സംവിധായകനായ ഷാഫിയുടെയും ബിനു ജോസഫിന്റെയും സുനില്ശര്മ്മയുടെയും രചനയില്‍ ഉരുത്തിരിഞ്ഞ ഒരു പഴയ ബോംബ് കഥ അസാധാരണമായ സിനിമയോ ചലച്ചിത്രകാവ്യമോ ഒന്നുമല്ല. പക്ഷേ സിനിമ ഇഷ്ടപ്പെടുന്ന ഒരു ശരാശരി പ്രേക്ഷകനെ രണ്ടേകാല്‍ മണിക്കൂര്‍ രസിപ്പിക്കാന്‍ പാകത്തിലാണ് സംവിധായകന് ചിത്രം ഒരുക്കിയിരിക്കുന്നത്.
അംഗപരിമിതിയുള്ള ഒരു യുവാവിന്റെ കഥ ഇത്ര നര്‍മ്മബോധത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംവിധായകനായ ഷാഫിക്ക് അഭിമാനിക്കാം. ഇതിനുമുമ്പും ഇത്തരം സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അംഗപരിമിതിയുള്ള കഥാപാത്രത്തെ നായകനാക്കിയുള്ള ചിത്രങ്ങള്‍ വിരളമാണ്. ചിത്രത്തിന്റെ പ്ലസ് പോയിന്റും പുതുമയും ബിബിന്ജോര്ജ്ജെന്ന നായകനടന്റെ അരങ്ങേറ്റം തന്നെയാണ്. (റോള്‍ മോഡല്‍സില്‍ പ്രതിനായകനായി ഒന്നുരണ്ട് സീനുകളില്‍ അഭിനയിച്ചിട്ടുള്ള കാര്യം വിസ്മരിക്കുന്നില്ല).
ഒരു ഗ്രാമവിശുദ്ധിയില്‍ പറഞ്ഞിരിക്കുന്ന കഥയില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രം. പ്രധാന കഥാപാത്രങ്ങളായ രണ്ട് യുവാക്കള്‍; ഒന്നരയും, ഒന്നരയും- നായകനും സുഹൃത്തും. ആദ്യത്തെ ഒന്നരയായ അംഗപരിമിതിയുള്ള നായകന് ബിബിന്ജോര്ജ്ജിന്റെ രംഗപ്രവേശം നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിലേക്ക് ഓടിക്കയറുന്നതാണ്. അതോടൊപ്പംതന്നെ അദ്ദേഹം പ്രേക്ഷകമനസ്സിലേക്കും കയറിക്കൂടുന്നു. ഒരു നായകകഥാപാത്രത്തിന് വേണ്ട എല്ലാ ചേരുവകളും ഷാഫി ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രണയം, പ്രണയനൈരാശ്യം, ഹ്യൂമര്‍, സെന്റിമെന്റ്സ് എന്തിനേറെ പറയുന്നു തന്റെ അംഗപരിമിതിയില്‍ നിന്നുകൊണ്ടുതന്നെ എതിരാളിയെ തറപറ്റിക്കുന്നതെല്ലാം തികഞ്ഞ അടക്കത്തോടെ ഒരു പുതുമുഖമെന്ന തോന്നലുളവാക്കാത്ത രീതിയില്‍ തന്നെ ബിബിന്‍ അഭിനയിച്ചു. അത്ഭുതങ്ങള്‍ തീര്‍ക്കുന്ന സിനിമാമേഖലയ്ക്ക് ഈ യുവനടന് മുതല്കൂട്ടാകുമെന്നുതന്നെ കരുതാം.
ഹരീഷ് കണാരന് അവതരിപ്പിക്കുന്ന ഭവ്യനാണ് അടുത്ത ഒന്നര. വെറും കോമഡി മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് ഹരീഷ് തെളിയിക്കുന്ന ചിത്രം കൂടിയാണ് ഒരു പഴയ ബോംബ് കഥ. തീര്‍ച്ചയായും നായകനോളം പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഹരീഷിനും കഴിയുന്നുണ്ട്.
ബിബിന്റെ ശ്രീക്കുട്ടനും ഹരീഷ് പേരടിയുടെ ഭവ്യനും നായികയായിവരുന്ന പ്രയാഗമാര്ട്ടിന്, വിജയരാഘവന്, ഹരിശ്രീ അശോകന്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുമ്പോള്‍ ബാലചന്ദ്രന് ചുള്ളിക്കാടിന്റെയും കുളപ്പുള്ളി ലീലയുടെയും കഥാപാത്രങ്ങള്‍ ചിത്രത്തിന് കല്ലുകടിയായെന്ന് പറയാതെ വയ്യ.
വിനോദ് ഇല്ലമ്പിള്ളിയുടെ ഛായാഗ്രഹണം കണ്ണിന് കുളിര്‍മ്മ നല്കുന്നു. അരുണ്‍രാജിന്റെ സംഗീതത്തിലെ രണ്ട് ഗാനങ്ങള്‍ പ്രേക്ഷകരെ താളം പിടിപ്പിക്കും.
യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ നിര്‍മ്മിച്ചിരിക്കുന്ന ഒരു പഴയ ബോംബുകഥ യാതൊരു മുന്‍വിധികളുമില്ലാതെ തിയേറ്ററിലേക്ക് വരുന്ന പ്രേക്ഷകരെ രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.
No comments Yet