Sunday, 20 September 2026 | 01:47 PM

Interviews

അസിസ്റ്റന്‍റ് ഡയറക്ടറില്‍ നിന്ന് പ്രൊഡക്ഷന്‍ ഡിസൈനറിലേക്കുള്ള ദുന്ദു രഞ്ജീവ് രാധയുടെ സിനിമായാത്ര.

ബിന്ദു പി.പി 09 September 2026 06:39 AM
അസിസ്റ്റന്‍റ് ഡയറക്ടറില്‍ നിന്ന് പ്രൊഡക്ഷന്‍ ഡിസൈനറിലേക്കുള്ള ദുന്ദു രഞ്ജീവ് രാധയുടെ സിനിമായാത്ര.

Highlights

പുരുഷാധിപത്യമുള്ള സിനിമാസെറ്റുകളില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ പെണ്‍കരുത്ത്. അസിസ്റ്റന്‍റ് ഡയറക്ടറില്‍ നിന്ന് പ്രൊഡക്ഷന്‍ ഡിസൈനറിലേക്കുള്ള ദുന്ദു രഞ്ജീവ് രാധയുടെ സിനിമായാത്ര.

 

മലയാള സിനിമയിലെ മുന്‍നിര വനിതാ ആര്‍ട്ട് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദുന്ദു രഞ്ജീവ്, തന്‍റെ കരിയറിലെ വെല്ലുവിളികളെക്കുറിച്ചും 'ഓപ്പറേഷന്‍ ജാവ', 'ലില്ലി' തുടങ്ങിയ ചിത്രങ്ങളിലെ അനുഭവങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുന്നു.

പത്തുവര്‍ഷത്തെ സിനിമാജീവിതം, പുതിയ പ്രതീക്ഷകള്‍

2015 ലാണ് ഞാന്‍ ഈ മേഖലയില്‍ ഒരു അസിസ്റ്റന്‍റായി കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ പത്തുവര്‍ഷത്തോളമായി ഈ യാത്ര തുടങ്ങിയിട്ട്. നിലവില്‍ കുറച്ചധികം ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു തുടക്കക്കാരി എന്ന നിലയില്‍  വന്ന ഒട്ടുമിക്ക വര്‍ക്കുകളും ഡേറ്റുകള്‍ ക്ലാഷ് ആകാത്ത രീതിയില്‍ ഞാന്‍ ഏറ്റെടുത്ത് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കേവലം ഒരു ദിവസത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെറിയ പടങ്ങള്‍ ചെയ്യുന്നതിനേക്കാള്‍, ആര്‍ട്ട് ഡയറക്ഷനും പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനും കൂടുതല്‍ സ്കോപ്പുള്ള, നല്ല ക്വാളിറ്റിയുള്ള വലിയ പ്രോജക്ടുകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത്തരം നല്ല വര്‍ക്കുകള്‍ക്ക് പ്രീ- പ്രൊഡക്ഷനും താരങ്ങളുടെ ഡേറ്റുകള്‍ ഒത്തുവരാനും കുറച്ച് സമയം എടുക്കുമെന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ്.

ഓപ്പറേഷന്‍ ജാവയിലെ യഥാര്‍ത്ഥ സൈബര്‍സെല്‍ സെറ്റുകള്‍!

