ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങള്‍ -ഡോ.അഖിലാ വിനോദ്
മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ തെളിഞ്ഞ അന്തരീക്ഷം. ചിങ്ങപ്പുലരിയുടെ പൊന്‍കിരണങ്ങള്‍ ഇലകളിലും പൂക്കളിലും പെയ്തിറങ്ങുന്ന കാഴ്ചകള്‍ക്കിടയിലാണ് സെലിബ്രിറ്റി യോഗാ തെറാപ്പിസ്റ്റും പ്രകൃതി ചികിത്സകയുമായ ഡോ.അഖിലാ വിനോദ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ഡോ. അഖില വിനോദ് 'മഹിളാരത്നം' ഓണം ഷൂട്ടിനാണ് തൃശ്ശൂരില്‍ എത്തിയത്.
കൊല്ലങ്കോട് രാജവംശത്തിലെ അവസാനത്തെ കിരീടാവകാശിയായിരുന്ന വാസുദേവരാജ 1904 ല്‍ പണികഴിപ്പിച്ച തൃശ്ശൂര്‍ ചെമ്പൂക്കാവിലെ കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെടുന്ന കൊട്ടാരത്തിലായിരുന്നു ഷൂട്ട് ഒരുക്കിയത്.
അരിപ്പൂതേടിയുള്ള യാത്ര
ഓണം എപ്പോഴും എന്നെ പെരുമ്പാവൂരിലെ തറവാട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോകാറ്. മുത്തച്ഛനും മുത്തശ്ശിയും എല്ലാവരും കൂടിയുള്ള തറവാട്ടിലെ ഓണം. അത് എത്ര പറഞ്ഞാലും തീരില്ല. കൂട്ടുകുടുംബത്തിലായിരുന്നു ജനിച്ചതും വളര്‍ന്നതും. അതാണ് എന്നെ ഞാനാക്കിയത്. മുത്തച്ഛന്‍ പ്രശസ്തനായ വൈദ്യനും യോഗിയുമായിരുന്നു- ശങ്കരന്‍ കര്‍ത്ത.
കൂട്ടുകുടുംബമായതിനാല്‍ വീട്ടില്‍ ഒരുപാട് കസിന്‍സുമുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും കൂടിയാണ് അത്തം പിറന്നാള്‍ പൂക്കള്‍ പറിക്കാന്‍ പോകാറ്. എനിക്ക് കൂടുതലും ഇഷ്ടം അരിപ്പൂവും തുമ്പയും പറിക്കാനായിരുന്നു. എന്നോടൊപ്പം അനിയനും കൂടും. ആ കൂട്ട് അവന് ഇപ്പോഴുമുണ്ട്. കുഞ്ഞുന്നാളിലേതന്നെ അച്ഛനും അമ്മയും എന്നെയും അനിയനേയും പാട്ടും ഡാന്‍സുമെല്ലാം പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലെ കുഞ്ഞുകുഞ്ഞു പരിപാടികളില്‍ ഞാനും അനിയനും സജീവമായിരുന്നു. അന്ന് മുത്തച്ഛന്‍ കുട്ട്യേ... ഇങ്ങനെയാണ് ഇരിക്കേണ്ടത്, ആദ്യം ഇതാണ് കഴിക്കേണ്ടത്, ഇതിന് ഇന്ന ഇന്ന ഗുണങ്ങളുണ്ട് എന്നൊക്കെ പറഞ്ഞുതരും. പക്ഷേ, അവിയല്‍ കണ്ടാല്‍ എന്‍റെ കിളിപോകും.

അറിഞ്ഞുകഴിക്കാം സദ്യ
തൂശനിലയിലാണല്ലോ സദ്യവിളമ്പുന്നത്. വാഴയിലയില്‍ ചൂടോടെ ഭക്ഷണം വിളമ്പിക്കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
എനിക്ക് ഇഷ്ടമുള്ള ശര്‍ക്കരവരട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ നേന്ത്രക്കായ, ഉണങ്ങിയ ഇഞ്ചി, ഏലം, ശര്‍ക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ശര്‍ക്കരവരട്ടി ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. വിറ്റാമിനുകള്‍ നിറഞ്ഞ ശര്‍ക്കര രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചോറ് മട്ടയാണെങ്കില്‍ കൂടുതല്‍ നല്ലത്. കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടവും മഗ്നീഷ്യം പോലുള്ള അപൂര്‍വ്വ ധാതുക്കളാല്‍ സമ്പന്നമായ മട്ട അരി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
കൂടാതെ കൊളസ്ട്രോള്‍ ഒരു പരിധിവരെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പരിപ്പും നെയ്യും കഴിക്കുന്നത് ഏറെ ഗുണകരമാണ്. പരിപ്പില്‍ ധാരാളം പ്രോട്ടീനുണ്ട്. അതുകൊണ്ടുതന്നെ പരിപ്പ് നെയ്യിനൊപ്പം കഴിക്കുമ്പോള്‍ അത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പരിപ്പ് മാത്രം കഴിക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതുവഴി കുറയ്ക്കാനും സഹായകമാകുന്നു.
തേങ്ങ, തൈര്, കാരറ്റ്, ചേന, മത്തങ്ങ, നേന്ത്രക്കായ, വെള്ളരി, മാങ്ങ, വെളിച്ചെണ്ണ തുടങ്ങിയവ ഉപയോഗിച്ചാണ് പലരും അവിയല്‍ തയ്യാറാക്കാറ്. വിറ്റാമിന്‍ ഇ, ബീറ്റാകരോട്ടിന്‍, ഫൈബര്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് അവിയല്‍. ഞാന്‍ രോഗികള്‍ക്ക് ഒരു നേരത്തെ ആഹാരമായി അവിയല്‍ കഴിക്കാനാണ് പറയാറ്. അവിയല്‍ കഴിച്ചാല്‍ ആ ദിവസം ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് എന്‍റെ അഭിപ്രായം. ഞാന്‍ പലപ്പോഴും അവിയല്‍ മാത്രമാണ് കഴിക്കാറ്. അത്രയ്ക്കും ആരോഗ്യ സമ്പുഷ്ടവുമാണ് അവിയല്‍.

