'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് 'ജയിലർ' രജനികാന്ത് നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ബെംഗളൂരുവിൽ നടന്നു വരികയാണ്. ഈ ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രം 'ലാൽ സലാം' ആണ്. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമയിലെ യുവ നടന്മാരായ വിഷ്ണു വിഷാലും, വിക്രാന്തും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ രജനികാന്ത് അഥിതി വേഷത്തിലാണ് വരുന്നത്. ഇതിനായി രജനികാന്ത് 7 ദിവസങ്ങൾ മാത്രമാണത്രെ കാൾഷീട്റ്റ് നൽകിയിരിക്കുന്നത്. തമിഴ് സിനിമയിലെ ഇപ്പോഴത്തെ വമ്പൻ കമ്പനിയായ 'ലൈക്ക'യാണ് 'ലാൽ സലാം' നിർമ്മിക്കുന്നത്. എ.ആർ.റഹ്‌മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
'ജയിലർ', 'ലാൽ സലാം' എന്നീ സിനിമകൾക്ക് ശേഷം രജനികാന്ത് ആരുടെ സംവിധാനത്തിലായിരിക്കും അഭിനയിക്കുക എന്നുള്ള ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ഉയർന്നിരിക്കുന്നത്. അതിന്റെ ഭാഗമായി 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രം സംവിധാനം ചെയ്ത ദേസിങ് പെരിയസാമി, രജനിയെ നായകനാക്കി 'പേട്ട' എന്ന സിനിമ സംവിധാനം ചെയ്ത കാർത്തിക് സുബുരാജ്, രജനിയുടെ 'മുത്തു', 'പടയപ്പാ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കേ.എസ്.രവികുമാർ തുടങ്ങിയവരുടെ പേരുകൾ വാർത്തയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ വേറൊരു സംവിധായകനാണ് രജനിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്തയാണ് കോളിവുഡിൽ പുറത്തു വന്നിരിക്കുന്നത്. അത് ആരാണെന്നാൽ സൂര്യ നായകനായി അഭിനയിച്ചു സൂപ്പർ ഹിറ്റായ 'ജയ്ബീം' എന്ന ചിത്രം സംവിധാനം ചെയ്ത ടി.എസ്.ജ്ഞാനവേലാണ്. തമിഴ്നാട്ടിൽ വലിയ ചർച്ച ഉണ്ടാക്കിയും, സംസാരവിഷയമായും വൻ വിജയം കൊയ്ത ഈ ചിത്രത്തിനെ തുടർന്ന് ടി.എസ്.ജ്ഞാനവേൽ സൂപ്പർസ്റ്റാർ രജനികാന്തിനെയാണ് സവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വിശ്വസനീയ റിപ്പോർട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതേ നേരം ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്കയായിരിക്കുമെന്നുള്ള സൂചനകളും ഉണ്ട്. ഇത് സംബന്ധമായി ടി.എസ്.ജ്ഞാനവേൽ ഈയിടെ രജനികാന്തിനെ നേരിൽ കണ്ടു ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.