റീലിലും റിയലിലും പോലീസ് 'ആക്ടര്‍കോപ്' എന്ന ബിബിന്‍ ജോസഫ്
Highlights
കണ്ടന്‍റ് ക്രിയേറ്റര്‍, അഭിനേതാവ് എന്ന നിലയില്‍ തിളങ്ങിനില്‍ക്കുന്ന ഇടുക്കി സ്വദേശി 'ആക്ടര്‍കോപ്' എന്ന ബിബിന്‍ ജോസഫ് അല്‍പ്പനേരം 'നാന'യ്ക്കൊപ്പം....
ബിബിന്‍ എന്ന പേരിനെക്കാള്‍ ആളുകള്‍ തിരിച്ചറിയുന്നത് 'ആക്ടര്‍ കോപ്' എന്ന പേരിലാണല്ലോ?
അതെ.. സിനിമയില്‍ അഭിനേതാവ് എന്ന നിലയില്‍ ആളുകള്‍ അറിയുന്നത് ഇപ്പോഴാണ്. എന്നാല്‍ ഒരുപാട് പേര്‍ക്ക് എന്‍റെ ഇന്‍സ്റ്റഗ്രാം റീലുകള്‍ പരിചിതമാണ്. ഇന്‍സ്റ്റഗ്രാം പേരാണ് ആക്ടര്‍ കോപ് എന്നത്. അഭിനേതാവുമാണ്, പോലീസുമാണ്. അങ്ങനെയാണ് ആക്ടര്‍ കോപ് എന്ന് പേരിട്ടത്.
എങ്ങനെയാണ് സമൂഹമധ്യത്തില്‍ റീലുകള്‍ ചെയ്തുതുടങ്ങുന്നത്?
ടിക്ടോക്ക് കാലം മുതല്‍ സജീവം ആയിരുന്നു. പക്ഷെ, ശ്രദ്ധ നേടി തന്നത് ഇന്‍സ്റ്റഗ്രാം ആണ്. ലിപ് സിങ്ക് വീഡിയോകള്‍ ആണ് ഏറെയും ചെയ്തിട്ടുള്ളത്. സിനിമയില്‍ ആ കഥാപാത്രം എങ്ങനെയാണോ ചെയ്യുന്നത്, അതുപോലെതന്നെയാണ് എന്‍റെ വീഡിയോകള്‍ എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. സിനിമയില്‍ എത്തിപ്പെടണം എന്ന ലക്ഷ്യത്തില്‍ തന്നെയാണ് റീലുകള്‍ ചെയ്തുകൊണ്ടിരുന്നത്.
ഏറ്റവും കൂടുതല്‍ പ്രീതി നേടിയ വീഡിയോകള്‍ ഏതായിരുന്നു?
ഫഹദ് ഫാസിലിന്‍റെ ഡയലോഗുകള്‍ ചെയ്ത വര്‍ക്കിന് ഒരുപാട് പ്രേക്ഷകര്‍ ഉണ്ടായിരുന്നു. കുമ്പളങ്ങി നൈറ്റിലെ ഷമ്മിയുടെ ലിപ് സിങ്ക് വീഡിയോകള്‍ കണ്ട്, ഒരുപാട് റിയാലിറ്റി ഷോകളില്‍ എനിക്ക് ക്ഷണം കിട്ടി. പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സി.ഐ.ഡി മൂസയിലെ പോലീസ് വില്ലന്‍റെ ചെയ്തവയും ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. ചില വീഡിയോകള്‍ കണ്ട് സിനിമാക്കാര്‍ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. എസ്.ജെ. സൂര്യ, ജോജു ചെട്ടനൊക്കെ കമന്‍റ് ചെയ്തത് വലിയ സന്തോഷം തന്നെയായിരുന്നു.
പോലീസ് ജീവിതവും അഭിനയവും എങ്ങനെ ബാലന്‍സ് ചെയ്യുന്നു?