'ഓപ്പറേഷന്‍ ജാവ'യിലെ പ്രധാന ലൊക്കേഷനായ സൈബര്‍ സെല്‍ ഓഫീസ് യഥാര്‍ത്ഥത്തില്‍ ഒരു മീഡിയ അക്കാദമിയില്‍ ഞങ്ങള്‍ സെറ്റിട്ട് ചെയ്തതായിരുന്നു. ഇതിനായി വലിയ രീതിയിലുള്ള പ്രീ- പ്രൊഡക്ഷന്‍ റിസര്‍ച്ചുകള്‍ ആവശ്യമായി വന്നു. അന്ന് സുഭാഷ് ചന്ദ്രബോസ് പാര്‍ക്കിന് എതിര്‍വശത്തായിരുന്നു യഥാര്‍ത്ഥ സൈബര്‍ സെല്‍ ഓഫീസ്. സുരക്ഷാ കാരണങ്ങളാല്‍ അവിടെ ഫോണ്‍ കൊണ്ടുപോകാനോ ഫോട്ടോകള്‍ എടുക്കാനോ അനുവാദമില്ലായിരുന്നു. അതുകൊണ്ട് മൂന്ന് പേരടങ്ങുന്ന ഞങ്ങളുടെ സംഘം അവിടെ നേരിട്ട് പോയി കണ്ട്, അവരുടെ പ്രവര്‍ത്തനരീതികളും സംശയങ്ങളും ചോദിച്ചറിഞ്ഞ് മനസ്സില്‍ കുറിച്ചുവെച്ച റഫറന്‍സുകള്‍ വെച്ചാണ് ആ സെറ്റ് ഡിസൈന്‍ ചെയ്തത്.

ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെ പരിമിതികളും അതിന്‍റെ തനിമയും ഒട്ടും ചോര്‍ന്നുപോകാതെയാണ് അത് സ്ക്രീനില്‍ എത്തിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെയും ഒരേ ഫ്ളോറിലെ മറ്റൊരുവശത്ത് കാര്‍പെന്‍റര്‍മാരുടെ പണികള്‍ നടക്കുന്നുണ്ടായിരുന്നു. വിനായകന്‍ ഒക്കെ അഭിനയിക്കുന്ന സീനുകള്‍ ഒരു വശത്ത് ഷൂട്ട് ചെയ്യുമ്പോള്‍ കടുത്ത മെന്‍റല്‍ സ്ട്രെസ്സിലൂടെയാണ് ടീം മുന്നോട്ടുപോയതെങ്കിലും അവസാനം ആ അധ്വാനം തിയേറ്ററില്‍ ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

'ലില്ലി'യിലെ ബഡ്ജറ്റ് പ്രതിസന്ധികളും കളിമണ്‍പെയിന്‍റും

'ലില്ലി' എന്ന ചിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ ആര്‍ട്ടിനുവേണ്ടി മാറ്റിവെച്ച ബഡ്ജറ്റ് പൂര്‍ണ്ണമായും തീര്‍ന്നുപോയിരുന്നു. പെയിന്‍റ് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥ വന്നപ്പോള്‍ ഞങ്ങള്‍ കാടും പടലുമൊക്കെ വലിച്ചുപറിച്ചുകൊണ്ടുവന്ന്, മണ്ണും ചളിയും ചാണകവുമൊക്കെ കലക്കി സ്വന്തമായി ഒരുതരം 'ഡര്‍ട്ടി പെയിന്‍റ്' ക്രിയേറ്റ് ചെയ്താണ് സെറ്റിലെ ചുമരുകള്‍ പെയിന്‍റ് ചെയ്തത്. എന്‍റെ ആര്‍ട്ട് ടീം അത്രമാത്രം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കൂടെ നിന്നതുകൊണ്ടാണ് അത് സാധ്യമായത്.

മറ്റൊരു രസകരമായ കാര്യം, ലില്ലിയുടെ വീടും അവളെ തടവിലാക്കുന്ന സ്ഥലവുമെല്ലാം ഞങ്ങള്‍ സെറ്റിട്ട് ഉണ്ടാക്കിയതായിരുന്നു. അത്രയും നാച്ചുറലായി ആളുകള്‍ക്ക് തോന്നിയതുകൊണ്ട് ഒരു പ്രമുഖ അവാര്‍ഡ് നിര്‍ണ്ണയവേളയില്‍ ഈ ചിത്രത്തില്‍ 'എവിടെയാണ് ആര്‍ട്ട് വര്‍ക്ക് ഉള്ളത്چ എന്ന് ജൂറി ചോദിച്ചതായി ഒരു സുഹൃത്ത് പറഞ്ഞു. ഒരു പ്രൊഡക്ഷന്‍ ഡിസൈനറെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാണ്. കാരണം സിനിമയില്‍ ആര്‍ട്ട് വര്‍ക്കുകള്‍ മുഴച്ചുനില്‍ക്കാതെ കഥയോട് ലയിച്ചുചേരുമ്പോഴാണ് അത് കൂടുതല്‍ റിയലിസ്റ്റിക് ആകുന്നത്. ലില്ലിയിലെ കഥാപാത്രത്തെ പ്രതിഫലിപ്പിക്കാന്‍ റെഡ് കളര്‍ പാലറ്റ് സിനിമയിലുടനീളം ഒരു എലമെന്‍റായി ഞങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചിരുന്നു.

