Wednesday, 10 June 2026 | 04:31 AM

Interviews

I Love Being Into Cinema -Athira Patel

രജനികൃഷ്ണ 05 May 2026 12:30 PM
I Love Being Into Cinema -Athira Patel

ആട് 2, ബോഗെയ്ന്‍വില്ല, അങ്കമാലി ഡയറീസ്, സണ്‍ഡേ ഹോളിഡേ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം ആതിര പട്ടേല്‍ മനസ്സ് തുറക്കുന്നു.

ചെറുപ്പത്തില്‍ ടി.വി കാണുമ്പോള്‍, ടി.വിയില്‍ വരണം എന്ന് ഞാന്‍ പറയുമായിരുന്നു എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. സത്യത്തില്‍ എന്ന് മുതലാണ് സിനിമ എന്ന ആഗ്രഹം ഉള്ളില്‍ കയറികൂടിയത് എന്നൊന്നും എനിക്ക് അറിയില്ല. സിനിമയില്‍ എത്തുന്നതും സജീവമാകുന്നതിനും പിന്നില്‍ അമ്മയാണ് യഥാര്‍ത്ഥകാരണം. കുഞ്ഞുന്നാളില്‍ തന്‍റെ മകള്‍ക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്നും, അവസരങ്ങള്‍ വന്നാല്‍ അറിയിക്കണം എന്നും അമ്മ അമ്മയുടെ പരിചയത്തിലുള്ള ആളുകളോട് പറയുമായിരുന്നു. ആദ്യം ചെയ്ത സിനിമ സംസ്കൃതഭാഷയില്‍ ഉള്ള ഇഷ്ടി എന്നതാണ്. അതില്‍ ഞാന്‍ നെടുമുടി വേണു എന്ന അതുല്യപ്രതിഭയുടെ മൂന്നാമത്തെ ഭാര്യയുടെ വേഷം ആണ് ചെയ്തിരുന്നത്. ആദ്യസിനിമയിലെ തന്നെ പ്രഗത്ഭനായ വ്യക്തിക്കൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാനായി എന്നത് തുടക്കത്തില്‍ തന്നെ ലഭിച്ച എന്‍റെ ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു.

മലയാളത്തിലെ തുടക്കം അങ്കമാലി ഡയറീസ്

അങ്കമാലി ഡയറീസിലേക്ക് എത്തുന്നത് ഓഡിഷന്‍ വഴിയാണ്. ഓഡിഷന്‍ കഴിഞ്ഞപാടെ അതിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറില്‍ ഒരാള്‍ വന്നു നന്നായി ചെയ്തു, ഡയറക്ടര്‍ക്ക് ഇഷ്ടമായാല്‍ ഉടന്‍ വിളിക്കാം എന്നുപറഞ്ഞു. ഞാന്‍ പക്ഷേ അത് കാര്യമായി എടുത്തതേ ഇല്ല. ഞാന്‍ കരുതിയത് വിഷമിപ്പിച്ചുവിടാതിരിക്കാന്‍ അവര്‍ എല്ലാവരോടും പറയുന്ന സ്ഥിരം ഡയലോഗ് ആണെന്നാണ്. എന്നാല്‍ കാള്‍ ബാക്ക് വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അങ്കമാലിയില്‍ പെപ്പെയുടെ അനിയത്തി കഥാപാത്രം ആയിരുന്നു എന്‍റേത്. ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട സമയത്ത് എനിക്ക് ആകെ ചമ്മല്‍ ആയിരുന്നു. എന്‍റെ സീന്‍ വരുന്ന സമയങ്ങളില്‍ എല്ലാം ഞാന്‍ സ്ക്രീനില്‍ നോക്കിയതെ ഇല്ല. എന്നാല്‍ സിനിമ റിലീസ് ആയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അഭിനന്ദപ്രവാഹം ആയിരുന്നു. അപ്പോള്‍ തോന്നിയ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.

ഷാജി പാപ്പന്‍റെ സ്വന്തം റേച്ചല്‍

അങ്കമാലിക്കുശേഷം പ്രോജക്ടുകള്‍ പലതും ചെയ്തെങ്കിലും ഏറെ പ്രശംസ നേടിത്തന്നത് ആട് 2 ആയിരുന്നു. ഷാജി പാപ്പാന്‍ ആയി ജയസൂര്യ കസറിയപ്പോള്‍ ആ കഥാപാത്രത്തിന്‍റെ ചേട്ടന്‍റെ മകള്‍ റേച്ചല്‍ എന്ന വേഷം ചെയ്യാന്‍ ആയത് ഒരുപാട് സന്തോഷിപ്പിച്ചു. ആട് 2, ആളുകളുടെ ഹൃദയം കീഴടക്കിയപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നിയിരുന്നു.

