NEWS

സംവിധായകന്റെ ചിത്രമായിരിക്കുമോ വേട്ടൈയ്യൻ?

News

രജനികാന്തിന്റെ ആരാധകർ മാത്രമല്ല പൊതുവായുള്ള സിനിമാ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ത.സെ.ജ്ഞാനവേൽ, രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങി 10-ന് റിലീസാകാനിരിക്കുന്ന 'വേട്ടൈയ്യൻ'. 2017-ൽ പുറത്തിറങ്ങിയ 'കൂട്ടത്തിൽ ഒരുത്തൻ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ത.സെ.ജ്ഞാനവേൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വേട്ടൈയ്യൻ'. ഇദ്ദേഹത്തിന്റെ ആദ്യ സംരഭം പരാജയമായിരുന്നെങ്കിലും, ജ്ഞാനവേൽ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമായ 'ജയ് ഭീം' എല്ലാവരുടെയും ശ്രദ്ധ നേടി. സൂര്യ നായകനായ ഈ ചിത്രം കോവിഡ് കാലഘട്ടത്തിൽ OTT പ്ലാറ്റ്‌ഫോമിലാണ് ആദ്യമായി റിലീസായത്. എങ്കിലും ഈ ചിത്രത്തിന് ആരാധകരിൽ നിന്നും, വിമർശകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു. ഇതിന് കാരണം സത്യത്തോട് അടുത്ത് നിൽക്കുന്ന ഒരു യഥാർത്ഥ സംഭവമായിരുന്നു ത.സെ.ജ്ഞാനവേൽ ചിത്രീകരിച്ചിരുന്നത്. ഈ ചിത്രത്തിന് ശേഷം രജനികാന്ത് നായകനാകുന്ന ചിത്രമാണ് ത.സെ.ജ്ഞാനവേൽ സംവിധാനം ചെയ്യാൻ പോകുന്നത് എന്ന വാർത്ത സിനിമാലോകത്തിലുള്ള പലരെയും അമ്പരപ്പിച്ചു. കാരണം ത.സെ.ജ്ഞാനവേൽ രണ്ട് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതിൽ ഒന്നിന് മാത്രമാണ് ആരാധകരിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചത്. അങ്ങിനെയിരിക്കെ ത.സെ.ജ്ഞാനവേലിന് രജനികാന്ത് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള അവസരമോ എന്ന ചോദ്യമാണ് എല്ലാവരിലും ഉദിച്ചത്. എന്നാൽ ചിത്രത്തിൽ രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുപതി, മഞ്ജു വാര്യർ, തുഷാര വിജയൻ, റിഥികാ സിംഗ്, രോഹിണി തുടങ്ങിയ അഭിനേതാക്കളെ ഉൾപ്പെടുത്തിയുള്ള ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായപ്പോൾ എല്ലാവരും വീണ്ടും അമ്പരന്നു. ഇങ്ങിനെ ഒരുപാട് അമ്പരപ്പുകൾ ഉണ്ടാക്കി ഒരുങ്ങിയിട്ടുള്ള സിനിമയാണ് 'വേട്ടൈയ്യൻ' ഇപ്പോൾ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ബുക്കിംഗ് പതിവുപോലെ തകൃതിയായി നടന്നു വരികയാണ്. അതേ സമയം പതിവുപോലെ രജനിയുടെ ചിത്രങ്ങൾക്ക് ലഭിക്കേണ്ട സ്വീകാര്യത ഈ ചിത്രത്തിന് ലഭിക്കുമോ എന്ന സംശയവും ബോക്‌സ് ഓഫീസ് വൃത്തങ്ങളിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രജനികാന്തിൻ്റെ 'ജയിലർ' ഒരു സമ്പൂർണ്ണ വാണിജ്യ സിനിമയായിരുന്നു. എന്നാൽ 'വേട്ടൈയ്യൻ' അത്തരത്തിലുള്ള ഒരു ചിത്രമായിരിക്കില്ലെന്നാണ് റിപ്പോർട്ട്. കാരണം ത.സെ.ജ്ഞാനവേൽ കഥക്കും, കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്ത് സിനിമകൾ ചെയ്യുന്ന ഒരു സംവിധായകനായിട്ടാണ് അറിയപ്പെടുന്നത്. അങ്ങിനെയിരിക്കെ രജനികാന്തിനെ ഒരു കൊമേർഷ്യൽ ഹീറോയായി ചിത്രീകരിച്ച് ഒരു സമ്പൂർണ വാണിജ്യ സിനിമായി വേട്ടൈയ്യനെ ഒരുക്കിയിരിക്കാൻ സാധ്യതയില്ലെന്നാണ് എല്ലാവരുടെയും നിഗമനം. 'ജയ് ബീം' മാതിരി ഈ ചിത്രവും നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് പറയപ്പെടുന്നത്. അതിനാൽ ഈ ചിത്രവും 'ജയ് ബീം' മാതിരി സംവിധായകന്റെ ഒരു ചിത്രമായിരിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 'വേട്ടൈയ്യൻ' സംവിധായകൻ്റെ ചിത്രമായിരിക്കുമോ, രജനികാന്തിൻ്റെ ചിത്രമായിരിക്കുമോ എന്നറിയാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ...


LATEST VIDEOS

Top News