റോക്കിയുടെ അമ്മ -അര്‍ച്ചനാജോയ്സ്
റോക്കിയുടെ അമ്മയായി കെ.ജി.എഫില്‍ ജീവിക്കുകയായിരുന്നു അര്‍ച്ചനാജോയ്സ്. കെ.ജി.എഫ് എന്ന സിനിമയുടെ വന്‍വിജയത്തിന്‍റെ പ്രധാന ഘടകങ്ങളിലൊന്നാണ്, ചിത്രത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങളിലെ 'അമ്മ സെന്‍റിമെന്‍റ്സ്.' യഷ് എന്ന നടന്‍റെ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായി ഭവിച്ച കെ.ജി.എഫ് 1, കെജിഎഫ് 2 എന്നീ സിനിമകള്‍ മറ്റൊരാള്‍ക്കും വലിയ വഴിത്തിരിവായിരുന്നു. റോക്കി എന്ന നായകകഥാപാത്രത്തിന് അമ്മയായി അഭിനയിച്ച അര്‍ച്ചനാജോയ്സ് എന്ന ചെറുപ്പക്കാരി. നായകന്‍റെ തന്നെ അമ്മയായി അഭിനയിക്കാന്‍ തന്‍റേടം കാണിച്ച യുവതിയായ അര്‍ച്ചനാജോയ്സ് എന്ന ആ അഭിനേത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രസക്തഭാഗങ്ങള്‍...
അര്‍ച്ചനാജോയ്സിനെക്കുറിച്ച്..?
ഞാന്‍ ബാംഗ്ലൂരിലാണ് ജനിച്ചത്. അവിടെ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കഥക് നൃത്തം അഭ്യസിച്ചു. എന്‍റെ യഥാര്‍ത്ഥ പേര് നാച്ചിയാര്‍ ജോയ്സ് എന്നാണ്. സിനിമയ്ക്കുവേണ്ടി അര്‍ച്ചനാജോയ്സ് എന്നുമാറ്റി. തഞ്ചാവൂരിലെ ശാസ്താ യൂണിവേഴ്സിറ്റിയില്‍ നിന്നും പല വേദികളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലും പങ്കെടുക്കാറുണ്ടായിരുന്നു. ആ സമയത്താണ് ടി.വി. സീരിയില്‍അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. 'മഹാദേവി' എന്ന കന്നട സീരിയലിലൂടെ കര്‍ണ്ണാടകയിലെ ഓരോ വീട്ടുകാര്‍ക്കും ഞാന്‍ സുപരിചിതയായി. സീരിയലില്‍ ശക്തമായ കഥാപാത്രം അവതരിപ്പിച്ചതുകൊണ്ട് സ്ത്രീകള്‍ക്ക് ഞാന്‍ പ്രിയങ്കരിയും അവര്‍ക്കിടയില്‍ പ്രശസ്തയുമായി. സിനിമയില്‍ അഭിനയിച്ചാലും ഇപ്പോഴും ഞാന്‍ ടി.വി സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.

കെ.ജി.എഫിലേക്ക്...?
2018 ലാണ് കെ.ജി.എഫ് 1 ല്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. കൊച്ചുപയ്യന്‍റെ അമ്മയായിട്ടല്ലേ എന്നു കരുതിയാണ് അന്ന് ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ സമ്മതിച്ചത്. സിനിമയില്‍ അല്‍പ്പനേരം വരുന്ന കഥാപാത്രമായിരുന്നെങ്കിലും അത് കാണികളുടെ മനസ്സില്‍ പതിയുന്ന കഥാപാത്രമായിരുന്നു. 'ശാന്തമ്മ' എന്ന ആ കഥാപാത്രത്തെ ഞാന്‍ നന്നായി അഭിനയിച്ച് ഫലിപ്പിച്ചുവെന്ന് നിരൂപക പ്രശംസ കിട്ടി. സിനിമ കണ്ടവരെല്ലാം പ്രശംസിച്ച കഥാപാത്രമായി അത്.
കൊച്ചുപയ്യന്‍റെ അമ്മയില്‍നിന്നും കെ.ജി.എഫ് 2 ല്‍ എത്തിയപ്പോള്‍ യഷിന്‍റെ അമ്മയാകേണ്ടിവന്നല്ലോ..?
അതെ. ചെറിയ റോക്കിയുടെ അമ്മയായി അഭിനയിച്ചതുകൊണ്ടാവാം വലിയ റോക്കിയുടെ അമ്മയായിട്ട് അഭിനയിക്കുമ്പോഴും യഷിന്‍റെ അമ്മയാണ് എന്നാണ് മനസ്സില്‍ തോന്നിയത്. അത്രത്തോളം ആ കഥാപാത്രവുമായി ലയിപ്പിച്ചു സംവിധായകന്‍ പ്രശാന്ത് നീല്‍. യഷുമായുള്ള രംഗങ്ങള്‍ പലതവണ ചിത്രീകരിക്കപ്പെട്ടു. അതുകൊണ്ടാണ് ആ കഥാപാത്രം പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ആഴത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞത്. എന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ആ രംഗങ്ങള്‍ എവിടെയാണ് ചേര്‍ക്കാന്‍ പോകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ എവിടെ ചേര്‍ക്കണമോ അവിടെ ആ രംഗങ്ങള്‍ ചേര്‍ത്തു സംവിധായകന്‍.
കെ.ജി.എഫ് 1 നുശേഷം കെ.ജി.എഫ് 2 ലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം കിട്ടി. യഷുമായി ഒരു രംഗത്തില്‍ പോലും ഒന്നിച്ച് ഞാന്‍ ഉണ്ടായില്ല. 'ശാന്തമ്മ' മകന്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ മരിക്കുകയാണല്ലോ. പിന്നെങ്ങനെ വളര്‍ന്നുവലുതായ റോക്കി(യഷ്)യ്ക്കൊപ്പം അഭിനയിക്കാനാവും? എങ്കിലും കാണികള്‍ക്ക് മറക്കാനാവാത്ത കെജിഎഫിലെ കഥാപാത്രങ്ങളിലൊന്നായി മാറിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അതില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ പ്രായം 25 വയസായിരുന്നു.

ഭാവി പദ്ധതികള്‍..?
കന്നട സിനിമയില്‍ നിന്നും ധാരാളം അവസരങ്ങള്‍ കിട്ടുന്നുണ്ട്. ഒരു മറാത്തി സിനിമയിലും അഭിനയിച്ചു. തമിഴ്, ഹിന്ദി ഭാഷകള്‍ എനിക്കറിയാം. ഞാന്‍ വിവാഹിതയാണ്. എന്‍റെ വിജയത്തിനുപിന്നില്‍ ഭര്‍ത്താവ് ശ്രേയസ് ഉതുപ്പായുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവുമുണ്ട്. അതാണ് എന്‍റെ ബലം.