെന്നറിയുമ്പോള്‍ അവരുടെ ഒരു ഫോട്ടോസെഷന്‍ പ്ലാന്‍ ചെയ്തത് പെട്ടെന്നാണ്.
മേക്കപ്പെല്ലാം കഴിഞ്ഞ് റെഡിയായിരിക്കുന്ന പൊന്നമ്മബാബുവും അനുമോളും കാരവനില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് അങ്ങനെയാണ്. ക്ലിക്ക് അവസാനിച്ചുകഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
പൊന്നമ്മ ബാബു പറഞ്ഞു.'ഞങ്ങള്‍ അമ്മയും മരുമോളുമാണ്.'
എന്‍റെ മകനായി അഭിനയിക്കുന്നത് നടന്‍ ജയകൃഷ്ണനും ഭര്‍ത്താവയി അഭിനയിക്കുന്നത് പി. ശ്രീകുമാര്‍ ചേട്ടനുമാണ്. ജയകൃഷ്ണന്‍റെ ഭാര്യയായിട്ടാണ് അനുമോള്‍ അഭിനയിക്കുന്നത്.
അനുവും ഞാനും തമ്മില്‍ മുന്‍പരിചയക്കാരാണെങ്കിലും ഒരുമിച്ചഭിനയിക്കുന്നത് ഇതാദ്യമാണ്. 'അമ്മ'യുടെ മീറ്റിംഗ് നടക്കുമ്പോള്‍ ഞങ്ങള്‍ 'ഹായ്...' പറഞ്ഞ് സൗഹൃദം പുതുക്കാറുണ്ട്. ഇപ്പോള്‍ പക്ഷേ, ഈ സിനിമയില്‍ ഞങ്ങള്‍ കുറെ ദിവസമായി ഒരുമിച്ചഭിനയിക്കുന്നതുകൊണ്ട് കൂടുതല്‍ അടുപ്പമാകുകയും ചെയ്തു, അല്ലേ അനു?
പൊന്നമ്മ ബാബുവിന്‍റെ ചോദ്യം കേട്ട് അനുമോള്‍ ചിരിക്കുന്നു.
പുതിയ സിനിമകള്‍ ഏതൊക്കെയാണെന്ന് ചോദിക്കുമ്പോള്‍ പൊന്നമ്മ ബാബു ഇങ്ങനെ പറയുകയുണ്ടായി.
'ആഷിക് അബുവിന്‍റെ റൈഫിള്‍ ക്ലബ്ബാണ് റിലീസിന് തയ്യാറാകുന്ന ഒരു ചിത്രം. 'ഊടും പാവും' എന്നൊരു ചിത്രവുമുണ്ട്. രണ്ട് മൂന്ന് സിനിമകള്‍ പുതിയത് വന്നിട്ടുണ്ട്. കഥ കേട്ടു. പക്ഷേ, ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
അനുമോള്‍ ഹോട്ട് സ്റ്റാറിനുവേണ്ടി തമിഴില്‍ ഒരു വെബ്സീരീസ് ചെയ്തുവെന്നും ആയതിനാല്‍ കൂടുതല്‍ മലയാളം സിനിമകള്‍ കമ്മിറ്റ് ചെയ്യാനായില്ലെന്നും പറഞ്ഞു.
ഈയടുത്തായി നല്ല മലയാളം സിനിമകളുടെ വരവ് കുറഞ്ഞുവെന്നും 2024 ന്‍റെ തുടക്കത്തില്‍ മലയാള സിനിമയുടെ വസന്തകാലമായിരുന്നുവെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ഭ്രമയുഗം.. തുടങ്ങി കുറെ നല്ല സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായിരുന്നു. എന്നാല്‍ 2024 ന്‍റെ പകുതി കഴിഞ്ഞപ്പോഴേക്കും ഹിറ്റുകളുടെ എണ്ണം കുറഞ്ഞുപോയി. എന്തായാലും നോക്കാം നമുക്ക്. നല്ല സിനിമകളുടെ വരവ് ഇനിയും ശക്തമായ രീതിയില്‍ തന്നെ വരുമെന്നതാണ് പ്രതീക്ഷ.
ജി. കൃഷ്ണന്‍
ഫോട്ടോ: സിനു കാക്കൂര്‍