NEWS

അതെ, ശിവദാസ് കണ്ണൂര്‍ പോലീസ് ഉദ്യോഗസ്ഥനാണ്... ചലച്ചിത്ര നടനാണ്...

News

പോലീസുകാരനാവാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പോലീസുകാരനായി നടനാകാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. സിനിമാനടനായി, ഇത് രണ്ടുമായത് ഒരാള്‍ തന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം. അതെ, ശിവദാസ് കണ്ണൂര്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ചലച്ചിത്ര നടനാണ്. ഇതിനകം നാല് ഷോര്‍ട്ട് ഫിലിം ഉള്‍പ്പെടെ നാല്‍പ്പത്തിയഞ്ചില്‍പ്പരം സിനിമയില്‍ അഭിനയിച്ച ശിവദാസ് കണ്ണൂര്‍ ഫോട്ടോഗ്രാഫിയിലും ചെണ്ടമേളത്തിലും തന്‍റെ പ്രാവീണ്യം തെളിയിച്ച കലാകാരനാണ്.

ഐ.വി. ശശി സംവിധാനം ചെയ്ത ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ചിത്രീകരണം തലശ്ശേരിയില്‍ നടക്കുന്ന സമയം. മമ്മൂട്ടിയുടെ വലിയ ആരാധകനായിരുന്ന മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശിവദാസ് പ്രിയതാരത്തെ കാണാന്‍ ലൊക്കേഷനിലെത്തി. ഷൂട്ടിംഗ് സ്ഥലത്തെ അവിശ്വസനീയമായ തിരക്ക് കണ്ട് ശിവദാസും കൂട്ടരും അമ്പരന്നു. ഒടുവില്‍  മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞില്ലായെന്ന് മാത്രമല്ല, പോലീസുകാരുടെ അടിയും വാങ്ങിയിട്ടാണ് ശിവദാസ് നിരാശയോടെ മടങ്ങിയത്.

കാലം ഏറെ കടന്നുപോയി. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ്' എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പൂജാച്ചടങ്ങ് മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യതിരി തെളിയിച്ചു. ഭദ്രദീപത്തിലെ അവസാനം തിരി തെളിയിച്ചത് കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ പി. ശിവദാസ്. തിരി തെളിയിക്കാന്‍ ശിവദാസിനെ ക്ഷണിച്ചത് ചെറുപ്പത്തിലെ തന്നെ ഇഷ്ടതാരമായി മനസ്സില്‍ കടന്നുകൂടിയ സാക്ഷാല്‍ മമ്മൂട്ടി.

മാത്രമല്ല, ആ സിനിമയില്‍ ഡി.വൈ.എസ്.പി. ശേഖര്‍ എന്ന കഥാപാത്രമാവാന്‍ ശിവദാസിനെ നിര്‍ദ്ദേശിച്ചതും മഹാനടന്‍ മമ്മൂട്ടിതന്നെ.

'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലാണ് ശിവദാസ് കണ്ണൂര്‍ ആദ്യമായിട്ട് അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ യഥാര്‍ത്ഥ പോലീസുകാര്‍ തന്നെ അഭിനയിക്കണമെന്നായിരുന്നു അണിയറക്കാരുടെ തീരുമാനം. മരുമകന്‍ അര്‍ജ്ജുന്‍ദേവ് ഫേസ്ബുക്കില്‍ നിന്നും ശിവദാസിന്‍റെ ഫോട്ടോയെടുത്ത് അദ്ദേഹമറിയാതെ സിനിമാക്കാര്‍ക്ക് അയച്ചുകൊടുത്തു. ഒരു ദിവസം ശിവദാസിന് ഒരു ഫോണ്‍കോള്‍. ഓഡിഷന് എത്തണമെന്നായിരുന്നു ആവശ്യം.

