നടി മഹിമ നമ്പ്യാർ മൂന്ന് വർഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു
Highlights
തീരദേശ ജനതയുടെ ജീവിതവും പാരമ്പര്യവും വികാരങ്ങളും മനക്കരുത്തും പ്രമേയമാക്കുന്ന സ്പോർട്സ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളി താരം മഹിമ നമ്പ്യാർ വീണ്ടും തമിഴ് സിനിമയിൽ സജീവമാകുന്നു. ‘ചാട്ടൈ’യിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച മഹിമ, ‘മൊസക്കുട്ടി’, ‘കുറ്റം 23’, ‘കൊടിവീരൻ’, ‘മഹാമുനി’, ‘രത്തം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.
2023ൽ പുറത്തിറങ്ങിയ ‘രത്തം’ ആണ് മഹിമയുടെ അവസാന തമിഴ് ചിത്രം. ഇതിന് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പുതിയ തമിഴ് ചിത്രമായ ‘മണ്ടാടി’യിലൂടെ തിരിച്ചെത്തുന്നത്. ചിത്രത്തിൽ സൂരിയാണ് നായക വേഷത്തിലെത്തുന്നത്.

മതിമാരൻ പുഗഴേന്തിയാണ് ‘മണ്ടാടി’ സംവിധാനം ചെയ്യുന്നത്. തീരദേശ ജനതയുടെ ജീവിതവും പാരമ്പര്യവും വികാരങ്ങളും മനക്കരുത്തും പ്രമേയമാക്കുന്ന സ്പോർട്സ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ കഥയുടെ ഗതിയെ നിർണയിക്കുന്ന ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മഹിമ നമ്പ്യാർ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘മണ്ടാടി’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകർ.
