'തിങ്കളാഴ്ച നിശ്ചയം' എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരുടേയും, നിരൂപകരുടെയും മനസ്സ് കീഴടക്കിയ നടി ഉണ്ണിമായ നാലപ്പാടം 'നാന'യോടൊപ്പം
Highlights
'തിങ്കളാഴ്ച നിശ്ചയം' എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരുടേയും, നിരൂപകരുടെയും മനസ്സ് കീഴടക്കി, പിന്നീട്, 'പരിവാര്‍', 'ധീരന്‍' തുടങ്ങിയ സിനിമകളിലൂടെ മലയാളചലച്ചിത്ര രംഗത്ത് തന്‍റേതായ ഒരിടം കണ്ടെത്തുകയാണ് നടി ഉണ്ണിമായ നാലപ്പാടം. അധ്യാപനജീവിതത്തില്‍ നിന്നും അഭിനയത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും ഉണ്ണിമായ സംസാരിക്കുന്നു.
കരിയറിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാന- ദേശീയ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞു. ആ സിനിമയ്ക്ക് വലിയൊരു ആഗോള സ്വീകാര്യത ലഭിക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ?
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. കാഞ്ഞങ്ങാടിന്‍റെ പശ്ചാത്തലത്തില്‍, പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി സനല്‍ സാര്‍ ഒരുക്കിയ ഒരു കൊച്ചുചിത്രമായിരുന്നു അത്. വെറുതെ ഒരു കൗതുകത്തിന് ഫോട്ടോ അയച്ചുകൊടുത്താണ് ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തത്. സിനിമയുടെ ഷൂട്ടിംഗ് സമയത്തോ, പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലോ ഇതിന് ഇത്രയും വലിയ ദേശീയ അംഗീകാരം ലഭിക്കുമെന്ന് ഞങ്ങള്‍ ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍, ഐ.എഫ്.എഫ്.കെ (കഎഎഗ) സ്ക്രീനിംഗില്‍ നിറഞ്ഞ സദസ്സില്‍ നിന്നും പ്രേക്ഷകര്‍ നല്‍കിയ ആവേശകരമായ കയ്യടിയും പ്രതികരണവും കണ്ടപ്പോഴാണ് ഞങ്ങള്‍ ചെയ്ത സിനിമയുടെ വ്യാപ്തി ഞങ്ങള്‍ക്ക് മനസ്സിലായത്.
ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ അധ്യാപിക എന്ന സുരക്ഷിതമായ ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍സമയ അഭിനയത്തിലേക്ക് കടന്നുവന്നത്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ ഒരു മേഖലയിലേക്ക് മാറുമ്പോള്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നോ?
ഭാഗ്യവശാല്‍ കുടുംബത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സ്വന്തം ജീവിതവും അതിലെ തീരുമാനങ്ങളും നമ്മുടെ സ്വന്തം ഉത്തരവാദിത്തമാണെന്ന രീതിയിലാണ് മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. പിന്നീട് സൗണ്ട് ഡിസൈനറായ ഭര്‍ത്താവ് വിഷ്ണുവും ഇതേ സ്വാതന്ത്ര്യവും പിന്തുണയും തന്നെയാണ് നല്‍കിയത്. ഒരു സ്ഥിര ജോലി ലഭിച്ചതിനുശേഷം അത് വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ എന്നെ തടഞ്ഞില്ല. പ്രതിസന്ധികളെ നേരിടാന്‍ മാനസികമായി തയ്യാറാണെങ്കില്‍, ഇഷ്ടമുള്ള മേഖലയിലേക്ക് ധൈര്യമായി പൊയ്ക്കോളൂ എന്നാണ് അവര്‍ പറഞ്ഞത്. ആ ഒരു ആത്മവിശ്വാസത്തിലാണ് എന്നെ ഇവിടെവരെ എത്തിച്ചത്.
'പരിവാര്‍', 'ധീരന്‍' എന്നീ ചിത്രങ്ങളില്‍ ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ വലിയ മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിഞ്ഞു. ആ അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?
അതൊരു വലിയ ആക്ടിംഗ് സ്ക്കൂളില്‍ പഠിച്ച അനുഭവമായിരുന്നു. ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള അഭിനേതാക്കളായിട്ടും, ജഗദീഷേട്ടനും ഇന്ദ്രന്‍സേട്ടനുമൊന്നും നമ്മളെ ഒരു തുടക്കക്കാരിയായി കണ്ട് മാറ്റിനിര്‍ത്താറില്ല. സെറ്റില്‍ എല്ലാവരെയും തുല്യരായിട്ടാണ് അവര്‍ പരിഗണിക്കുക.
