NEWS

ഒരു നീണ്ട മാരത്തോണ്‍ ലക്ഷ്യവുമായി... -Kannan Nayar

News


'മുറ'യുടെ കുടുംബത്തിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. 'സ്താനാര്‍ത്തി ശ്രീക്കുട്ടനും' എന്‍റെ കുടുംബത്തിലെ സിനിമയാണ്: കണ്ണന്‍നായര്‍

മുറയും സ്താനാര്‍ത്തി ശ്രീക്കുട്ടനും... കഴിഞ്ഞവര്‍ഷം കളറായിരുന്നല്ലോ...?

അതേ.. അതേ.. 2024 എന്തുകൊണ്ടും നല്ല വര്‍ഷമായിരുന്നു. രണ്ട് പ്രധാനപ്പെട്ട സിനിമകളില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു. പേര്‍സണലിയും ഇഷ്ടപ്പെട്ട രണ്ട് ഫാമിലി. മുറയുടെ ഫാമിലിയിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയായിരുന്നേല്‍ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്‍റെ കുടുംബത്തിലെ സിനിമയായിരുന്നു. മുസ്തഫ ഇക്കയുടെ(മുഹമ്മദ് മുസ്തഫ) കപ്പേളയ്ക്ക് ശേഷമുള്ള സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തിരുവനന്തപുരമാണ് ഞങ്ങളുടെ തട്ടകം എന്നുള്ളതുകൊണ്ട് അവിടുത്തെ കഥ പറയുന്ന മുറയുടെ ഭാഗമാവാന്‍ സാധിച്ചു എന്നതില്‍ ഇരട്ടി മധുരമാണ്. രണ്ടും തീയേറ്ററുകളിലും വലിയ സ്വീകാര്യത ലഭിച്ചു. പുതിയ വര്‍ഷവും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സുനിയണ്ണനെ നമ്മള്‍ സാധാരണ കാണുന്ന ഗുണ്ടാഗ്യാങ്ങിലെ ഒരാളെപ്പോലെ തോന്നിയില്ലേ?

എന്‍റെ ഒരു തിയേറ്റര്‍ പെര്‍ഫോമന്‍സ് കണ്ടാണ് മുസ്തഫക്ക എന്നെ സുനിയണ്ണനിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. ഇത്രയും മുഴുനീള സിനിമയായിരിക്കുമെന്ന് കരുതിയിരുന്നില്ല. കേട്ടപ്പോള്‍ ഇതെനിക്ക് ഉള്ളതുതന്നെയെന്ന് ഒരു സെല്‍ഫ് ഡൗട്ട് ഉണ്ടായെന്നുപറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ല. അനിയണ്ണന്‍റെ വലം കയ്യാണ് സുനി. സുനിയെ ശ്രദ്ധിച്ചാല്‍ അറിയാം അയാള്‍ സുനി മാത്രമുള്ള സ്പേസില്‍ വേറെയൊരു ബന്ധവും എല്ലാവരും നില്‍ക്കുമ്പോള്‍ മറ്റൊരു രീതിയിലുമാണ്. ജീവിച്ചിരിക്കുന്ന ഒരുപാട് സുനിമാരെ അറിയാം.

അതുകൊണ്ടുതന്നെ അതിലേക്ക് വേഷപ്പകര്‍ച്ച നടത്താന്‍ എളുപ്പമായിരുന്നു. പിന്നെ സുനിയെ എഴുതിയ സുരേഷേട്ടനാണെങ്കിലും മുസ്തഫിക്ക ആണെങ്കിലും കൃത്യമായി സുനിയെക്കുറിച്ച് പറഞ്ഞുതന്നിരുന്നു. തിരുവനന്തപുരം സ്ലാങ് കൂടെ വന്നപ്പോള്‍ സുനിയെ വൃത്തിയായി അവതരിപ്പിക്കാന്‍ സാധിച്ചു. സുനിക്ക് വ്യക്തമായ നിലപാടുകളും ഐഡന്‍റിറ്റിയുമുണ്ട്. സാധാരണ പ്രധാന ഗുണ്ടയ്ക്കൊപ്പം വെറുതെ ഡമ്മി പോലെ നടക്കുന്ന ഒരാള്‍ അല്ല സുനി. അയാള്‍ക്ക് പറയാനുള്ളത് അത് എവിടെയാണെങ്കിലും കൃത്യമായി പറയുന്നുണ്ട്. അതിപ്പോള്‍ അനിയണ്ണന്‍ മിണ്ടാതെ ഇരിക്കുന്ന സീനില്‍ ആണെങ്കിലും.

സുനിയെ അവതരിപ്പിക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും തയ്യാറെടുപ്പുകള്‍ എടുത്തിരുന്നോ...?

നേരത്തെ പറഞ്ഞപോലെ സുനിമാര്‍ നമ്മുടെ ചുറ്റുമുണ്ട്. സുനിക്ക് ഒരു ബാക്ക് സ്റ്റോറി ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഫാമിലിയൊക്കെയായി ജീവിക്കുന്ന ഒരു മനുഷ്യന്‍. പണ്ടപ്പോഴെങ്കിലും അനിയണ്ണന് വേണ്ടി സുനി ജയിലില്‍ പോയിരിക്കണം. അതായിരിക്കണം അനിക്ക് സുനിയോട് ബോണ്ട് ഉണ്ടാവാന്‍ കാരണം. അയാള്‍ക്ക് അത്രയും സ്പേസ് കിട്ടാനും അതാണ് കാരണം. പയ്യന്മാര്‍ തലയില്‍ കയറുന്നപോലെ തോന്നുന്നതും അതൊക്കെ കൊണ്ടായിരിക്കണം. പിന്നെ സുനിക്ക് പ്രതിരോധിക്കാനൊന്നുമുള്ള ഫിസിക്കല്‍ പവറില്ല. അതാണ് ക്ലൈമാക്സില്‍ അയാളെ വെട്ടി പരിക്കേല്‍പ്പിക്കുമ്പോഴും തിരിച്ചൊന്നും ചെയ്യാന്‍ കഴിയാത്തതും തനിക്ക് രണ്ട് പെണ്‍മക്കള്‍ ഉണ്ടെന്നൊക്കെ സുനി പറയുന്നതും.

