'ഉപചാരപൂര്‍വ്വം ഗുണ്ട ജയ'നില്‍ നായിക പ്രാധാന്യമുള്ള വേഷം, പിന്നീട് എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടിയില്ല? നയന പ്രസാദ് പറയുന്നു...
ഈ ചോദ്യം പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും എല്ലാവരെയും കണ്‍വിന്‍സ് ചെയ്യുന്ന ഉത്തരം എന്‍റെയരികില്‍ ഇല്ലാത്തതുകൊണ്ട് പലയിടങ്ങളിലും മൗനം പാലിക്കേണ്ടിവന്നു. ഗുണ്ട ജയനുശേഷം നിരവധി അവസരങ്ങള്‍ വന്നു. പലതും ഓഡിഷനും സ്ക്രീന്‍ ടെസ്റ്റിന് ശേഷവും വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. അതിന് കാരണം എല്ലാത്തിനുശേഷവും അവരുടെ ഭാഗത്തുനിന്നുണ്ടായ ഒരു കാള്‍ ആയിരിക്കും. പലതരത്തിലുള്ള അഡ്ജസ്റ്റ്മെന്‍റുകള്‍ക്ക് ഞാന്‍ യെസ് എന്ന് പറഞ്ഞിരുന്നേല്‍ ആ അവസരങ്ങള്‍ എന്നിലേക്ക് തന്നെ വന്നേനെ... പക്ഷേ അതിനെല്ലാം എന്‍റെ അടുത്തുനിന്ന് വന്ന നോ കള്‍ തന്നെയാണ് എനിക്ക് സിനിമകള്‍ ഇല്ലാതെയായതും..' ഗുണ്ടാജയന്‍ എന്ന ഒറ്റ സിനിമ മതി നയനപ്രസാദ് എന്ന അഭിനേത്രിയെ ഓര്‍ത്തെടുക്കാന്‍. എന്നാല്‍ തന്‍റെ ഇഷ്ടപ്പെട്ട പാഷനില്‍ ബ്രേക്ക് എടുത്ത് നയന ഇന്ന് പഠിച്ച അതേ കരിയറില്‍ ജോലി ചെയ്യുന്നു... തന്‍റെ വിശേഷങ്ങള്‍ നയന നാനയോട് പങ്കുവയ്ക്കുന്നു...
ഞാന്‍ ഹാപ്പിയാണ്
ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ എനിക്കിഷ്ടമുള്ള കരിയറില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. അതുകൊണ്ടുതന്നെ ഞാന്‍ ഹാപ്പിയാണ്. ഗുണ്ടാജയനില്‍ നായികാ പ്രാധാന്യമുള്ള വേഷം ചെയ്തപ്പോള്‍ ഞാന്‍ കരുതിയത് ഇനി അങ്ങോട്ട് സിനിമാ കരിയറില്‍ ഞാന്‍ തിരക്കുള്ള അഭിനേത്രിയാവുമെന്നായിരുന്നു. സിനിമ എനിക്ക് വിദൂരമായ ഒരു സ്വപ്നമായിരുന്നു. അവിടെ ഒരു ഗോഡ്ഫാദറുമില്ലാതെ എത്തിപ്പെട്ടെങ്കില്‍ എനിക്ക് അവിടം നിലനില്‍ക്കാന്‍ കഴിയുമെന്നായിരുന്നു എന്‍റെ ധാരണ. പക്ഷേ എങ്കില്‍ അതങ്ങനെയല്ല. മലയാള സിനിമയില്‍ എന്‍ട്രിയും അതേപോലെ ഇവിടെ നിലനില്‍ക്കുക എന്നതും എന്നെ സംബന്ധിച്ച് വലിയ ടാസ്ക്കായിരുന്നു.
ഗുണ്ടാജയനുശേഷം ഒരുപട് നല്ല അവസരങ്ങള്‍ വന്നുവെങ്കിലും പല കോംപ്രമൈസുള്‍ക്ക് നോ പറഞ്ഞത് അവസാനം നിമിഷം വേഷങ്ങള്‍ മാറിപ്പോവാന്‍ കാരണമായി. ഒരുപാട് വര്‍ഷങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്ന പോലെയൊരു കഥാപാത്രത്തിനായി കാത്തിരുന്നു. പരിശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ നിരാശ മാത്രമായിരുന്നു അവസാനം. പലപ്പോഴും പാഷനുവേണ്ടി വരുന്ന കാളുകളോട് നോ പറയേണ്ടി വന്നപ്പോള്‍ എന്‍റെ ഏറ്റവും വലിയ ആത്മവിശ്വാസം ഞാന്‍ പഠിച്ച നഴ്സിംഗ് തന്നെയായിരുന്നു. ഒന്നുമല്ലെങ്കില്‍ പഠിച്ച പ്രൊഫഷന്‍ സ്വീകരിക്കാന്‍ എനിക്കൊരു ഓപ്ഷന്‍ ഉണ്ടല്ലോ.
അതുപോലുമില്ലാത്ത എത്ര പേരായിരിക്കും സിനിമയില്‍ എത്തിപ്പെട്ട് സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടാവുക. ഡിപ്രഷനിലേക്ക് പോവുന്നതിന് മുന്‍പ് ഞാന്‍ പഠിച്ച എന്‍റെ പ്രൊഫഷനിലേക്ക് മാറി. ഇപ്പോള്‍ ഞാന്‍ കോഴിക്കോട്ട് അധ്യാപികയായി ജോലി ചെയ്യുകയാണ്. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തുനില്‍ക്കുന്നു. സിനിമയില്‍ നല്ല അവസരങ്ങള്‍ക്കായി വെയിറ്റ് ചെയ്യുന്നു.
സിനിമയോടുള്ള കൊതി
സിനിമയോട് ഇഷ്ടം എന്നുപറയുന്നതിനേക്കാള്‍ കൊതി എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്. ചെറുപ്പം മുതല്‍ പത്രത്തില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനെ ആവശ്യമുണ്ടെന്ന പരസ്യചിത്രം കാണുമ്പോള്‍ എനിക്കത് വേണമെന്ന് തോന്നാറുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ഒരുങ്ങി ഫോട്ടോകള്‍ എടുക്കുക എന്നതും സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. നാനയും അതുപോലെയുള്ള മാഗസിനുകളിലെ സിനിമാവാര്‍ത്തകളും ചിത്രങ്ങളും നോക്കുക എന്നത് ചെറിയ പ്രായത്തിലേ സന്തോഷകാര്യമായിരുന്നു.
വലുതാവുന്നതനുസരിച്ച് ആ ഇഷ്ടം കൂടിവരികയായിരുന്നു. സ്ക്കൂള്‍ കാലഘട്ടത്തില്‍ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലും സ്മാര്‍ട്ടായി പങ്കെടുക്കുന്ന ഒരാളായിരുന്നു ഞാന്‍. പിന്നീട് നഴ്സിംഗില്‍ ജോയിന്‍ ചെയ്യുന്നു. ചെറിയ രീതിയില്‍ മോഡലിംഗ് തുടങ്ങി. അങ്ങനെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. നീലി എന്ന സിനിമയിലൂടെ സിനിമാമേഖലയിലെത്തി. പിന്നീട് ശക്തന്‍ മാര്‍ക്കറ്റ്, ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍, സായാഹ്ന വാര്‍ത്തകള്‍, 2018 തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചു.