NEWS

ടേബിള്‍ തുടയ്ക്കുന്ന ജോലിയായാലും, അഭിനയിക്കുന്ന ജോലിയായാലും, സംവിധാനമായാലും എന്‍റെ ജോലി കൃത്യമായിട്ടും ഭംഗിയായിട്ടും ചെയ്യണം. അതാണ് എന്‍റെ സിദ്ധാന്തം... -എസ്.ജെ. സൂര്യ

News

നടന്‍ എസ്.ജെ. സൂര്യയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. 'വാലി' എന്ന സിനിമ അണിയിച്ചൊരുക്കി തല അജിത്തിന്‍റെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ച സംവിധായകനാണ് എസ്.ജെ. സൂര്യ. പിന്നീട് വിജയ് യെ നായകനാക്കി 'ഖുഷി' ഉള്‍പ്പെടെ ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍റെ പരിണാമം ഒരു നടനിലേക്കായിരുന്നു. ഇന്ന് തമിഴ്- തെലുങ്ക് ചലച്ചിത്രവേദിയിലെ ഏറ്റവും തിരക്കുള്ള വില്ലന്‍ നടനാണ് എസ്.ജെ. സൂര്യ. അടുത്തുതന്നെ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് എസ്.ജെ. സൂര്യ. അടുത്തിടെ അദ്ദേഹവുമായി ഒരു അഭിമുഖത്തിന് അവസരം കിട്ടിയപ്പോള്‍ ചോദിച്ചു.

ഇന്ന് ഏറ്റവും തിരക്കുള്ള നടനാണല്ലോ താങ്കള്‍. എപ്പോഴെങ്കിലും നിങ്ങള്‍ക്കുള്ളിലെ സംവിധായകന്‍ എത്തിനോക്കാറുണ്ടോ?

ഷൂട്ടിംഗ് സമയത്ത് ആരോടും ഒന്നും ഞാന്‍ സംസാരിക്കാറില്ല. സെറ്റില്‍ നടന്‍ മാത്രമാണ്. റൂമിലുള്ളപ്പോള്‍ ഡിസ്ക്കഷന്‍ സമയത്ത് സംവിധായകരോട് എന്‍റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കും എന്നല്ലാതെ ഷൂട്ടിംഗ് സ്പോട്ടില്‍ ചെന്നശേഷം 'ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം' എന്നുപറയുന്ന ആളല്ല ഞാന്‍. അതിന്‍റെ ആവശ്യം വരാറില്ല. അഥവാ അങ്ങനെ ആവശ്യം വന്നാലും ഞാന്‍ പറയില്ല.

മിക്കവാറും വില്ലന്‍ വേഷങ്ങളാണല്ലോ ചെയ്യുന്നത് ബോറടിക്കുന്നില്ലേ?

ഞാന്‍ അങ്ങനെ കരുതാറില്ല. ഞാന്‍ മുമ്പ് ഹോട്ടലില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നുപോലും 'ഞാന്‍ പോകേണ്ട സ്ഥലം വേറെയാണല്ലോ. ഇപ്പോള്‍ മേശ തുടച്ചുകൊണ്ടിരിക്കുകയാണല്ലോ' എന്ന് ചിന്തിക്കാത്ത ആളാണ്. അന്ന് ടേബിള്‍ തുടയ്ക്കുന്നത് എന്‍റെ ജോലി. അത് നന്നായി ചെയ്യണം. ഭാവിയില്‍ എന്താകണം എന്നതെല്ലാം പിന്നീടത്തെ കാര്യം.

അതുപോലെതന്നെയാണ് ഇപ്പോള്‍ വില്ലനായി അഭിനയിക്കുന്നത് എന്‍റെ ജോലി. അത് നന്നായി ചെയ്യണം.ടേബിള്‍ തുടയ്ക്കുന്ന ജോലിയായാലും, അഭിനയിക്കുന്ന ജോലിയായാലും, സംവിധാനമായാലും എന്‍റെ ജോലി കൃത്യമായിട്ടും ഭംഗിയായിട്ടും ചെയ്യണം. അതാണ് എന്‍റെ സിദ്ധാന്തം. അഭിനയം എനിക്ക് ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഉള്ളില്‍ അല്‍പ്പം എക്സ്ട്രാ സന്തോഷമുണ്ടാവും. ജോലി ഏതായാലും എല്ലാം ഒരുപോലെയാണ്.

വാലി, ഖുഷി എന്നീ സിനിമകളുടെ സമയത്തെ എസ്.ജെ. സൂര്യയും ഇപ്പോഴത്തെ എസ്.ജെ. സൂര്യയും നേര്‍വിപരീതമാണോ? എന്ത് തോന്നുന്നു...?

അങ്ങനെയൊന്നുമില്ല. എന്ത് നടന്നുവോ അത് നന്നായി നടന്നു. ഇപ്പോള്‍ നടക്കുന്നതും നന്നായി നടക്കുന്നുണ്ട്. അപ്പോഴത്തെ മൈന്‍റ്സെറ്റിന് അത്തരത്തിലുള്ള ഔട്ട്പുട്ട് വന്നു. ഇപ്പോഴത്തെ മൈന്‍റ്സെറ്റിന് ഇങ്ങനെയുള്ള ഔട്ട്പുട്ട് വരുന്നു. അത്രയേ ഉള്ളൂ.

വിപിന്‍ദാസിന്‍റെ സംവിധാനത്തില്‍ ഫഹദ്ഫാസിലിനോടൊപ്പം മലയാളത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് കേട്ടു. അതിനെക്കുറിച്ച്?

അതെ. എന്‍റെ ആദ്യത്തെ മലയാള സിനിമയാണത്. അതും ഫഹദിനോടൊപ്പം ഒന്നിച്ച് അഭിനയിക്കുന്നു എന്നത് വളരേയധികം സന്തോഷം പകരുന്നു. അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ആ സിനിമകളൊക്കെ എനിക്ക് ഇഷ്ടവുമായിരുന്നു. എന്നാല്‍ 'ആവേശം'കണ്ടിട്ട് ഞാന്‍ ഫഹദിന്‍റെ തീവ്ര ആരാധകനായി. അത്ര മനോഹരമായി അദ്ദേഹം അതില്‍ വ്യത്യസ്തമായി അഭിനയിച്ചിരുന്നു.
 


LATEST VIDEOS

Interviews