സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്ന നടിമാർ; തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമാകുന്ന പുതിയ പ്രവണത
Highlights
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ തമിഴിലായിരുന്നു. 'ഗാട്ട കുസ്തി 2' മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, അനുഷ്ക ഷെട്ടിയുടെ മലയാള ചിത്രം 'കത്തനാർ' റിലീസിനായി ഒരുങ്ങുകയാണ്
ഒരു കാലത്ത് സിനിമാ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ, ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയയാണ്. സിനിമാ പ്രഖ്യാപനങ്ങൾ മുതൽ സ്വകാര്യ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ വരെ നേരിട്ട് പങ്കുവെക്കുന്ന വേദിയായ സോഷ്യൽ മീഡിയയിൽ നിന്നാണ് ഇപ്പോൾ നിരവധി പ്രമുഖ നടിമാർ സ്വമേധയാ ഇടവേളയെടുക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഈ പ്രവണത ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ മലയാളത്തിന്റെ യുവതാരം മമിത ബൈജുവാണ് സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുന്നതായി അറിയിച്ചത്. വ്യക്തമായ കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു പ്രഖ്യാപനം. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി തന്റെ ടീം കൈകാര്യം ചെയ്യുമെന്ന് മാത്രമാണ് താരം അറിയിച്ചത്.
മമിതയ്ക്ക് മുമ്പ് നടി കയാദു ലോഹറും സമാനമായ തീരുമാനം എടുത്തിരുന്നു. മനസിനും വിശ്രമം ആവശ്യമാണ് എന്ന കുറിപ്പോടെയാണ് കയാദു ഇടവേള പ്രഖ്യാപിച്ചത്. ഔദ്യോഗിക അപ്ഡേറ്റുകൾ ടീമിലൂടെ തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഇതിന് മുമ്പ് മലയാളി താരം ഐശ്വര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ നിന്ന് പിന്മാറിയിരുന്നു. കരിയറിന് ഗുണകരമാകുമെന്ന് കരുതിയ സോഷ്യൽ മീഡിയ പിന്നീട് തന്റെ ചിന്തകളെയും ജോലിയെയും ജീവിതരീതിയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്നും, അതുകൊണ്ടാണ് പിന്മാറുന്നതെന്നുമായിരുന്നു ഐശ്വര്യയുടെ വിശദീകരണം. പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്ന് അവർ പൂർണമായും വിട്ടുനിന്നു.
സൂപ്പർതാരം അനുഷ്ക ഷെട്ടിയും സാമൂഹികമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുത്തവരിൽ ഉൾപ്പെടുന്നു. പുതിയ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നായിരുന്നു അവർ അറിയിച്ചത്.
ഈ തീരുമാനങ്ങളിൽ മറ്റൊരു കൗതുകകരമായ കാര്യം, എല്ലാവരും കരിയറിലെ തിരക്കേറിയ ഘട്ടത്തിലാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നത് എന്നതാണ്. 'പ്രേമലു'വിന്റെ വിജയത്തിന് ശേഷം തമിഴ് സിനിമയിൽ സജീവമായ മമിത ബൈജു, ധനുഷ്, വിജയ്, സൂര്യ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. നിവിൻ പോളിക്കൊപ്പമുള്ള 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം.
കന്നഡയിൽ അരങ്ങേറ്റം കുറിച്ച കയാദു ലോഹർ ഇന്ന് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കേറിയ നടിയാണ്. ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'ക്ക് ശേഷം ദുൽഖർ സൽമാനൊപ്പമുള്ള 'ഐ ആം ഗെയിം' ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ തമിഴിലായിരുന്നു. 'ഗാട്ട കുസ്തി 2' മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, അനുഷ്ക ഷെട്ടിയുടെ മലയാള ചിത്രം 'കത്തനാർ' റിലീസിനായി ഒരുങ്ങുകയാണ്.
സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കാനുള്ള പ്രധാന കാരണം ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക എന്നിവയാണെന്നാണ് താരങ്ങൾ പറയുന്നത്. എന്നാൽ മറ്റൊരു വിലയിരുത്തലും സിനിമാ മേഖലയിലുണ്ട്. തിരക്കേറിയ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രൊഫഷണൽ സെലിബ്രിറ്റി മാനേജ്മെന്റ് ടീമുകൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് വ്യക്തിപരമായ ഉപയോഗം അവസാനിപ്പിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം.
കാരണം എന്തുതന്നെയായാലും, സോഷ്യൽ മീഡിയ ഡീടോക്സ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ പുതിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്.