തമിഴ്നാട്ടിൽ കുറച്ചു വർഷങ്ങളായി മുൻനിര താരങ്ങളുടെ പുതിയ സിനിമകൾ ഇറങ്ങുമ്പോൾ ഫാൻസ് ക്ലബ് സ്‌ക്രീനിംഗ് എന്ന പേരിൽ അർദ്ധരാത്രിയിലും, അതിരാവിലെയും പ്രദർശനങ്ങൾ നടക്കാറുണ്ട്. ഇങ്ങിനെ നടക്കുന്ന ഫാൻസ് ഷോക്ക് ആരാധകരുടെ കൈയിൽ നിന്നും ടിക്കറ്റ് ചാർജായി 500 രൂപ മുതൽ 3000 രൂപ വരെ ഈടാക്കാറുമുണ്ട്. ഇത് സർക്കാർ നിശ്ചയിച്ച ടിക്കട്റ്റ് നിരക്കിനേക്കാൾ പലമടങ്ങ് കൂടുതലാണ്.
ഇതിനോടനുബന്ധിച്ചാണ് ഈയിടെ അജിത്ത് നായകനായ ‘തുണിവ്’ എന്ന ചിത്രത്തിന്റെയും, വിജയ് നായകനായ 'വാരിസ്സു' എന്ന സിനിമയുടെയും പ്രദർശനങ്ങൾ രാത്രി ഒരു മണിക്കും, നാല് മണിക്കും നടന്നത്. അപ്പോൾ ഈ രണ്ടു താരങ്ങളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയ നിരവധി സംഭവങ്ങളും തമിഴ്നാട്ടിൽ അരങ്ങേറുകയുണ്ടായി. അതിലും പ്രത്യേകിച്ച് ചെന്നൈയിലെ ഒരു തിയേറ്ററിൽ രണ്ട് ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയും, തിയേറ്റർ അടിച്ചു തകർക്കുകയും, ബാനറുകളും, കട്ടൗട്ടുകളും വലിച്ചുകീറുകയും ചെയ്തു വലിയ പ്രശ്നനങ്ങൾ തന്നെ ഉണ്ടാക്കി. എല്ലാറ്റിനുമുപരിയായി, ആ സമയത്ത് റോഡിലൂടെ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര തരത്തിൽ ഗതാഗതം ബാധിക്കുകയും ചെയ്തു. ക്രമസമാധാനം നിലനിർത്താൻ അവിടെ പോലീസ് ഉണ്ടായിരുന്നെങ്കിലും അവരെ കൊണ്ട് സംഘർഷങ്ങൾ നടക്കാതെ അതിനെ ഒഴിവാക്കാൻ സാധിച്ചില്ല.
ഇപ്പോൾ ഭരണത്തിലിരിക്കുന്ന ഡി.എം.കെ. പാർട്ടിയുടെ മന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ റെഡ്‌ജയന്റ് മൂവീസ് എന്ന കമ്പനിയാണ് തമിഴ്നാട്ടിൽ 'തുണിവ്' റിലീസ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് രാത്രിയിലും, അതിരാവിലെയും പ്രദർശനങ്ങൾക്കു സർക്കാർ അനുമതി നൽകിയത് എന്ന വിമർശനം ഉയർന്നിരുന്നു.
ഇങ്ങിനെ ചെന്നൈയിലുള്ള ഒരു തിയേറ്ററിൽ നടന്ന പ്രത്യേക ഷോയുടെ ആഘോഷ തിമിർപ്പിലാണ് ചെന്നൈ സ്വദേശിയും,അജിത്തിന്റെ ആരാധകനുമായ 19 കാരൻ ലോറിയിൽ നിന്ന് വീണ് മരിച്ചത്. ദരിദ്ര കുടുംബത്തിൽ ജനിച്ച ഈ യുവാവിന്റേത് അച്ഛനും, അമ്മയും അടങ്ങിയ ഒരു ചെറിയ കുടുംബമാണ്. സിനിമ, താര ആരാധന എന്നതിന്റെ പേരിൽ മകനെ നഷ്ടമായ ആ മാതാപിതാക്കൾക്കു അനുശോചനം രേഖപ്പെടുതാൻ പോലും ബന്ധപ്പെട്ട താരമോ, ചിത്രത്തിന്റെ അണിയറപ്രവർത്തകരോ, ഭരണാധികാരികളോ മുൻ വരികയുണ്ടായില്ല. തങ്ങളുടെ മാതാപിതാക്കളേക്കാൾ തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളെ സ്നേഹിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരിൽ ഭൂരിപക്ഷവും തങ്ങളുടെ ഭാവികാലം കുറിച്ച് ചിന്തിക്കാറുമില്ല, പ്രവർത്തിക്കാറുമില്ല എന്നുള്ളതാണ് സത്യം.
ചെന്നൈയിൽ ഈയിടെ അരങ്ങേറിയ സംഭവങ്ങളെ തുടർന്ന് നിറയെ സാമൂഹ്യ പ്രവർത്തകർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇതുപോലെയുള്ള സ്പെഷ്യൽ പ്രദർശനങ്ങളെ സർക്കാർ നിരോധിക്കണം. സിനിമാ തിയേറ്ററുകളുടെ പ്രവൃത്തി സമയം രാവിലെ 10 മണി മുതൽ അർധരാത്രി 12 മണി വരെ മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്ന തരത്തിൽ പുതിയ നിയമങ്ങൾ കൊണ്ടുവരണം. സർക്കാർ നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കിനെക്കാട്ടിലും കൂടുതൽ നിരക്കുകൾ ഈടാക്കുന്ന തിയേറ്റർ ഉടമകൾക്ക് തക്ക ശിക്ഷ നൽകണം. അതുപോലെ സിനിമയുടെയും, താര ആരാധനയുടെ പേരിലും നടക്കുന്ന സംഘർഷങ്ങൾ, ഗതാഗത തടസ്സം ഉണ്ടാക്കുന്നവർക്കും സർക്കാർ തക്ക ശിക്ഷ നടപ്പാക്കണം, അതുപോലെ സിനിമാ താരങ്ങളും തങ്ങളുടെ ആരാധകർക്ക് കൃത്യമായ നിർദ്ദേശങ്ങളും, ഉപദേശങ്ങളും നൽകുന്നതോടു കൂടി തങ്ങളുടെ സിനിമകൾ രാത്രിയിലും, അതിരാവിലെയും പ്രദർശിപ്പിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തു സംബന്ധപ്പെട്ടവർകൾക്ക് തക്ക നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഇപ്പോൾ മുൻ വച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ച് ഇനിയൊരു ജീവഹാനി നടക്കാതെ, അനാവശ്യ സംഘർഷങ്ങൾ നടക്കാതെ തടുത്തു നിറുത്തുമോ എന്നത് കാത്തിരുന്നു തന്നെ കണ്ടറിയണം!