പത്തുവര്‍ഷം സര്‍വ്വീസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ ഇരിക്കെ ചെയ്തു സിനിമയ്ക്കുവേണ്ടി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണ്. കുറച്ചുദിവസം ഷൂട്ട് ഒക്കെ വന്നാല്‍, ലീവ് ഒക്കെ ബുദ്ധിമുട്ടാവാം. അതുകൊണ്ടുതന്നെ, നിലവില്‍ ഞാന്‍ അഞ്ച് വര്‍ഷത്തേക്ക് ലോങ് ലീവില്‍ ആണ്. കുറച്ചുനാള്‍ എന്തായാലും സിനിമയ്ക്കുവേണ്ടി ആഞ്ഞൊരു ശ്രമം നടത്താം എന്ന് തീരുമാനിച്ചു.
എങ്ങനെയാണ് റീലില്‍ നിന്ന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്?
സത്യത്തില്‍ എന്നെ ആരും ക്ഷണിച്ചതല്ല. എന്‍റെ ഇന്‍ബോക്സ് നോക്കിയാല്‍ സിനിമയിലെ എല്ലാവര്‍ക്കും എന്‍റെ മെസ്സേജുകള്‍ എത്തിയിട്ടുണ്ടാകും. സിനിമയിലുള്ളവരെ തേടിപ്പിടിച്ച് ഞാന്‍ എന്‍റെ റീലും, മെസേജും അയയ്ക്കും. റീല്‍ കണ്ട് പലരും നല്ല അഭിപ്രായം പറയും. അത് കഴിയുമ്പോള്‍ ചാന്‍സ് ചോദിക്കാറുണ്ട്. അതില്‍ എനിക്ക് മടിയൊന്നും തോന്നിയിട്ടില്ല. ചാന്‍സ് ചോദിച്ചുതന്നെയാണ് പലരും എന്നെ സിനിമയിലേക്ക് വിളിച്ചിട്ടുള്ളത്.
റീലിലും റിയലിലും പോലീസ് ആണല്ലോ? പോലീസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആണോ ഇഷ്ടം?
ആദ്യസിനിമ സൗദി വെള്ളക്ക ആയിരുന്നു. അതില്‍ പോലീസുകാരന്‍ ആയിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസ് ആയതുകൊണ്ടുതന്നെ, അന്ന് അത് വലിയ സന്തോഷമായിരുന്നു. എന്നാല്‍ രണ്ടാമത്തെ സിനിമ ചട്ടമ്പിയില്‍ ഗുണ്ടയായിരുന്നു. റാണി ചിത്തിര മാര്‍ത്താണ്ഡ എന്നൊരു സിനിമയിലും പോലീസ് വേഷം ചെയ്തു. പിന്നെ, കുറച്ചധികം സിനിമകളില്‍ വന്നു. എങ്കിലും മുഖം പോലും വ്യക്തമാകാത്ത വിധം ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പ്രാധാന്യം പോലും കിട്ടാതെ പലതും ചുരുങ്ങിപ്പോയി. എന്നാല്‍ ഒടുവില്‍ ഇറങ്ങി, ആളുകള്‍ വലിയ രീതിയില്‍ പ്രീതി നേടിത്തന്നത് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന സിനിമയിലെ പോലീസ്വേഷം ആണ്.
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ അനുഭവത്തെക്കുറിച്ച് പറയാമോ?
അതും നേരത്തെ പറഞ്ഞപോലെ.. ഷഹദ് എന്ന സംവിധായകന് ഞാന്‍ മെസേജ് അയച്ചു ലഭിച്ച അവസരം ആണ്. കുറച്ചധികം ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഒരു പോലീസ് സ്റ്റേഷന്‍ ചുറ്റിപ്പറ്റിയുള്ള കഥയാണല്ലോ, അതില്‍ സ്റ്റേഷനിലെ മറ്റെല്ലാ പോലീസുകാരെ വലിയ അഭിനേതാക്കള്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അവര്‍ക്കൊപ്പം സ്ക്രീനില്‍ വരാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യം. ഒരുപാട് പേര്‍ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയാന്‍ വിളിച്ചിരുന്നു. ഒരുപാട് സന്തോഷം നല്‍കിയ സിനിമയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍.