വില്ലനില്‍ ലാലേട്ടന്‍റെ മകള്‍

സിനിമയില്‍ എത്തുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒരു മൊമെന്‍റ് ആണ് ലാലേട്ടന്‍റെ കൂടെ ഒക്കെ അഭിനയിക്കുക എന്നത്. വില്ലനില്‍ ലാലേട്ടന്‍റെ മകളായിട്ട് ആണ് അഭിനയിച്ചത്. ലൈഫിലെ ഏറ്റവും ബ്ലെസ്ഡ് ആയ മൊമെന്‍റ് ആയിരുന്നു അത്.

I Am Choosy About My Script

അങ്കമാലി ഡയറീസ്, വില്ലന്‍, ആട് 2, ഭൂതകാലം, ഖല്‍ബ്, ബോഗെയ്ന്‍വില്ല തുടങ്ങി അഭിനയിച്ച എല്ലാ സിനിമകളിലും നല്ല ടീമിന്‍റെ കൂടെ ആണ് സഹകരിക്കാന്‍ കഴിഞ്ഞത്. അത് ഭാഗ്യം എന്നതില്‍ ഉപരി ഞാന്‍ ശ്രദ്ധ നല്‍കാറുള്ള ഒരു കാര്യം കൂടിയാണ്. ഒരു സിനിമ എന്നിലേക്ക് എത്തുമ്പോള്‍, ഞാന്‍ കഥ ചോദിച്ചറിയാന്‍ ശ്രമിക്കാറുണ്ട്. ടീമിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ശേഷം അമ്മയോടൊപ്പം ഇരുന്ന് ചര്‍ച്ച ചെയ്യും. ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ''I am little choosy about my script.'

I Love Being Into Cinema:

കാര്യം എന്നെത്തന്നെ സ്ക്രീനില്‍ കാണുമ്പോള്‍ ഒരു ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും, നാള്‍ക്കുനാള്‍ ആസ് ആന്‍ ആര്‍ട്ടിസ്റ്റ് ഞാന്‍ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്താണ് സിനിമകള്‍ ചെയ്യാറുള്ളത്. സിനിമയെ കുറച്ച് കൂടി സീരിയസ് ആയി കാണാന്‍ തുടങ്ങി. സെറ്റുകള്‍ എന്‍റെ ഹാപ്പി പ്ലേസ് ആണ്. ആ പ്രോസസിനോട് ഒരു ഇഷ്ടമുണ്ട്. നിലവില്‍ ടെക്നിക്കലി അഭിനയം പഠിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ട്.

വരാനിരിക്കുന്ന വിശേഷങ്ങള്‍

ഞാന്‍ ഇനി ഏറ്റവും കാത്തിരിക്കുന്ന പ്രോജക്ടുകള്‍ ആണ് അണലി എന്ന വെബ്സീരീസും, ആട് 3, മനു അശോകന്‍ സംവിധാനം ചെയ്ത ഐസ് എന്ന വെബ്സീരീസും. അതില്‍ ആടും അണലിയും, മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്നതാണ്. ഞാന്‍ വര്‍ക്ക് ചെയ്തതില്‍ എനിക്ക് വളരെ കംഫോര്‍ട്ടബിള്‍ ആയ സംവിധായകരില്‍ ഒരാളാണ് മിഥുന്‍ ചേട്ടന്‍. ചേട്ടന്‍ വര്‍ക്കില്‍ സീരിയസ് ആണ്. എന്നാല്‍ വളരെ കൂളാണ്. അണലി ഷൂട്ട് എല്ലാം കഴിഞ്ഞ് റിലീസിന് കാത്തിരിക്കുകയാണ്. അതില്‍ ലിയോണ്‍ ലിഷോയുടെ കുട്ടിക്കാലം ആണ് ഞാന്‍ ചെയ്തിരുന്നത്. എന്‍റെ യഥാര്‍ത്ഥ പ്രായത്തെകാള്‍ ചെറുപ്പം ആണ് ആ കഥാപാത്രം. പക്ഷേ, ആ പത്താം ക്ലാസുകാരിയിലേക്ക്  ഞാന്‍ പെട്ടെന്ന് ബ്ലെന്‍ഡ് ആയി എന്ന് സഹസംവിധയകര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇന്‍റിമസി സീനുകള്‍ ഉള്ള ആ പ്രോജക്ടില്‍ എന്നെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അതിലെ ഇന്‍റിമസി ഡയറക്ടേര്‍സ് ആയ ഋഷ്ദാനും അനഘയും എല്ലാ കംഫര്‍ട്ടും നല്‍കിയാണ് അത് ഷൂട്ട് ചെയ്തിരുന്നത്. പിന്നത്തെ വിശേഷം ആട് 3 ആണ്. മലയാളത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ആയ ആട് 3 പാപ്പനോടൊപ്പം ഞാനും ഉണ്ട് എന്നത് എക്സൈറ്റ്മെന്‍റോടുകൂടി ആണ് ഞാന്‍ നോക്കിക്കാണുന്നത്.


 

Tags
Athira Patel angamaly diaries Aadu 2 Bougainvillea