നടി നിത്യാ ദാസിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചതുപോലും അറിയാതെ പോയ ആരാധികയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുടി കത്തുന്നത് പെട്ടന്നു തന്നെ നടി കണ്ടതോടെ ഒഴിവായത് വലിയ ദുരന്തമാണ്.
കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു പ്രിയ താരം നിത്യ ദാസ്. നടന്‍ മാമൂക്കോയയ്‌ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയുമായി സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു. നിത്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി എത്തിയ രണ്ട് സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. ശേഷം ഫോട്ടോയ്ക്ക് പോസ് കൊടുത്തു നിൽക്കവെ പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. തീ മുടിയിൽ നന്നായി കത്തി തുടങ്ങിയപ്പോള്‍ നിത്യ ദാസ് കാണുകയും നടി പേടിച്ച് കൂവി വിളിച്ചപ്പോഴാണ് മറ്റുള്ളവരും അത് കണ്ടത്.പെട്ടെന്ന് തീ അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല.
‘‘സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടെന്ന് താന്‍ പേടിച്ചു പോയി’’ എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വിഡിയോയില്‍ കാണാം. അപകടത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്ന നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോൾ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവരെ വിളിക്കുന്നതും വിഡിയോയിൽ കാണാം.
=പേടിച്ചുപോയ അവരെ സമാധാനിപ്പിച്ച ശേഷം ഒന്നിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. നിത്യയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.