മരുമകന്‍ ഒപ്പിച്ച 'പണി' അറിയാത്തതിനാല്‍ ആരോ പറ്റിക്കാന്‍ വിളിച്ചതാണെന്ന് കരുതി അല്‍പ്പം കയര്‍ത്തു സംസാരിച്ചു. പിന്നീട് മരുമകന്‍ കാര്യം പറഞ്ഞപ്പോള്‍ രഞ്ജിത്ത് എന്ന അസിസ്റ്റന്‍റ് ഡയറക്ടറെ വിളിച്ച് തനിക്ക് അഭിനയിക്കാനറിയില്ലെന്നും മാത്രമല്ല സിനിമയുമായി മുന്‍പരിചമില്ലെന്നും പറഞ്ഞു. എന്നാലും ഓഡിഷനെത്താനായിരുന്നു നിര്‍ദ്ദേശം. കാസര്‍ഗോഡായിരുന്നു ഓഡിഷന്‍.

മൂന്നാം നാള്‍ സെറ്റില്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍ വന്നുചോദിച്ചു.
'കുറച്ചുദിവസത്തേയ്ക്ക് അവധിയെടുക്കാന്‍ പറ്റുമോ' എന്ന്. പിന്നീടാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്. ശിവദാസ് കണ്ണൂര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അങ്ങനെ സിനിമാക്കാരനായി.

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ അമ്പലക്കമ്മിറ്റി പ്രസിഡന്‍റ്, കക്ഷി അമ്മിണിപ്പിള്ളയിലെ അമ്മാവന്‍, ഓട്ടര്‍ഷയിലെ ഓട്ടോക്കാരന്‍ രാജന്‍, തുറമുഖത്തിലെ ആംഗ്ലോ ഇന്ത്യന്‍ വംശജന്‍, കണ്ണൂര്‍ സ്ക്വാഡിലെ റിട്ട. എസ്.ഐ പ്രേമചന്ദ്രന്‍, ഹിഗ്വിറ്റയിലെ വില്ലന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ശിവദാസ് കണ്ണൂര്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി. 'കനകം കാമിനി കലഹം', 'ഈട', 'സ്റ്റേറ്റ് ബസ്,' 'ഒരു ജാതി ജാതകം' തുടങ്ങി വേറെയും നിരവധി ചിത്രങ്ങള്‍ കണക്കിലുണ്ട്. സിനിമാഭിനയത്തിന് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചുവരുന്നതായി ശിവദാസ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ വലിയ മോഹം.

റിട്ടയര്‍മെന്‍റിനുശേഷം അഭിനയത്തോടൊപ്പം ചെണ്ടമേളം കൊഴുപ്പിക്കാനും കൊതിയുണ്ട്. ചെറുതാഴം കുഞ്ഞിരാമന്‍, ചെറുതാഴം ചന്ദ്രന്‍ എന്നിവരാണ് ചെണ്ടമേളത്തിലെ ഗുരുക്കന്മാര്‍. 'മട്ടന്നൂര്‍ പഞ്ചവാദ്യ സംഘ'ത്തില്‍ അംഗമായ ശിവദാസ് കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മേളവിദഗ്ദ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കൊപ്പം വേദി പങ്കിടാനുള്ള അവസരവും ലഭിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ ശിവദാസ് പറഞ്ഞു.

1993 ല്‍ ശിവദാസ് പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിലെത്തി. 2016 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു. പലതവണ ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. രാജേഷ് സംവിധാനം ചെയ്യുന്ന ഷറഫുദ്ദീന്‍, വിനയ്ഫോര്‍ട്ട്, ലിജിമോള്‍ ചിത്രം 'സംശയം', ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിജുവില്‍സന്‍, രഞ്ജിപണിക്കര്‍, ശാരി ചിത്രം 'പോലീസ് സ്റ്റോറി,چ വിജീഷ് വാസുദേവ് സംവിധാനം ചെയ്യുന്ന ഒരു ആന്തോളജി സിനിമ എന്നിവയാണ് ശിവദാസ് കണ്ണൂരിന്‍റെ റിലീസ് ചിത്രങ്ങള്‍. 

ഭാര്യ സ്മിത. മകന്‍ സാരംഗ്, കണ്ണൂര്‍ ചിന്തക് ചാല എം.സി.എ വിദ്യാര്‍ത്ഥിയാണ്. മകള്‍ സംയുക്ത നര്‍ത്തകിയും ബാംഗ്ലൂര്‍, മൗണ്ട് കാര്‍മല്‍ കോളേജ് എം.എസ്.സി വിദ്യാര്‍ത്ഥിനിയുമാണ്.

 


LATEST VIDEOS

Interviews