ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുള്ള നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്
ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകരില്‍ പലരും ഇപ്പോള്‍ നിശബ്ദരാവുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ...?
തീര്‍ച്ചയായും, ചെറുപ്പക്കാരുടെയൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ ജോഷി സാറിനെപ്പോലുള്ള അപൂര്‍വ്വം ചിലര്‍ക്കേ കഴിയുന്നുള്ളൂ. പല സംവിധായകര്‍ക്കും ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു. പ്രഗത്ഭരായ സംവിധായകര്‍ അവരുടെ ശൈലിയില്‍ നിന്ന് മാറി പുതിയൊരു കുപ്പായം ഇടാന്‍ ശ്രമിക്കുമ്പോഴാണ് കാലിടറുന്നത്. കാരണം നമുക്ക് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഓരോ സംവിധായകരുടെയും ശൈലി പ്രേക്ഷകര്‍ക്കറിയാം. അതിനനുസരിച്ച് സിനിമയെടുത്താല്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ഡോ. ബിജുവിന്‍റെ അദൃശ്യജാലകങ്ങള്‍ നല്ല സിനിമയാണ്. പക്ഷേ, ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ല. തിയേറ്ററിലെത്തിയില്ലെങ്കിലും നല്ലൊരു സിനിമയെടുത്തുവെന്ന് സംതൃപ്തിപ്പെടുന്ന സംവിധായകരുണ്ട്.
നല്ല സിനിമകളില്‍ ഇന്ദ്രന്‍സ് ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടും അവാര്‍ഡ് കിട്ടാതാവുമ്പോള്‍ പൊതുസമൂഹത്തില്‍ നിന്നും പലപ്പോഴും താങ്കള്‍ക്കനുകൂലമായി പ്രതികരണമുണ്ടാവാറുണ്ടല്ലോ...?
അവാര്‍ഡ് നിര്‍ണ്ണയം എപ്പോഴും വിവാദം തന്നെയാണ്. അവാര്‍ഡുകള്‍ വീതിച്ചുകൊടുക്കുന്ന ശൈലി കൂടിവരികയല്ലേ. അവാര്‍ഡ് കമ്മിറ്റി പല സിനിമകളും കാണാറില്ലെന്ന് തോന്നിയിട്ടുണ്ട്. മണ്‍ട്രോതുരുത്തിലെ അഭിനയത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല. പക്ഷേ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി സിനിമയെ സ്നേഹിക്കുന്നതുകൊണ്ട് ഞാനൊന്നും പറയാറില്ല. അവാര്‍ഡ് കമ്മിറ്റിയിലെ അംഗങ്ങള്‍ എല്ലാ സിനിമകളും കണ്ടിട്ടില്ലെന്ന് മന്ത്രിക്ക് പോലും പറയേണ്ടി വന്നില്ലേ. അവാര്‍ഡ് നിര്‍ണ്ണയ ഘടനയില്‍ വ്യത്യാസം ഉണ്ടാവണമെന്നാണ് തോന്നുന്നത്. പിന്നെ, സര്‍ക്കാര്‍ സംവിധാനമല്ലേ, റെക്കമെന്‍റേഷന്‍ ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമല്ലോ.
ഒഴിവുസമയങ്ങളില്‍ വായനനടക്കാറുണ്ടോ...?
ഒഴിവ് കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്. നോവലുകളും, കഥകളും വായിക്കാറുണ്ട്. മുളങ്കാട്ടിലെ കുട്ടിപ്പാപ്പാനാണ് അടുത്തകാലത്ത് വായിച്ചത്.
സിനിമാഭിനയത്തില്‍ 40 വര്‍ഷം പിന്നിടുമ്പോള്‍ ഇനിയുള്ള സ്വപ്നം...?
ജീവിതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുള്ള നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. തീര്‍ച്ചയായും, മിടുക്കന്മാരായ പുതിയ സംവിധായകര്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കുവേണ്ടിയുള്ള കഥാപാത്രങ്ങള്‍ക്ക് അവര്‍ പിറവി നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: ഷംനാദ് മാട്ടായ