സ്താനാര്‍ത്തി ശ്രീക്കുട്ടനിലെ ഗുപ്തന്‍ മാഷ് നേരെ തിരിച്ചാണല്ലോ...?

സുനിയും ഗുപ്തന്‍ മാഷും രാപ്പകല്‍ വ്യത്യാസമുണ്ട്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍റെ ആദ്യ സിനിമ. ഞങ്ങളുടെയും ആദ്യത്തെ സിനിമ. തിരുവനന്തപുരത്ത് ഒരു വീട്ടില്‍ ഒരുമിച്ച് സ്വപ്നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാര്‍. വര്‍ഷങ്ങളോളം സിനിമയോടൊപ്പം നിന്ന എന്‍റെ പ്രിയസുഹൃത്തുക്കള്‍. ഒരു കുടുംബംപോലെ നിന്ന ഞങ്ങളുടെ സിനിമയാണിത്. സംവിധായകന്‍ വിനീഷ് ആണെങ്കിലും എഴുത്തുകാര്‍ മുരളി, ആനന്ദ് മന്മദന്‍, കൈലാഷ്.. അങ്ങനെ സിനിമയുടെ അകത്തും പുറത്തുമെല്ലാം ജോലി ചെയ്തിരിക്കുന്നത് സുഹൃത്തുക്കളാണ്. ഇതിന്‍റെ ആദ്യപടി മുതലേ ഞങ്ങള്‍ എല്ലാം പടത്തില്‍ ഇന്‍ ആണ്. പിന്നീട് ഏത് കഥാപാത്രം ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. 

ഗര്‍ഭിണിയായ ചിത്ര ടീച്ചറുടെ ഭര്‍ത്താവ് ഗുപ്തന്‍ മാഷ്. അവളുടെ സ്വീറ്റായ ഒരാള്‍. കുട്ടികള്‍ക്കൊക്കെ കാര്യമുള്ള ഒരു മാഷ്. വലിയ സിനിമകള്‍ക്കൊപ്പം വന്ന സ്താനാര്‍ത്തി ശ്രീക്കുട്ടനെയും ടീമിനെയും കാണാന്‍ പ്രേക്ഷകര്‍ ഓടിയെത്തി. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് സിനിമ എത്തിപ്പെട്ടു. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കാണാന്‍ വന്നവരുടെ എണ്ണവും കൂടി. ഇത് പുതിയതായി ഇന്‍ഡസ്ട്രിയിലേക്ക് എത്തുന്ന ഓരോ സിനിമാ പാഷനേറ്റിനും ഇത് പ്രചോദനമാവുമെന്ന് ഉറപ്പാണ്. സിനിമയുടെ കാന്‍വാസിനപ്പുറം കണ്ടന്‍റ് വാല്യൂ ഉള്ള സിനിമകള്‍ ഇവിടെ സ്വീകരിക്കപ്പെടും എന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്.

17 വര്‍ഷം സിനിമയുടെ ഓരം ചേര്‍ന്നുനടന്നു. അതൊരു ചെറിയ കാലയളവല്ല?

അല്ല, ഒരിക്കലും അതൊരു ചെറിയ കാലയളവല്ല. പതിനേഴ് വര്‍ഷങ്ങള്‍ എന്‍റെ മാത്രം ചോയ്സായിരുന്നു ഇവിടെയാണ് എന്‍റെ ഇടം എന്നത്. അഭിനയം മാത്രമാണ് സന്തോഷം നല്‍കുന്നത്. അതറിഞ്ഞിട്ടും എങ്ങനെയാണ് ഈ സ്പേസില്‍ നിന്ന് മാറിനില്‍ക്കുക. നാടകവും സിനിമയും ജീവവായുപോലെയാണ്. കഴിയുവോളം ഇത് രണ്ടും കൂടെക്കൂട്ടാന്‍ തന്നെയാണ് തീരുമാനവും. ഈ പതിനേഴ് വര്‍ഷങ്ങളില്‍ ഞാന്‍ എന്ന അഭിനേതാവിനെ  വേണ്ടുവോളം എക്സ്പോസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. 

നാടകത്തില്‍ എനിക്ക് സംതൃപ്തി ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷമാണ് കൊമേഴ്സ്യലി ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. സെക്സി ദുര്‍ഗയിലെ നായകവേഷം ശ്രദ്ധ നേടിയെങ്കിലും അതൊരിക്കലും കൊമേഴ്സ്യല്‍ ശ്രദ്ധ കിട്ടിയിരുന്നില്ല. ഡയലോഗ് പോലുമില്ലാത്ത ചെറിയ വേഷങ്ങള്‍ ചെയ്യുമ്പോഴും നാളെ എന്‍റെ ദിവസമായിരിക്കുമെന്ന ആത്മവിശ്വാസം വിടാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിജീവനത്തിന്‍റെ, അവഗണനയുടെ, അലച്ചിലിന്‍റെ, അനുഭവത്തിന്‍റെ മധുരപ്പതിനേഴ് വര്‍ഷങ്ങള്‍... ക്ഷീണം ഇല്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്. നീണ്ട മാരത്തോണാണ് ലക്ഷ്യം.

 


LATEST VIDEOS

Interviews