രാജകുമാരന്‍റെ കുടുംബവും ഓണാഘോഷങ്ങളും
ജെസി മമ്മിയും മകള്‍ അന്നക്കുട്ടിയും. ദിലീപ് നായകനായി വന്ന 'പ്രിന്‍സ് ആന്‍റ് ഫാമിലി' എന്ന സിനിമയിലെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങള്‍.
ഈ സിനിമയുടെ മുന്നൊരുക്കം നടക്കുമ്പോള്‍ ഈ കഥാപാത്രങ്ങളായി ആരഭിനയിക്കണം എന്ന കാര്യത്തില്‍ സംവിധായകന്‍ ബിന്‍റൊ സ്റ്റീഫനും തിരക്കഥാകൃത്ത് ഷാരീസ് മുഹമ്മദും ഗൗരവപൂര്‍വ്വം തന്നെ ചിന്തിക്കുന്നുണ്ടായിരുന്നു. പലരുടെ പേരുകളും ചര്‍ച്ചയില്‍ വന്നുവെങ്കിലും ഒന്നും തൃപ്തിയായില്ല. ഒടുവില്‍ ഒരു ഓഡിഷന്‍ വയ്ക്കുവാന്‍ തീരുമാനിച്ചു. ഓഡിഷനില്‍ പങ്കെടുത്ത ഒരു ആര്‍ട്ടിസ്റ്റാണ് ലതാദാസ്. ആ ഓഡിഷനില്‍ പുതിയ പലമുഖങ്ങളും ഉണ്ടായിരുന്നു. ജെസി മമ്മിയെ അവരിലൊന്നും കണ്ടിരുന്നില്ല. ഒടുവിലാണ് ലതാദാസാണ് ജെസിമമ്മിയായി അഭിനയിക്കാന്‍ പ്രാപ്തയായതെന്ന് സംവിധായകനും തിരക്കഥാകൃത്തും കൂടി തീരുമാനിച്ചത്.
അങ്ങനെ ലതാദാസ് എന്ന നടി പ്രായം കൊണ്ടും രൂപഭേദം കൊണ്ടും ജെസി മമ്മിയായി തിരഞ്ഞെടുക്കപ്പെട്ടു.

ലതാദാസ് മലയാളസിനിമയില്‍ അഭിനയരംഗത്ത് പുതിയ ഒരാളായിരുന്നില്ല. കഥ ഇന്നുവരെ, ഗുരുവായൂരമ്പലനടയില്‍, രേഖാചിത്രം, ചാട്ടുളി, പത്മിനി... തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും പ്രിന്‍സ് & ഫാമിലിയിലെ ജെസി മമ്മിക്ക് നറുക്കുവീണു കിട്ടിയതില്‍ ലതയുടെ മനസ്സ് സന്തോഷിക്കുന്നുണ്ടായിരുന്നു.
ഇനി ജെസിയുടെ മകള്‍ അന്നക്കുട്ടി. ഈ കഥാപാത്രത്തിലും ചില പ്രത്യേകതകള്‍ സംവിധായകനും തിരക്കഥാകൃത്തും കൂടി കണ്ടുവച്ചിട്ടുണ്ടായിരുന്നു. അതിന് യോജിച്ച പെണ്‍കുട്ടിയാകണം അന്നക്കുട്ടിയായി വരേണ്ടത്. ഇതിനുമുമ്പ് പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാത്ത ഒരു പുതിയ മുഖം വേണമെന്ന ആലോചനയും നിര്‍ബന്ധവും സംവിധായകനും തിരക്കഥാകൃത്തിനും ഉണ്ടായിരുന്നതുകൊണ്ട്
ഓഡിഷനില്‍ വന്നവരില്‍ അങ്ങനെയൊരു മുഖം കണ്ടെത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ശ്രമങ്ങളിലൂടെ അന്നക്കുട്ടിയെയും തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അത് മീനാക്ഷി മാധവി ആയിരുന്നു.
