തമിഴകത്തിലെ ഇപ്പോഴത്തെ ചർച്ച വിഷയം നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനമാണ്! താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷയോടെയും, ആകാംക്ഷയോടെയും കാത്തിരിക്കുന്നത്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ്വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ജോലികളും തകൃതിയായി നടന്നു വരുന്നത്. 'ലിയോ'യിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ കൈയോടെ വിജയ് ഇന്നലെ ചെന്നൈയിലുള്ള പനൈയൂരിൽ തന്റെ ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം ജില്ലാ – മണ്ഡലം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നൂറോളം പേർ പങ്കെടുത്ത ഈ യോഗത്തിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ഭാരവാഹികളെ നേരിൽ കണ്ട് ചർച്ച വിജയ് ചർച്ച നടത്തിയത്രെ! ഈ യോഗത്തിൽ യുവ വോട്ടർമാരെ ആകർഷിക്കാൻ എന്ത് ചെയ്യണമെന്നും വിജയ് ചർച്ച നടത്തിയത്രെ!
കുറച്ചു കാലത്തേയ്ക്ക് സിനിമയിൽ നിന്നും അവധിയെടുത്ത് 2026-ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനാണത്രെ വിജയ് ലക്ഷ്യം വച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ തനിക്കു ലഭിക്കുന്ന വിജയ, പരാജയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമത്രേ വിജയ് സിനിമയിൽ തുടരുകയാണോ വേണ്ടത്, അല്ലെങ്കിൽ മുഴുവനുമായി രാഷ്ട്രീയത്തിലിറങ്ങുകയാണോ വേണ്ടത് എന്ന് തീരുമാനിക്കുന്നത്.
ഇതിന്റെ ഭാഗമായി വിജയ് തമിഴ്‌നാട്ടിലുടനീളം പാദ യാത്ര നടത്താനും പദ്ധതിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. കാരണം ജനങ്ങളെ നേരിട്ട് കണ്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാനാണത്രെ ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം 'ലിയോ' സിനിമയുടെ ഓഡിയോ പ്രകാശനം മധുരയിൽ നടത്താനും വിജയ് ആലോചിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്. ചെന്നൈക്ക് അടുത്തതായി ആരാധകരും, പൊതുജനങ്ങളും അധികളവിൽ ഒത്തുചേരുന്ന സ്ഥലമാണ് മധുര. ഇന്നലെ നടന്ന യോഗത്തെ തുടർന്ന് വിജയ് മക്കൾ ഇയക്ക ജില്ലാ – മണ്ഡല ഭാരവാഹികളുമായി ഇന്നും വിജയ് ആലോചന തുടരുകയാണ്. ഈ യോഗത്തിൽ വിജയ് എടുക്കുന്ന ഏതു തീരുമാനത്തിനും തങ്ങളുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് വിജയ് മക്കൾ ഇയക്ക ഭാരവാഹികളും പ്രഖ്യാപിച്ചിട്ടുണ്ടത്രെ! 'ലിയോ'യ്ക്ക് അടുത്തു വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണല്ലോ വിജയ് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും വിജയ് 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി പ്രവർത്തിക്കാനാണത്രെ തീരുമാനിച്ചിരിക്കുന്നത്.
ഇങ്ങിനെ വിജയ് എടുക്കുന്ന ഓരോ തീരുമാനങ്ങളെയും ശ്രദ്ധിച്ചും, വിമർശിച്ചും വരികയാണ് തമിഴ്നാട്ടിൽ പ്രവർത്തിച്ചുവരുന്ന മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ! കാരണം എം.ജി.ആർ., ജയലളിത തുടങ്ങിയ സിനിമാ താരങ്ങളെ മുഖ്യമന്ത്രി പദവികളിൽ എത്തിച്ച ജനതയാണ് തമിഴ്നാട്ടിൽ ഉള്ളത്!