സൗന്ദര്യവേദിയിൽ കുടുംബത്തിന്റെ പാരമ്പര്യം തുടർന്നു; മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കെസിയയ്ക്ക്
Highlights
സൗന്ദര്യവും മികവും കൈകോർത്ത കുടുംബപാരമ്പര്യത്തിന് പുതിയ അധ്യായം.
മാവേലിക്കര/ദുബായ്∙ സൗന്ദര്യവും മികവും കൈകോർത്ത കുടുംബപാരമ്പര്യത്തിന് പുതിയ അധ്യായം. 2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി ഹരിപ്പാട് മുട്ടം കിണറ്റുകര സ്വദേശിനി കെസിയ ലിസ് മെജോ (19). സൗന്ദര്യമത്സര വേദികളിലെ കുടുംബത്തിന്റെ പാരമ്പര്യം അമ്മ സുജയിൽനിന്നും സഹോദരി കാരൻ മെജോയിൽനിന്നും ഏറ്റെടുത്താണ് കെസിയയുടെ നേട്ടം.
1997ലാണ് അമ്മ സുജ സൗന്ദര്യമത്സര വേദികളിലെത്തിയത്. മിസ് ഇന്ത്യ പ്ലാനറ്റിലെ മിസിസ് വിഭാഗത്തിൽ വിജയിച്ചതോടെയായിരുന്നു തുടക്കം. പിന്നീട് കെസിയയുടെ സഹോദരി കാരൻ മെജോ 2022ൽ മിസ് ഇന്ത്യ പ്ലാനറ്റിൽ ആദ്യ റണ്ണറപ്പായി. ഇപ്പോൾ അതേ മത്സരവേദിയിൽ കെസിയ മിസ് ഇന്ത്യ പ്ലാനറ്റായി കിരീടം സ്വന്തമാക്കി. അമ്മയും രണ്ട് മക്കളും ഒരേ സൗന്ദര്യമത്സര വേദിയിൽ വിജയികളായി മടങ്ങിയെന്ന അപൂർവ നേട്ടവും കുടുംബത്തിനുണ്ട്.
ഒരു മാസത്തിലേറെ നീണ്ട കഠിന പരിശീലനത്തിനുശേഷമാണ് കെസിയ മിസ് യൂണിവേഴ്സ് ഇന്ത്യ വേദിയിലെത്തിയത്. 52 മത്സരാർഥികൾക്കൊപ്പമായിരുന്നു പരിശീലനം. മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായിരുന്ന കെസിയയ്ക്ക് കടുത്ത പരിശീലനത്തിലൂടെ മുന്നേറാൻ കഴിഞ്ഞത് മത്സരത്തോടുള്ള താൽപര്യം കൊണ്ടാണെന്ന് അവർ പറയുന്നു.
വീട്ടിലും പുറത്തും കുടുംബം മലയാളത്തിലാണ് സംസാരിക്കുന്നതെന്ന് കെസിയ പറഞ്ഞു. ചില മലയാളം വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ മാത്രമാണ് ഇംഗ്ലിഷിന്റെ സഹായം തേടുന്നത്. രാവും പകലുമില്ലാതെ നടത്തിയ പരിശീലനമാണ് വിജയത്തിന് പിന്നിലെന്നും കെസിയ വ്യക്തമാക്കി.
അബുദാബിയിലെ എമിറേറ്റ്സ് നാഷനൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. അഞ്ചാം വയസ്സിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ബേബി ഷോയിലൂടെയാണ് ആദ്യമായി മത്സരവേദിയിലെത്തിയത്. അന്ന് ബെസ്റ്റ് ബേബിയായി തിരഞ്ഞെടുക്കപ്പെട്ടു. 13 വർഷമായി നൃത്തം അഭ്യസിക്കുന്ന കെസിയ അബുദാബിയിലെയും ദുബായിലെയും നിരവധി മത്സരങ്ങളിലും വേദികളിലും പങ്കെടുത്തിട്ടുണ്ട്.
അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ് ടുവിന് 100 ശതമാനം മാർക്കും സ്വന്തമാക്കി. നിലവിൽ ബെംഗളൂരുവിലെ മണിപ്പാൽ സർവകലാശാലയിൽ നിയമപഠനം നടത്തുകയാണ്. 2009 മുതൽ അബുദാബിയിലെ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന ബേബി ഷോകളിലും കെസിയ സജീവമായിരുന്നു.
കടമ്മനിട്ട സ്വദേശിനിയായ അമ്മ സുജയുടെ പൂർണ പിന്തുണയാണ് കെസിയയുടെ നേട്ടത്തിന് കരുത്തായത്. കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയുന്ന ഇടമാണ് ഇന്ത്യയെന്ന സ്വപ്നവും കെസിയ പങ്കുവച്ചു. ചിട്ടയായ പരിശീലനവും കുടുംബത്തിന്റെ പിന്തുണയും ചേർന്നാണ് മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടത്തിലേക്ക് കെസിയ എത്തിയത്. സഹോദരി കാരൻ കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയിട്ടുണ്ട്.