പ്രിന്‍സ് ആന്‍റ് ഫാമിലിയിലെ ആദ്യപകുതിയുടെ ആദ്യംതന്നെ ലതാദാസും മീനാക്ഷിയും ജെസി മമ്മിയായും അന്നക്കുട്ടിയായും അഭിനയിച്ചു.
സിനിമ റിലീസായതിനുശേഷം വിവിധസ്ഥലങ്ങളിലെ തീയേറ്റര്‍ സന്ദര്‍ശനവേളയിലും സക്സസ് സെലിബ്രേഷന്‍ പാര്‍ട്ടിയിലുമെല്ലാം ഇവര്‍ പങ്കെടുത്തപ്പോള്‍ പ്രേക്ഷകര്‍ ഇവരെ തിരിച്ചറിയുകയും അഭിനന്ദനം അറിയിക്കുകയും ഒക്കെ ചെയ്തു.
ഈ കൂട്ടുചേരലിന്‍റെ സന്തോഷം ഒരാവര്‍ത്തികൂടി ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു 'നാന'യുടെ ഈ വര്‍ഷത്തെ ഓണപ്പതിപ്പ് തയ്യാറാകുമ്പോള്‍ ലതാദാസിനെയും മീനാക്ഷിയെയും ഒരുമിച്ച് പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
ഇരുവരും അടുത്തടുത്ത ദേശക്കാരാണെന്ന പ്രത്യേകതയുമുണ്ട്. ലതാദാസ് ഇരിങ്ങാലക്കുട സ്വദേശിയാണെങ്കില്‍ മീനാക്ഷി ചാലക്കുടി സ്വദേശിയാണ്. ഇവര്‍ ഈ ഓണം ഫോട്ടോഷൂട്ടിന് വേണ്ടി സംഗമിച്ചതാകട്ടെ കോട്ടയത്ത് മണര്‍കാട് എന്ന ദേശത്തും. ആധുനിക രീതിയിലുള്ളതും എന്നാല്‍ പൗരാണികത ചോര്‍ന്നുപോകാത്തതുമായ ഒരു വീടിന്‍റെ പൂമുഖത്ത് വലിയ ഒരു പൂക്കളം ഒരുക്കിക്കൊണ്ടാണ് ലതയും മീനാക്ഷിയും തിരുവോണത്തെ വരവേറ്റത്.
ഫോട്ടോഗ്രാഫര്‍ ജയ്സണ്‍ പാമ്പാടിയുടെ നേതൃത്വത്തിലായിരുന്നു വര്‍ണ്ണപ്പകിട്ടോടെയുള്ള ഈ ഫോട്ടോഷൂട്ട് നടന്നത്.
പശ്ചാത്തലത്തിന്‍റെ കാര്യത്തിലും കോസ്റ്റ്യൂംസിന്‍റെ കാര്യത്തിലും നിറങ്ങളുടെ കാര്യത്തിലും ചമയഭംഗിയുടെയും ഒരുക്കത്തിന്‍റെയും കാര്യത്തിലെല്ലാം ജയ്സണ്‍ന്‍റെ ചിന്തകള്‍ നന്നായിരുന്നുവെന്ന് ലതാദാസ് പറഞ്ഞു.
പൂക്കൂടയില്‍ നിറയെ പൂക്കളുണ്ട്. പശ്ചാത്തലത്തിലെ കല്‍ത്തൂണുകളില്‍ ജമന്തിമാല ചാര്‍ത്തിയിരിക്കുന്നു. മുല്ലപ്പൂവിന്‍റെയും പിച്ചിയുടെയും ജമന്തി പ്പൂക്കളുടെയും ഒക്കെ നറുമണം ഒളിവീശുന്നുണ്ട്. ആ നിമിഷങ്ങളില്‍ തിരുവോണത്തിന്‍റെ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഓര്‍മ്മകളും മനസ്സിലേക്ക് ഓടിയെത്തുകയായിരുന്നു.
