'ജാക്കി'യാകുന്ന ധ്രുവ് വിക്രം...
Highlights
ചിത്രത്തിന് 'ജാക്കി - നോ റീടേക്ക്സ് അലൗഡ്' എന്നാണ് പേരിട്ടിരിക്കുന്നത്.
'വർമ്മ', 'മഹാൻ', 'ബൈസൺ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രം നായകനായി അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ 'മൈത്രി മൂവി മേക്കേഴ്‌സ്' ആണ്. ഇന്നലെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന് 'ജാക്കി - നോ റീടേക്ക്സ് അലൗഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. കരൺ അരവിന്ദ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ധ്രുവ് അഭിനയിച്ച മറ്റ് ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായാണത്രെ ഒരുങ്ങുന്നത്. ദേശീയ അവാർഡ് ജേതാവായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. നിറയെ സംഘട്ടന രംഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ സഘട്ടന രംഗങ്ങൾ ഒരുക്കുന്നത് വിക്രം മോറാണ്. ഈ സിനിമയിൽ ധ്രുവ് വിക്രമിനൊപ്പം നായകിയായി അഭിനയിക്കുന്നത് ആരാണെന്നുള്ള വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ ധ്രുവ് വിക്രമിന്റെ പിതാവ് 'ചിയാൻ' വിക്രം അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിരുന്നു. 'പവർ ഹൌസ്' എന്നാണ് ആ ചിത്രത്തിന്റെ പേര്! ഒരേ ദിവസം അച്ഛന്റെയും, മകന്റെയും ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിനെ തുടർന്ന് രണ്ടു പേരുടെയും ആരാധകർ അതിനെ സോഷ്യൽ മീഡിയകളിൽ വൈറലാക്കി വരികയാണ്.