നടന്മാരില്‍ എനിക്ക് ഇന്ദ്രന്‍സ് ഏട്ടനെയാണ് ഏറ്റവും ഇഷ്ടം. ഇന്ദ്രന്‍സ് ഏട്ടന്‍റെ അഭിനയവും അദ്ദേഹത്തിന്‍റെ ശൈലിയുമൊക്കെ എനിക്ക് ഇപ്പോഴും ഒരുപാട് ഇഷ്ടമാണ്. ഫീമേല്‍ ആക്ടേഴ്സില്‍ കാജല്‍അഗര്‍വാളും... - ദിവ്യ തോമസ്
Highlights
കോട്ടയത്തെ ചെറിയൊരു ഓഡിഷന്‍ വേദിയില്‍ നിന്ന് ആരംഭിച്ച് തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ യുവനടി ദിവ്യ തോമസ് തന്‍റെ അഭിനയജീവിതത്തെക്കുറിച്ചും 'ക്ലാ ക്ലാ ക്ലാ' ചിത്ര വിശേഷങ്ങളെക്കുറിച്ചും 'നാന'യോട് മനസ്സുതുറക്കുന്നു...
സിനിമയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു? സിനിമായാത്രയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എനിക്ക് ചെറുപ്പം മുതലേ അഭിനയവും മോഡലിംഗും ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ എങ്ങനെ ആ രംഗത്തേയ്ക്ക് എത്തണം എന്നോ ഓഡിഷനുകളില്‍ എങ്ങനെ പങ്കെടുക്കണം എന്നോ ഒന്നും അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് പത്രത്തില്‍ പരസ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കോട്ടയം പോലുള്ള സ്ഥലങ്ങളില്‍ വച്ച് സിനിമകള്‍ക്കായി കുട്ടികളുടെ ഓഡിഷനുകള്‍ നടക്കുന്നുണ്ടെന്ന് പത്രപ്പരസ്യങ്ങളിലൂടെയൊക്കെ അറിഞ്ഞു.
അതിനിടയിലാണ് ഒരു ടി.വി ചാനലില്‍ കുട്ടികള്‍ക്കായി മോഡലിംഗ് ഷോ നടത്തുന്നതിനെക്കുറിച്ചുള്ള പരസ്യം കണ്ടത്. അങ്ങനെയാണ് ആദ്യമായി ഒരു മോഡലിംഗ് ഷോയില്‍ പങ്കെടുക്കുന്നത്. ക്യാമറയുടെ മുന്നില്‍ നിന്ന് റാംപ് വര്‍ക്ക് ചെയ്തതും പോസ് ചെയ്തതുമൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അവിടെ വച്ച് പരിചയപ്പെട്ട ചിലരാണ് 'കാസ്റ്റിംഗ് കോള്‍' വഴിയാണ് സിനിമകളിലേക്കും ഓഡിഷനുകളിലേക്കുമുള്ള വിവരങ്ങള്‍ കൂടുതല്‍ അറിയാന്‍ സാധിക്കുക എന്നുപറഞ്ഞത്.
അങ്ങനെ കാസ്റ്റിംഗ് കോളുകള്‍ വഴി അപേക്ഷ അയച്ചാണ് എനിക്ക് ആദ്യത്തെ ആല്‍ബം സോംഗ് ലഭിക്കുന്നത്. അത് ചെയ്യാന്‍ എന്‍റെ അതേ പ്രായത്തിലുള്ള ചെറുപ്പക്കാരുടെ ഒരു ക്രൂ ആയിരുന്നു. വിഷ്ണു രവികുമാര്‍ ആയിരുന്നു അതിന്‍റെ ഡയറക്ടര്‍. അവന്‍ തന്നെയാണ് എന്നെ വന്നുകണ്ട് സെലക്ട് ചെയ്തത്. പിന്നീട് അവന്‍റെ തന്നെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതിലെ 'പാല്‍ക്കാരന്‍ പയ്യന്‍റെ പെണ്ണ്' എന്നുതുടങ്ങുന്ന ഒരു ചെറിയ രംഗം ഒക്കെ സാമാന്യം വൈറലായിരുന്നു. അതിനുശേഷമാണ് ചെറിയൊരു മലയാളം സിനിമ കിട്ടുന്നത്. പിന്നീട് തമിഴിലേക്ക് പോയി 'ഗില്ലി മാപ്പിളൈ' എന്ന ചിത്രം ചെയ്തു. ആ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ 'എന്‍ കാതലേ' എന്ന മറ്റൊരു തമിഴ്ചിത്രവും ലഭിച്ചു.