ലതയും മീനാക്ഷിയും പൂക്കളത്തിലേയ്ക്ക് പൂക്കള്‍നുള്ളി വയ്ക്കുന്നതിനിടയിലാണ് ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാമോയെന്ന് ചോദിച്ചത്.
ലത പറഞ്ഞു.
'എന്‍റെ വീട്, എന്‍റെ ഗ്രാമം.. ഇരിങ്ങാലക്കുടയിലാണ്. അവിടെ എന്‍റെ തറവാട്ടുവീട്ടില്‍വച്ചാണ് എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാറുള്ളത്. കുറച്ചുകാലം വിദേശത്തായിരുന്നു. നാട്ടില്‍ തിരിച്ചുവന്ന് സെറ്റിലായതിനുശേഷവും പതിവുപോലെ ഞാനെന്‍റെ അച്ഛനോടും അമ്മയോടുമൊപ്പം തറവാട്ടില്‍ വച്ചുതന്നെയാണ് ഓണം ആഘോഷിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം വിദേശത്തുനിന്നും എന്‍റെ ഹസ്ബന്‍റ് സുനിലും ഓണത്തിനുണ്ടായിരുന്നു. ഈ വര്‍ഷം ഞാനും മോള്‍ സ്വാതിയും അച്ഛനും അമ്മയും ഒക്കെ ചേര്‍ന്നുള്ള ഓണമാണ് ആഘോഷിക്കുക.'
മീനാക്ഷി പറഞ്ഞതിങ്ങനെ-
'ചാലക്കുടിയില്‍ എന്‍റെ വീട്ടില്‍ തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ പൂജിച്ച് തൊഴുന്ന ഒരു സമ്പ്രദായമുണ്ട്. അത്തംനാള്‍ മുതല്‍ തിരുവോണം വരെ പൂക്കളമിടുന്ന പതിവുണ്ട്. ഇപ്പോള്‍ ഇവിടെ ഈ പൂക്കളമൊരുക്കുമ്പോഴും ഞാനെന്‍റെ മുന്‍കാലത്തെ ഓണനാളുകളിലേയ്ക്കാണ് മടങ്ങിപ്പോയി.
സ്ക്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് അവിടെ കൂട്ടുകാരും ഒരുമിച്ച് ഓണം ആഘോഷിച്ചിട്ടുള്ളതും വളരെ രസകരമായിരുന്നു. ഓണദിവസം രാവിലെ അമ്പലത്തില്‍ പോകുക, പ്രാര്‍ത്ഥിക്കുക, ഓണക്കോടി കിട്ടിയതിന്‍റെ സന്തോഷം; ഉച്ചയായാല്‍ ഓണസദ്യ കഴിക്കുന്നതാണ് പ്രധാനം. ഇങ്ങനെയൊക്കെയാണ് ഓണത്തിന്‍റെ അനുഭവങ്ങള്‍.
ഈ വര്‍ഷത്തെ ഓണം വരുമ്പോള്‍ 'പ്രിന്‍സ് ആന്‍റ് ഫാമിലി' സിനിമയുടെ വിജയം കൂടി ഞങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നുണ്ട്.
മീനാക്ഷി അത് പറഞ്ഞ് ചിരിച്ചപ്പോള്‍ ലതാദാസിനും ചിരിയായി. എന്നിട്ട് പറഞ്ഞു. അതെ, പ്രിന്‍സിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ ഓണം ഈ വര്‍ഷം ആഘോഷിക്കപ്പെടുന്നു എന്നു പറയുന്നതിലും സന്തോഷമുണ്ട്.

എറണാകുളത്ത് നടന്ന ഓഡിഷനിലാണല്ലോ നിങ്ങളെ രണ്ടുപേരെയും മമ്മിയും മകളുമായി സെലക്ട് ചെയ്തത്. അന്നത്തെ അനുഭവങ്ങള്‍?