പിന്നെ സാമ്പാറിന്‍റെ കാര്യം പറയുകയാണെങ്കില്‍ മുരിങ്ങ, കാരറ്റ്, ബീന്‍സ്, വഴുതനങ്ങ, മത്തന്‍, ചേന, വെള്ളരി, കയ്പന്‍, പടവലം, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ ഉപയോഗിച്ചാണല്ലോ സാമ്പാര്‍ തയ്യാറാക്കാറ്. അതുകൊണ്ടുതന്നെ ഈ പച്ചക്കറികളുടെയെല്ലാം പോഷകഗുണങ്ങള്‍ സാമ്പാറിലൂടെ ലഭിക്കും. ദഹനപ്രക്രിയയെ മെച്ചപ്പെടുത്താന്‍ സാമ്പാറിന് കഴിയും.
കുമ്പളങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓലന്‍ സദ്യയില്‍ ജലാംശം കൂടുതലുള്ള വിഭവമാണല്ലോ, കലോറി കുറവുള്ള ഓലന്‍ ശരീരത്തിന് ആവശ്യമായ നിരവധി പ്രോട്ടീനുകളുടെ കലവറയാണ്.
മോര്, നേന്ത്രക്കായ, മഞ്ഞള്‍പൊടി തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കാളന്‍, ഒരു പരിധിവരെ കുടലിന്‍റെ ആരോഗ്യത്തിനും ദഹനവുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കാനും സഹായകമാണ്.
മോരും രസവും കഴിക്കുന്നത് ദഹനത്തിന് ഗുണകരമാണ്. രസത്തിലെ ജീരകം, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ചേരുവകളാണ് ദഹനത്തിന് ഏറെ സഹായകമാകുന്നത്.
പായസത്തിന്‍റെ കാര്യം പറയുമ്പോഴാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഇലയില്‍ കുറച്ച് ഒഴിച്ച് കഴിക്കുമ്പോള്‍ നമുക്ക് ഏകദേശം അളവ് അറിയാന്‍ പറ്റും. അധികം മധുരം കഴിക്കരുത് എന്നെ ഞാന്‍ പറയൂ. പണ്ടത്തെ കാലത്തുള്ളവര്‍ നല്ല അധ്വാനികളായിരുന്നു. പാടത്തും പറമ്പിലും പണിയെടുക്കുന്നവരും വീട്ടിലുള്ള സ്ത്രീകള്‍ പോലും ഉരലില്‍ അരി ഇടിച്ചും അലക്കിയും വിറകടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പോലും അവരുടെ ശരീരത്തിനൊക്കെ വ്യായാമമുണ്ടായിരുന്നു. ഇന്ന് നമ്മള്‍ ഓരോരുത്തരും എത്രത്തോളം വ്യായാമം ചെയ്യുന്നുണ്ട് എന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്. ഇന്ന് പലരും പ്രമേഹവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് അടിമയായി തീരുന്ന ഈ കാലഘട്ടത്തില്‍ കഴിയുന്നതും കുറഞ്ഞ അളവില്‍ പായസം കുടിക്കുന്നതല്ലേ നല്ലത്. പായസത്തിലും ചില ഗുണങ്ങളുണ്ട്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി, സി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൂടുതല്‍ കുടിക്കാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല.

പായസം ശരീരത്തിലെ ജലാംശം കൂട്ടാനും സഹായകമാണ്. മധുരത്തിന് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അധികമായാല്‍ അമൃതും വിഷമെന്നല്ലേ.. അഖില പറഞ്ഞു. സംസാരത്തിനിടയില്‍ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി. കൗതുകകരമായ ഒരു കാഴ്ചയായിരുന്നു അത്. തൃശ്ശൂരിലെ ബാങ്ക് ജീവനക്കാരനായ റോഷന്‍ സുഗതനും ഭാര്യ നിമ്മിയും ചേര്‍ന്ന് അവരുടെ രണ്ടുവയസ്സുകാരനായ ആദികേശ് എന്‍ റോഷനെ മാവേലിയാക്കി പടമെടുക്കുന്നതിനിടെയാണ് അവരുടെ കണ്ണ് വെട്ടിച്ച് കുഞ്ഞുമാവേലി ഡോ. അഖിലയുടെ പൂക്കളം കാണാനെത്തിയത്. അപ്രതീക്ഷിതമായി എത്തിയ മാവേലിയെ കണ്ട് ഡോ. അഖില ഒന്ന് ഞെട്ടിയോ എന്ന് സംശയം. പിന്നെ അവിടം കുസൃതി നിറഞ്ഞ കളിചിരികള്‍.. എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളോടെ...
കോസ്റ്റ്യൂം: പുടവ ഹാന്‍ഡ് ലൂം, രാധാ തിയേറ്റര്‍- കോഴിക്കോട്,
ഫോട്ടോ: സജീഷ് ആളുപറമ്പില്‍