അമ്മ ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല. എങ്കിലും ഞാന്‍ സിനിമയില്‍ ഓരോ പടവും കയറുമ്പോഴും അമ്മയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എന്‍റെ കൂടെയുണ്ടെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.... -വിജയലക്ഷ്മി വീരമണി
Highlights
പാന്‍ ഇന്ത്യന്‍ തലത്തില്‍ തരംഗം സൃഷ്ടിച്ച അരുണ്‍ മാതേശ്വര്‍ ചിത്രം 'ഡിസി' (ഉഇ), തിയേറ്ററുകളില്‍ ചരിത്രവിജയം കുറിച്ച 'മഞ്ഞുമ്മല്‍ബോയ്സ്' എന്നീ സിനിമകളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് വിജയലക്ഷ്മി വീരമണി. തന്‍റെ അഭിനയത്തെക്കുറിച്ചും, ചര്‍മ്മത്തിന്‍റെ നിറത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന അവഗണനകളെ അതിജീവിച്ചതിനെക്കുറിച്ചും, ലോകേഷ് കനകരാജ് അടക്കമുള്ള പ്രതിഭകള്‍ക്കൊപ്പമുള്ള സിനിമാനുഭവങ്ങളെക്കുറിച്ചും വിജി 'നാന'യോട് വിശദമായി സംസാരിക്കുന്നു.
സംവിധായകനായ ലോകേഷ് കനകരാജ് നടനായി മുന്നിലെത്തിയപ്പോള്‍ എന്തുതോന്നി? അദ്ദേഹത്തോടൊപ്പമുള്ള അനുഭവം?
നമ്മള്‍ സാധാരണ ഇന്‍റര്‍വ്യൂകളിലും വാര്‍ത്തകളിലും കാണുന്ന ലോകേഷ് സാറേ ആയിരുന്നില്ല ലൊക്കേഷനില്‍. അദ്ദേഹം പൂര്‍ണ്ണമായും ആ കഥാപാത്രത്തിലേക്ക് മാറിയിരുന്നു. അദ്ദേഹത്തിന്‍റെ ബോഡി ലാംഗ്വേജും സംസാരവുമെല്ലാം ആ കഥാപാത്രത്തിന്‍റേത് മാത്രമായിരുന്നു. സെറ്റില്‍ അധികം സംസാരിക്കാതെ വളരെ ഒതുങ്ങി, ആ കഥാപാത്രത്തിന്‍റെ അതേ മാനസികാവസ്ഥയിലാണ് അദ്ദേഹം നടന്നിരുന്നത്.
ഒരു ഷോട്ട് പൂര്‍ത്തിയാകുന്നതുവരെ ആ കഥാപാത്രത്തിന്‍റെ മൂഡ് ഒട്ടും ചോര്‍ന്നുപോകാതെ ഉള്ളില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നു. സെറ്റിലേക്ക് നടന്നുവരുമ്പോള്‍ പോലും ആ കഥാപാത്രത്തിന്‍റെ അതേ നടത്തവും ഭാവവുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഒരു വലിയ സംവിധായകന്‍ നടനായി മാറുമ്പോള്‍ പുലര്‍ത്തുന്ന ഈ അച്ചടക്കവും ഡെഡിക്കേഷനും ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍റെ മേക്കിംഗ് രീതീയെക്കുറിച്ച്?
അരുണ്‍ സാര്‍ വളരെ ഫ്രണ്ട്ലിയാണ്. ഓരോ സീനും എത്രത്തോളം 'റോ' (ൃമം) ആയി വരണമെന്ന് കൃത്യമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് അദ്ദേഹം. സാധാരണയായി പല സിനിമകളിലും ഇത്തരം പശ്ചാത്തലത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ വളരെ ഗ്ലാമറൈസ് ചെയ്തോ അല്ലെങ്കില്‍ മോശമായ രീതിയിലോ ആണ് കാണിക്കാറുള്ളത്. എന്നാല്‍ അരുണ്‍ സാര്‍ അതിനെയെല്ലാം മാറ്റിനിര്‍ത്തി, വളരെ അന്തസ്സോടും മാന്യതയോടും കൂടിയാണ് ആ സ്ത്രീകഥാപാത്രങ്ങളെ ഈ സിനിമയില്‍ ചിത്രീകരിച്ചത്.
അഭിനേതാക്കളില്‍ നിന്ന് എന്താണ് ആവശ്യമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. നമ്മള്‍ നന്നായി ചെയ്താല്‍ ആ നിമിഷം തന്നെ അദ്ദേഹം അത് പറഞ്ഞ് മനസ്സ് തുറക്കും. പൂര്‍ണ്ണമായി പ്ലാന്‍ ചെയ്ത മേക്കിംഗ് ശൈലിയാണ് അദ്ദേഹത്തിന്‍റേത്.
മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള മലയാള സിനിമകളിലെ അനുഭവങ്ങള്‍?
ചെന്നൈയില്‍ വച്ചുനടന്ന ഒരു ഓഡിഷന്‍ വഴിയാണ് ഞാന്‍ മഞ്ഞുമ്മല്‍ ബോയ്സിലേക്ക് എത്തുന്നത്. ജോര്‍ജ് മരിയന്‍ സാറിന്‍റെ മകളുടെ വേഷമായിരുന്നു. ഒരു അഞ്ചുദിവസത്തെ ഷൂട്ടുണ്ടായിരുന്നു. ആ സിനിമ ആഗോളതലത്തില്‍ ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല. ചിത്രം ഹിറ്റായതോടെ പലരും എന്‍റെ ചെറിയ വേഷവും തിരിച്ചറിഞ്ഞു സംസാരിച്ചുതുടങ്ങി. പിന്നീട് വിനീത് ശ്രീനിവാസന്‍ സാറിന്‍റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ചിത്രത്തില്‍ പെണ്ണുകാണല്‍ സീനിലെ ചെറിയൊരു വേഷവും ചെയ്തു.
മലയാള സിനിമയില്‍ അഭിനേതാക്കളെ വളരെ സ്വാഭാവികമായി ഉപയോഗിക്കുന്ന രീതി എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ സംസ്ക്കാരത്തിനും ജീവിതത്തിനും ചേരുന്ന അഭിനേതാക്കളെയാണ് അവര്‍ കാസ്റ്റ് ചെയ്യുന്നത് നല്ല ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍?
തൊണ്ടി മുതലും ദൃക്സാക്ഷിയും എഴുതിയ സജീവ് പാഴൂര്‍ സാര്‍ തമിഴില്‍ ഒരുക്കുന്ന എന്നവിലൈ എന്ന പുതിയ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നിമിഷ സജയനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഡിസിയിലെക്കാള്‍ കൂടുതല്‍ അഭിനയസാധ്യതയുള്ള, സിനിമയിലുടനീളം നില്‍ക്കുന്ന ഒരു കഥാപാത്രമാണിത്. ഈ സിനിമയിലൂടെ എനിക്ക് കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന വലിയ പ്രതീക്ഷയുണ്ട്.
സിനിമയിലേക്കുള്ള കടന്നുവരവിന് പിന്നില്‍ കുടുംബത്തിന്‍റെ പങ്ക് എന്തായിരുന്നു?
എന്‍റെ നാട് തേനിയാണ്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജ സാറിന്‍റെ നാട്. ചെറുപ്പകാലത്ത് ഞങ്ങളുടെ നാട്ടില്‍ ധാരാളം ഷൂട്ടിംഗുകള്‍ നടക്കുമായിരുന്നു. വിക്രം സാറിന്‍റെ 'പിതാമഹന്‍' ഷൂട്ടിങ്ങൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും ഞാന്‍ ഒരു നടിയാകും എന്ന് ചിന്തിച്ചിട്ടേയില്ല. നന്നായി സംസാരിക്കാന്‍ ഇഷ്ടമായിരുന്നതുകൊണ്ട് റേഡിയോയും എഫ്.എമ്മുമൊക്കെ കേട്ട് ഇന്‍സ്പയേര്‍ഡ് ആയി വിജെ ആകാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്.
ലോക്ക്ഡൗണ്‍ സമയത്താണ് ഷോട്ട് ഫിലിമുകള്‍ ചെയ്യാന്‍ തുടങ്ങിയതും അഭിനയമാണ് എനിക്ക് ഏറ്റവും സന്തോഷം തരുന്ന ഇടമെന്ന് തിരിച്ചറിഞ്ഞതും. എന്‍റെ അമ്മ ഒരു ആര്‍ട്ടിസ്റ്റായിരുന്നു. ശശികുമാര്‍ സാറിന്‍റെ 'കൊടിവീരന്‍', 'മദയാനക്കൂട്ടം' തുടങ്ങിയ സിനിമകളില്‍ അമ്മ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ വലിയൊരു പ്രശസ്തി അമ്മയ്ക്ക് ലഭിച്ചിരുന്നില്ല. അമ്മ ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല. എങ്കിലും ഞാന്‍ സിനിമയില്‍ ഓരോ പടവും കയറുമ്പോഴും അമ്മയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എന്‍റെ കൂടെയുണ്ടെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.