ഉദാഹരണത്തിന്, ജഗദീഷേട്ടന്‍ ക്യാമറ ഫ്രെയിമുകളെക്കുറിച്ചും, ടൈറ്റ്ക്ലോസ്- അപ്പ് ഷോട്ടുകളില്‍ ലൈറ്റിംഗിന് അനുസരിച്ച് എങ്ങനെയൊക്കെ നില്‍ക്കണം എന്നതിനെക്കുറിച്ചുമെല്ലാം വളരെ ലളിതമായി പറഞ്ഞുതന്ന് എന്‍റെ തുടക്കക്കാലത്തെ ഭയവും ആശങ്കകളും മാറ്റിത്തന്നു. അവരുടെ അഭിനയശൈലി നോക്കിനില്‍ക്കുന്നത് തന്നെ ഒരു പാഠമാണ്.
സോഷ്യല്‍ മീഡിയയിലെ പ്രശസ്തരായ വ്യക്തികള്‍ ഇപ്പോള്‍ സിനിമയിലേക്ക് ധാരാളമായി കടന്നുവരുന്നുണ്ട്. ഈ പുതിയ ട്രെന്‍ഡിനെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എങ്ങനെ കാണുന്നു?
അതൊരു സ്വാഭാവികമായ പരിണാമമാണ്. സോഷ്യല്‍മീഡിയയില്‍ വലിയൊരു ഫോളോവേഴ്സ് ബേസ് ഉള്ളത് സിനിമയില്‍ പ്രൊമോഷനും തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനും സഹായിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ കാണുന്ന ഫോളോവേഴ്സിനെ അവര്‍ ഒറ്റരാത്രി കൊണ്ട് ഉണ്ടാക്കിയതല്ല, നിരന്തരമായ ക്രിയേറ്റീവ് വര്‍ക്കുകളിലൂടെ നേടിയെടുത്തതാണ്. എന്നാല്‍, സിനിമയില്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ സോഷ്യല്‍മീഡിയ പ്രശസ്തി മാത്രം പോരാ, മികച്ച അഭിനയശേഷിയും, കഥാപാത്രത്തിന് അനുയോജ്യമാവുക എന്നതും തന്നെയാണ് പ്രധാനം. സിനിമ ആവശ്യപ്പെടുന്ന ആത്മാര്‍ത്ഥത നല്‍കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ഇവിടെ നിലനില്‍ക്കാം.
ഭാവിയില്‍ എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം? ഒരു ഗ്ലാമറസ് നായിക നടി എന്ന രീതിയിലുള്ള സ്വപ്നങ്ങള്‍ ഉണ്ടോ?
വെറുതെ വന്ന് പോകുന്ന, പാട്ടും നൃത്തവും മാത്രമുള്ള ഒരു സാധാരണ നായികയാകാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമില്ല. നല്ല അഭിനയസാധ്യതയുള്ള, പെര്‍ഫോം ചെയ്യാന്‍ സ്പേസ് ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അത് നെഗറ്റീവ് ഷേഡുകളുള്ള കഥാപാത്രങ്ങളാണെങ്കില്‍ പോലും ഞാന്‍ തയ്യാറാണ്. 'പരിവാര്‍' എന്ന ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന് ദേഷ്യവും വിഷമവുമെല്ലാം ഉള്ള ഒരുപാട് വൈകാരിക തലങ്ങളുണ്ടായിരുന്നു. അത്തരം ചലഞ്ചിംഗ് ആയ വേഷങ്ങളാണ് ഒരു നടി എന്ന നിലയില്‍ കൂടുതല്‍ ആവേശഭരിതയാക്കുന്നത്.
വളരെ കോമ്പറ്റിറ്റീവ് ആയ ഒരു സിനിമാലോകത്ത് സമാധാനത്തോടെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന നിങ്ങളുടെ ജീവിതതത്ത്വം എന്താണ്?
എല്ലാ കാര്യങ്ങളെയും വളരെ പോസിറ്റീവായി കാണുക, വരുന്നതുപോലെ സ്വീകരിക്കുക, ജീവിതത്തില്‍ നല്ല സമയവും മോശം സമയവും മാറിമറിഞ്ഞുവരും. മറ്റുള്ളവരുടെ വിജയങ്ങളുമായി നമ്മളെ താരതമ്യം ചെയ്യുന്നതോ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നതോ നമ്മുടെ സമാധാനം കളയും. ഒരു നല്ല കലാകാരിയായി കരിയറില്‍ മുന്നേറുക, അതോടൊപ്പം തന്നെ കുടുംബത്തിന്‍റെ സന്തോഷത്തിനും സമാധാനത്തിനും മുന്‍ഗണന നല്‍കുക ഇതാണ് എന്‍റെ രീതി.