അതിനുശേഷം പഠനത്തിനായി ചെറിയൊരു ബ്രേക്ക് എടുത്തു. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് അടുത്ത സിനിമകള്‍ ചെയ്തുതുടങ്ങിയത്. ഇപ്പോള്‍ വേറെയും സിനിമകളുടെ തിരക്കുകളിലാണ്.
പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
എന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'ക്ലാ ക്ലാ ക്ലാ' ആണ്. തിയേറ്ററുകളില്‍ റിലീസായ ചിത്രത്തിന് കണ്ടവരില്‍ നിന്നെല്ലാം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അതിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര് നസ്രിയ എന്നാണ്. നിലവില്‍ ഷാന്‍ കച്ചേരി സംവിധാനം ചെയ്യുന്ന 'ഫോര്‍ സ്റ്റോറീസ്' അഭിനയിക്കുന്നു.
'ക്ലാ ക്ലാ ക്ലാ'യിലെ നസ്രിയ എന്ന കഥാപാത്രത്തെക്കുറിച്ച്?
'ക്ലാ ക്ലാ ക്ലാ'യുടെ ഓഡിഷനില്‍ പങ്കെടുത്തു സെലക്ട് ആയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്, ദിവ്യതോമസ് എന്ന വ്യക്തിയുടെ അതേ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് നസ്രിയ എന്നാണ്. ഭയങ്കര കെയര്‍ഫ്രീയായി, എല്ലാവരോടും സംസാരിച്ചു നടക്കുന്ന ഒരു കഥാപാത്രം.
പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ കുറച്ചൊരു ഇന്‍ട്രോവേര്‍ട്ട് ആണ്. എന്നാല്‍ നസ്രിയ തികച്ചും ഒരു എക്സ്ട്രോവേര്‍ട്ട് സ്വഭാവമുള്ള കഥാപാത്രമാണ്. എനിക്ക് കംഫര്‍ട്ടബിള്‍ ആയ ആളുകളോട് ഞാന്‍ നന്നായി സംസാരിക്കാറുണ്ട്. പക്ഷേ നസ്രിയയ്ക്ക് പുതിയ ആളുകളെ കാണുമ്പോള്‍ തന്നെ എല്ലാവരെയും ഫ്രണ്ട്സ് ആക്കണം. അങ്ങനെയൊരു വ്യത്യാസം ഞാനും ആ കഥാപാത്രവും തമ്മിലുണ്ട്.
ആദ്യമായി തമിഴില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു?
എന്‍റെ ആദ്യതമിഴ് ചിത്രം പത്മരാജ് സാര്‍ ഡയറക്ട് ചെയ്ത 'ഗില്ലി മാപ്പിളൈ' ആണ്. അവിടെ ചെല്ലുമ്പോള്‍ എനിക്ക് തമിഴില്‍ വലിയ ഡയലോഗുകള്‍ ഒന്നും പറയാന്‍ അറിയില്ലായിരുന്നു. 'എന്‍റെ പേര് ദിവ്യതോമസ്, ഉങ്കളോട് പേര് എന്നാ, ആമാ കണ്ടിപ്പാ, വണക്കം' ഇതൊക്കെ മാത്രമാണ് എനിക്ക് അറിയാമായിരുന്നത്. തമിഴ് വലിയ വശമില്ലാത്തതുകൊണ്ട് എല്ലാവരോടും പോയി 'വണക്കം വണക്കം' എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിരുന്നത്.
പക്ഷേ ഡയറക്ടറുടെ ഭാഗത്തുനിന്നും നല്ല പിന്തുണയാണ് ലഭിച്ചത്.
'ഡയലോഗിന്‍റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല, തംഗ്ലീഷില്‍ എഴുതിത്തരാം, ഓരോ ഡയലോഗ് വീതം പറഞ്ഞുതരുമ്പോള്‍ അത് മാത്രം റെക്കോര്‍ഡ് ചെയ്തു ഒപ്പിച്ചുപോകാം' എന്ന് അവര്‍ പറഞ്ഞു. കൂടാതെ സെറ്റില്‍ എനിക്ക് തമിഴ് ഡയലോഗുകളുടെ ഉച്ചാരണവും മറ്റും പഠിപ്പിച്ചു തരാനായി ഒരു മലയാളി ച്ചേട്ടനും ഉണ്ടായിരുന്നു.