ഏതുതരം കഥാപാത്രം ചെയ്യാന്‍ ആണ് ആഗ്രഹം?
എനിക്ക് വ്യക്തിപരമായി കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആത്മവിശ്വാസം ഉണ്ട്. എന്നാല്‍ റീല്‍സൊക്കെ കണ്ട്, പലര്‍ക്കും എന്‍റെ വില്ലന്‍ ഷെയിഡ് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ, ഇപ്പോള്‍ ചെറുതായിട്ട് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യണം എന്നൊരു ആഗ്രഹം തുടങ്ങിയിട്ടുണ്ട്.
സിനിമയില്‍ ആരാണ് ഇന്‍സ്പിരേഷന്‍?
സിനിമ ഒരു വലിയ യുദ്ധം ആണ്. അതില്‍ എത്തിപ്പെടുക, നിലനില്‍ക്കുക എന്നതൊക്കെ അല്‍പ്പം പാടുള്ള പണിയാണ്. ഭാവിയെക്കുറിച്ച് ആശങ്ക ഉണ്ടാകാറുണ്ട്. ചിലപ്പോള്‍, എല്ലാം ഇട്ടെറിഞ്ഞുപോകാന്‍ തോന്നിയേക്കാം. അപ്പോഴൊക്കെ മനസ്സില്‍ ഓര്‍ക്കുന്നത് ജോജുജോര്‍ജ് എന്ന നടന്‍റെ മുഖമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്ര വര്‍ഷത്തെ കഷ്ടപ്പാടിന്‍റെ ഫലമാണ് ഇന്ന് കാണുന്ന നായകന്‍ എന്ന പദവി. ഒരുപാട് ഇന്‍സ്പൈര്‍ ചെയ്തിട്ടുണ്ട് അദ്ദേഹം.
വരാന്‍ ഇരിക്കുന്ന സിനിമകള്‍ ഏതൊക്കെയാണ് ?
പേര് പലതിന്‍റെയും പുറത്ത് പറയാന്‍ ആയിട്ടില്ല. നിലവില്‍ ഷൂട്ട് കഴിഞ്ഞത് ഓപ്പറേഷന്‍ ട്രാല്‍ ആണ്. ഇന്ത്യന്‍ സിനിമ കമ്പനി നിര്‍മ്മിക്കുന്ന ഷറഫുദ്ദീന്‍ സിനിമയില്‍ ഉണ്ട്. ആദിത്യഭാസ്ക്കര്‍ നായകന്‍ ആകുന്ന ഉര്‍വശി ചേച്ചി, ഹരീഷ് പേരടി തുടങ്ങിയ അഭിനേതാക്കള്‍ ഉള്ള ഒരു തമിഴ് സിനിമയില്‍ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം ചെയ്യുന്നുണ്ട്.
കുടുംബം?
അച്ഛന്‍ ജോസഫ്. കര്‍ഷന്‍ ആണ്. അമ്മ ഷേര്‍ളി. വീട്ടമ്മയാണ്. ഭാര്യ അച്ചു മറിയ. മക്കള്‍ ഇള മറിയം, ഐറ മറിയം. കുടുംബം ആണ് കരുത്ത്. സിനിമ കണ്ട് ഭാര്യയും അമ്മയുമൊക്കെ അഭിപ്രായം പറയാറുണ്ട്. കുട്ടികള്‍ ചെറുതാണ്. എങ്കിലും, തിയേറ്ററില്‍ എന്നെ കാണുമ്പോള്‍ വീട്ടുകാര്‍ മക്കളെ ചൂണ്ടിക്കാണിച്ചുകൊടുക്കും. അവര്‍ ചിരിക്കാറുണ്ട്. മുന്നോട്ടുള്ള എല്ലാ യാത്രയിലും കുടുംബം ആണ് സപ്പോര്‍ട്ട്.