ലത: എന്നെ സെലക്ട് ചെയ്തതിനുശേഷമായിരുന്നു അന്നക്കുട്ടി എന്ന മകളുടെ കഥാപാത്രത്തിനുവേണ്ടി ആര്‍ട്ടിസ്റ്റിനെ നോക്കിയത്. ഒടുവിലെ റൗണ്ടില്‍ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മീനാക്ഷിയെ തിരഞ്ഞെടുത്തു. ഈ സിനിമയിലെ ഫുള്‍ ഡയലോഗുകളും ഞങ്ങളെക്കൊണ്ട് പറയിച്ചതിനുശേഷമാണ് ഞങ്ങളെ പൂര്‍ണ്ണമായും തീരുമാനിക്കുന്നത്.
നിങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ആദ്യ സീന്‍ എന്തായിരുന്നു?
ലത: സീന്‍ ആയിരുന്നില്ല ആദ്യം ഷൂട്ട് ചെയ്തത്. സോംഗ് കട്ട്സായിരുന്നു. പൂജ നടന്ന ദിവസം തന്നെ അതേ വീട്ടില്‍ വച്ച് സോംഗ്സിന്‍റെ ബീറ്റും ഷൂട്ടുചെയ്തു. പിന്നെ, ദിലീപ് ചേട്ടനും ഒരുമിച്ച് ഞങ്ങളുടെ സീനെടുത്ത് കോഫിഷോപ്പില്‍ വച്ചായിരുന്നു. ആ രംഗങ്ങളൊക്കെ വളരെ രസകരമായിരുന്നു. അതൊന്നും പ്രേക്ഷകരും പെട്ടെന്ന് മറന്നുപോകാറില്ല.
അമ്മയും മകളുമായി അഭിനയിച്ചപ്പോള്‍...?
ലത: എനിക്കും ഒരു മോളാണുള്ളത്. മീനാക്ഷിക്ക് മോളേക്കാള്‍ അല്‍പ്പം പ്രായക്കൂടുതലുണ്ടെന്ന് മാത്രം. ഓഡിഷന്‍ നടന്നപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും സെറ്റായി. നല്ലൊരു കോംബോ ആയിട്ടുതന്നെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് മനസ്സിലായി.
അമ്മയും മോളും തമ്മിലുള്ള ഒരു വൈബുണ്ടല്ലോ.. എന്‍റെ വീട്ടിലുള്ള അതേ വൈബുതന്നെയായിരുന്നു ഞങ്ങളൊരുമിച്ചഭിനയിക്കുമ്പോഴും മീനാക്ഷിയുടെ അടുത്ത് തോന്നിയിരുന്നത്. മീനാക്ഷിക്കും അങ്ങനെതന്നെയായിരുന്നു. ഒരമ്മയോടുള്ള മകളുടെ ഫ്രീഡം എങ്ങനെയാണോ, ആ രീതിയില്‍ തന്നെയായിരുന്നു എന്നോട് ഓരോ കാര്യങ്ങളും ചോദിച്ചിരുന്നതും പറയുന്നതും പെരുമാറിയതും ഒക്കെ. അപ്പോഴെല്ലാം എന്‍റെ മോള്‍ എന്നോട് സംസാരിക്കുന്ന പോലെ..., പെരുമാറുന്നതുപോലെതന്നെ തോന്നി.
അതുകേട്ടപ്പോള്‍ മീനാക്ഷിയുടെ മുഖത്ത് ചിരി.
മീനാക്ഷി: സിനിമ റിലീസായ ദിവസം തന്നെ നല്ല നല്ല റിവ്യൂസ് വന്നുതുടങ്ങിയിരുന്നു. അന്ന് കേക്ക് മുറിച്ച് ഞങ്ങള്‍ അതിന്‍റെ വിജയാഹ്ലാദം പങ്കിട്ടിരുന്നു. എന്നെ സംബന്ധിച്ച് അതെല്ലാം പുതിയ പുതിയ അനുഭവങ്ങളായിരുന്നു.
ലൊക്കേഷനില്‍ മറ്റ് ആര്‍ട്ടിസ്റ്റുകളുമായി അഭിനയിച്ചപ്പോള്‍...?