തുടക്കകാലത്തെ വെല്ലുവിളികളും ദുല്‍ഖര്‍ സല്‍മാനെ കണ്ട ആദ്യ അനുഭവവും

എനിക്ക് സിനിമയില്‍ യാതൊരു ബാക്ക്ഗ്രൗണ്ടോ ഗോഡ്ഫാദറോ ഇല്ലായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്ന കണ്ണൂരിലെ തളിപ്പറമ്പ് പോലുള്ള ഒരു ചെറിയ നാട്ടിന്‍പുറത്ത് സിനിമാഷൂട്ടിംഗുകള്‍ ഒന്നും സാധാരണ ഉണ്ടാകാറില്ല. കോളേജ് പഠനത്തിനുശേഷം സന്തോഷ് കീഴാറ്റൂര്‍ വഴിയാണ് ഞാന്‍ അജയന്‍ മാങ്ങാട് സാറിന്‍റെയും നിമേഷ് താനൂരിന്‍റെയും കൂടെ അസിസ്റ്റന്‍റായി കൂടുന്നത്. '100 ഡേയ്സ് ഓഫ് ലവ്' എന്ന ചിത്രത്തിന്‍റെ വലിയൊരു ലണ്ടന്‍ സ്ട്രീറ്റ് റെപ്ലിക്ക സെറ്റാണ് ഞാന്‍ ആദ്യമായി കാണുന്നത്. 

ആ സിനിമയിലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാട്ടിനുവേണ്ടി ഞങ്ങള്‍ ഒരുപാട് ഡീറ്റെയില്‍ ചെയ്ത് കളര്‍മിക്സിങ് ഒക്കെ നടത്തി സെറ്റ് ഒരുക്കിയിരുന്നു. എന്നാല്‍ തിയേറ്ററില്‍ അത് കംപ്ലീറ്റ് ബ്ലാക്ക് ആന്‍ഡ് വൈറ്റായി വന്നപ്പോള്‍ സുഹൃത്തുക്കള്‍ എന്നെ ഒരുപാട് ട്രോളിയിട്ടുണ്ട്. ആ സെറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ദുല്‍ഖര്‍ സല്‍മാനെ കാണുന്നത്. ഞങ്ങള്‍ ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന സ്പേസിന് അടുത്തായിരുന്നു പുള്ളിയുടെ കോസ്റ്റ്യൂംസ് ഹാന്‍ഡിലിങ്. ഒരു കട്ടന്‍ ചായയും കുടിച്ച് പുള്ളി ആ വഴി കടന്നുപോകുമ്പോള്‍ നോക്കി ചിരിച്ച് 'ഹായ്' പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