ആദ്യദിവസത്തെ ഷൂട്ടില്‍ എല്ലാവരുടെയും ഷൂട്ട് കഴിഞ്ഞശേഷം അവസാനമാണ് എന്‍റെ സീന്‍ എടുത്തത്. എനിക്കായി കുറച്ചുസമയം പ്രത്യേകം മാറ്റിവച്ചിരുന്നു. അന്ന് ഞാന്‍ ഡയലോഗുകള്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് തമിഴ് ഭാഷ പെട്ടെന്ന് പഠിച്ചെടുക്കാന്‍ സാധിച്ചു. തംഗ്ലീഷില്‍ ഡയലോഗുകള്‍ എഴുതി ത്തന്നതുകൊണ്ട് ഉച്ചാരണവും ഡെലിവറിയുമൊക്കെ കൂടുതല്‍ എളുപ്പമായി.
ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോഴുള്ള അനുഭവം?
ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആ മോഡലിംഗ് ഷോയ്ക്ക് വേണ്ടിയാണ്. റാംപ് വോക്ക് ചെയ്യുക, പോസ് ചെയ്യുക എന്നതല്ലാതെ അതില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ അഭിനയത്തിലേക്ക് വരുമ്പോള്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് എന്‍റെ ആദ്യആല്‍ബം സോംഗിനുവേണ്ടിയാണ്. ആദ്യമായി ചെയ്യേണ്ടിയിരുന്നത് ഒരു റൊമാന്‍സ് സീന്‍ ആയിരുന്നു. കൈയിലൊക്കെ പിടിക്കാന്‍ പറയുമ്പോള്‍ 'അയ്യോ ചേട്ടാ ഞാന്‍ അങ്ങോട്ട് പിടിച്ചോട്ടെ' എന്നൊക്കെ ചോദിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ ഭയങ്കര ക്രിഞ്ച് ആയി തോന്നും.
അഭിനയത്തോടുള്ള ആഗ്രഹം എന്ന് മുതലാണ് തുടങ്ങിയത്?
അഭിനയിക്കാന്‍ എനിക്ക് പണ്ടേ ഒരുപാട് ഇഷ്ടമായിരുന്നു. പണ്ട് സിനിമകളൊക്കെ കാണുമ്പോള്‍ 'വൗ എനിക്കും ഇതുപോലെ ചെയ്യണം, എന്നെക്കൊണ്ടും സാധിക്കും' എന്നൊക്കെ തോന്നുമായിരുന്നു. സിനിമ കണ്ട് കഴിഞ്ഞ് കണ്ണാടിയുടെ മുന്നില്‍പോയി നിന്ന് ആ സീനുകളൊക്കെ ഞാന്‍ തന്നെ അഭിനയിച്ചുനോക്കുമായിരുന്നു. സിനിമ കാണുമ്പോള്‍ കാണുന്ന ആഗ്രഹമാണല്ലോ നമ്മളില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം കൂട്ടുന്നത്. അങ്ങനെ പണ്ടുമുതലെ അഭിനയവും മോഡലിംഗും ഒക്കെ എന്‍റെ വലിയ ആഗ്രഹങ്ങളായിരുന്നു.
അഭിനയത്തില്‍ ഏറ്റവും കൂടുതല്‍ പ്രചോദനമായത് ആരാണ്?
അഭിനയത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്പെയര്‍ ചെയ്തിട്ടുള്ളത് 'ധീര' എന്ന സിനിമയിലെ കാജല്‍ അഗര്‍വാള്‍ ആണ്. ആ സിനിമ കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്ക് കാജളിനോടും അഭിനയത്തോടും ഭയങ്കര ക്രഷ് തോന്നിയത്. ആ സിനിമ കണ്ടശേഷമാണ് ഞാന്‍ അമ്മയോട് 'എനിക്ക് അഭിനയിക്കണം, എനിക്കും സിനിമയിലൊക്കെ അഭിനയിക്കാന്‍ പറ്റുമോ' എന്നുചോദിക്കുന്നത്. അങ്ങനെയാണ് അമ്മ പത്രത്തിലെ പരസ്യങ്ങളൊക്കെ തപ്പി ഞാനും ചേച്ചിയുമായി ഓഡിഷനുകള്‍ക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത്.
ആണ്‍നടന്മാരില്‍ എനിക്ക് ഇന്ദ്രന്‍സ് ഏട്ടനെയാണ് ഏറ്റവും ഇഷ്ടം. ഇന്ദ്രന്‍സ് ഏട്ടന്‍റെ അഭിനയവും അദ്ദേഹത്തിന്‍റെ ശൈലിയുമൊക്കെ എനിക്ക് ഇപ്പോഴും ഒരുപാട് ഇഷ്ടമാണ്. ഫീമേല്‍ ആക്ടേഴ്സില്‍ കാജളും മെയില്‍ ആക്ടേഴ്സില്‍ ഇന്ദ്രന്‍സ് ഏട്ടനുമാണ് എന്‍റെ ഫേവറിറ്റ്സ്.