എല്ലാവരും വളരെ കൂളായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല, ഡയറക്ടര്‍ ആയാലും സ്ക്രിപ്റ്റ് റൈറ്റര്‍ ആയാലും എല്ലാം. എല്ലാവരും ഞങ്ങളെ വളരെ കംഫര്‍ട്ടബിളാക്കിക്കൊണ്ടാണ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. തമാശകള്‍ പറഞ്ഞും ചിരിച്ചും ഇരിക്കും. അതിനിടയില്‍ ഓരോ ഷോട്ടുകളും ഷൂട്ട് ചെയ്യുന്നത് ഞങ്ങള്‍ പോലും അറിയുന്നുണ്ടായിരുന്നില്ല. ടെന്‍ഷനുള്ള ചില സീനില്‍ അഭിനയിക്കുമ്പോഴും അത് നന്നാക്കാന്‍ പറ്റുമോയെന്നൊരു ചിന്ത എന്‍റെ മനസ്സില്‍ തോന്നിയാലും ഷോട്ടെടുക്കുമ്പോള്‍ അതിന്‍റെ അങ്കലാപ്പോ ആശങ്കയോ ഒന്നുമുണ്ടായിട്ടില്ല. അതെല്ലാം ഭംഗിയായി ത്തന്നെ നടന്നുപോകുകയായിരുന്നു.
ഇപ്പോള്‍ അതേക്കുറിച്ചൊക്കെ പറയുമ്പോള്‍ ആ അനുഭവങ്ങളെല്ലാം വളരെ മിസ്സായിപ്പോകുന്നുവല്ലോ എന്നൊരു തോന്നല്‍ കൂടിയുണ്ട്.
മീനാക്ഷി: അതെ. ദിലീപേ ട്ടന്‍ നല്ലൊരു കോ സ്റ്റാറാണ്. നല്ല സപ്പോര്‍ട്ടീവാണ്. കൂടെ നന്നായി വര്‍ക്കുചെയ്യാന്‍ പറ്റി. ഭയങ്കര കംഫര്‍ട്ടബിളായിരുന്നു. ഷൂട്ടുചെയ്തുകഴിഞ്ഞും റിലീസ് കഴിഞ്ഞും പിന്നീടെപ്പോള്‍ കണ്ടാലും ദിലീപേട്ടന്‍ നല്ല വാം ആയിട്ടുള്ള വെല്‍ കമിംഗാണ്. അന്‍പതാം ദിവസം സക്സസ് പാര്‍ട്ടി ആഘോഷിച്ചപ്പോള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും വീണ്ടും ഒത്തുകൂടി.

പുതിയ സിനിമകളെക്കുറിച്ച്?
ലത: ഓട്ടന്‍തുള്ളല്‍ എന്ന സിനിഷൂട്ട് കഴിഞ്ഞു. മറ്റൊന്ന് 'വാഴ' സിനിമയുടെ രണ്ടാം ഭാഗമായ 'വാഴ 2' ആണ്. മൂന്നുനാല് സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. അതില്‍ രണ്ടെണ്ണം തമിഴ് സിനിമയാണ്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നുള്ളതാണ് എന്‍റെ മറ്റൊരു ഓണവിശേഷം.
മീനാക്ഷി: ഞാനും ഒന്നുരണ്ട് സിനിമകളുടെ ചര്‍ച്ചകളിലാണ്. ഒന്നും കമിറ്റ് ചെയ്തിട്ടില്ല.
സംസാരം കഴിഞ്ഞപ്പോഴേയ്ക്കും പൂക്കളവും പൂര്‍ത്തിയായി. തിരുവോണം ഇങ്ങ്... അരികില്‍ എത്തിയ നിമിഷങ്ങള്‍. രണ്ടുപേരും 'നാന'യുടെ വായനക്കാര്‍ക്ക് ഓണാശംസകള്‍ നേരുന്നു.
ജി. കൃഷ്ണന്‍, മാലം
ഫോട്ടോഗ്രാഫി; ജയ്സണ്‍ പാമ്പാടി