കരിയറിലെ അതിജീവനവും സ്ത്രീപക്ഷ കാഴ്ചപ്പാടും

എനിക്ക് നീന്തല്‍ അറിയില്ല, അതുകൊണ്ട് എന്നെ ഒരു സ്വിമ്മിംഗ് പൂളിലിട്ടാല്‍ രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ ഒരു തുമ്പ് തപ്പും; ആ ഒരു 'സര്‍വൈവല്‍ ഇന്‍സ്റ്റിങ്ക്ട്' തന്നെയാണ് എന്നെ ഇവിടെ എത്തിച്ചതും പിടിച്ചുനിര്‍ത്തിയതും. കരിയറിന്‍റെ തുടക്കത്തില്‍ ക്രൂവില്‍ ഞാനും മേക്കപ്പ് ചെയ്യുന്ന ഒരു ചേച്ചിയും മാത്രമായിരുന്നു സ്ത്രീകള്‍. പലപ്പോഴും ലൊക്കേഷനുകളില്‍ ക്രൂവിന് മൊത്തമായി വാഷ്റൂം സൗകര്യങ്ങള്‍ പോലും ഉണ്ടാകാറില്ല. 50 പേരൊക്കെയുള്ള ക്രൂവില്‍ ഒരാള്‍ക്ക് വേണ്ടി മാത്രമായി ആരും സൗകര്യങ്ങള്‍ ഉണ്ടാക്കില്ല. അതുകൊണ്ട് പര്‍ച്ചേസിന് പോകുന്ന സമയങ്ങളില്‍ നല്ല വാഷ് റൂം ഉള്ള മാളുകളും റെസ്റ്റോറന്‍റുകളോ എവിടെയൊക്കെയാണെന്ന് മുന്‍കൂട്ടി കാല്‍ക്കുലേറ്റ് ചെയ്താണ് ഞാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നത്.

തുടക്കത്തില്‍ ഒരു പെണ്‍കുട്ടി ക്യാമറയോ സാധനങ്ങളോ ഒക്കെയായി വരുമ്പോള്‍ 'ഇവളെക്കൊണ്ട് ഇത് പറ്റുമോ' എന്ന രീതിയിലുള്ള അണ്ടര്‍ എസ്റ്റിമേറ്റഡ് നോട്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു സെറ്റില്‍ ഭാരമുള്ള സാധനങ്ങള്‍ ഞാന്‍ എടുത്തുമാറ്റുന്നത് കണ്ട്, കൂടെയുണ്ടായിരുന്ന ഒരു അസിസ്റ്റന്‍റ് വന്ന് എന്‍റെ കയ്യില്‍ ചൂല് തന്നിട്ട് 'നീ അത് ചെയ്താല്‍ മതി, നിനക്ക് അതായിരിക്കും നല്ലത്' എന്ന് പറഞ്ഞ് പരിഹസിച്ചിട്ടുണ്ട്. അന്ന് മാനസികമായി വിഷമം തോന്നിയെങ്കിലും, എന്‍റെ ടാസ്ക്കുകള്‍ കൃത്യമായി ചെയ്തുതീര്‍ത്ത് തന്നെയാണ് ഞാന്‍ മുന്നോട്ടുപോയത്. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഒഴികെ ബാക്കി ഏത് കഠിനമായ പണികളും ചെയ്യാന്‍ എനിക്ക് മടിയുമില്ല ഭയവുമില്ല.

ഭാവി പരിപാടികള്‍

ഇനിയുള്ള കരിയറില്‍ എന്‍റെ നിലപാടുകളില്‍ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും ഞാന്‍ തയ്യാറല്ല. സിനിമ എന്നത് ഒരു കൊളോബറേറ്റീവ് വര്‍ക്കാണ്. ഡയറക്ടറോടും ക്യാമറാമാനോടുമൊപ്പം കൃത്യമായ ചര്‍ച്ചകള്‍ നടത്തി, എന്‍റെ കഴിവും മനസ്സും പൂര്‍ണ്ണമായി സമര്‍പ്പിച്ച് ചെയ്യാന്‍ പറ്റുന്ന നല്ല പ്രോജക്റ്റുകളുമായി ശക്തമായി തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ഒപ്പം അമ്മ എഴുതി തയ്യാറാക്കിയ ചില നല്ല പാട്ടുകളുടെ വിഷ്വലൈസേഷന്‍ വര്‍ക്കുകളും മികച്ച രീതിയില്‍ ചെയ്യണമെന്നുണ്ട്.

 

Tags
Dundhu Ranjeev Radha