Sunday, 20 September 2026 | 12:45 PM

Interviews

ചെറിയ തിരക്കുകളില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക്... അഖില സായൂജ്

ജി. കൃഷ്ണന് 04 September 2026 09:45 AM
ചെറിയ തിരക്കുകളില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക്... അഖില സായൂജ്

Highlights

മക്കള്‍ക്ക് കലാപരമായ കഴിവുകള്‍ ഉണ്ടെങ്കില്‍ പോലും പഠനകാര്യങ്ങളിലും ജോലി നേടുന്ന കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളാണ് ഇന്നധികവുമുള്ളത്. സിനിമയോടിഷ്ടമുള്ള അഖില സായൂജിന്‍റെ പേരന്‍റ്സും അങ്ങനെതന്നെയായിരുന്നു. തീയേറ്ററില്‍ പോയി സിനിമ കാണുന്ന രീതി പോലും വളരെ കുറവായിരുന്നു. അഖില നാലാം ക്ലാസില്‍ പഠിക്കുമ്പോഴോ മറ്റോ ആണ് കുടുംബസമേതം ഒരു സിനിമ കാണാന്‍ പോയിട്ടുള്ളത്.

 

പാട്ടിലും ഡാന്‍സിലും അഖിലയ്ക്ക് താല്‍പ്പര്യങ്ങളുണ്ടായിരുന്നു. അഖില പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എം.ടിയുടെ തിരക്കഥയുടെ ഒരു ഭാഗം പഠനവിഷയമായിരുന്നു. ആ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ടീച്ചറിന്‍റെയും കൂടി സഹായത്താല്‍ 'വെട്ടേറ്റ വൃക്ഷം' എന്നൊരു നാടകം അഖില സംവിധാനം ചെയ്തിരുന്നു. അതിന് ഫസ്റ്റ് പ്രൈസ് ലഭിക്കുകയും ചെയ്തിരുന്നു.

മാസ്റ്റേഴ്സെടുത്തു, ജോലിയായി... പിന്നെ വിവാഹ ആലോചനവന്നു, വിവാഹം കഴിഞ്ഞു. ഒരു കുട്ടി ജനിച്ചു. പഠിത്തവും ജോലിയും അതുമായി ബന്ധപ്പെട്ട തിരക്കുകളും ഒക്കെ ഒന്നവസാനിപ്പിച്ചിട്ട് കുട്ടിയുടെ പരിചരണവുമായി വീട്ടില്‍ ഒതുങ്ങി നിന്നുകൊണ്ട് ഒരു വിശ്രമജീവിതം നയിക്കുകയായിരുന്ന ഞാന്‍ ആ സമയത്താണ് എന്‍റെ സാഹിത്യലോകം വീണ്ടുമൊന്ന് പൊടിതട്ടിയെടുത്തതെന്ന് അഖില പറയുകയുണ്ടായി.

ചെറിയ ചെറിയ തിരക്കഥകള്‍ എഴുതാന്‍ തുടങ്ങി. 2018 കാലഘട്ടത്തിലായിരുന്നു അത്. ഈ ചെറിയ തിരക്കഥകള്‍ മേക്കിംഗ് സ്റ്റൈലില്‍ കൊണ്ടുവന്നാലോയെന്ന് ആഗ്രഹം തോന്നിയത് അപ്പോഴാണ്. കുടുംബത്തിലെ കൊച്ചുകുട്ടികളെയും ഫ്ളാറ്റില്‍ അടുത്ത് താമസിക്കുന്നവരെയും ഒക്കെ പങ്കെടുപ്പിച്ചുകൊണ്ട് അഖില അങ്ങനെ മൊബൈല്‍ ഫോണിലും ചെറിയ ക്യാമറകളിലും മറ്റുമായി വീഡിയോ ചിത്രങ്ങളെടുത്തു.

ആ സാഹചര്യങ്ങളും അനുഭവങ്ങളും അറിയാന്‍ ഏതാനും ചോദ്യങ്ങളിലേയ്ക്ക്.

അഖില ഏതാനും ഷോര്‍ട്ട് ഫിലിമുകള്‍ സ്വന്തമായി സംവിധാനം ചെയ്തു. ഇനി സിനിമയായിരിക്കുമല്ലോ ലക്ഷ്യം..?

ഒരു കഥ, തിരക്കഥയാക്കി കഥാപാത്രങ്ങളെ ഉണ്ടാക്കി അവരെക്കൊണ്ട് അത് എക്സിക്യൂട്ട് ചെയ്ത് ഷൂട്ട് ചെയ്തെടുത്ത്  ഫൂട്ടേജ് എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ക്കുന്ന സമയത്ത് നമ്മള്‍ അതിനെക്കാണുന്ന ഒരു രീതി ഉണ്ടാകും. ചലിക്കുന്ന ആ വിഷ്വലിനെ നോക്കിക്കാണുമ്പോള്‍ നമ്മുടെ മനസ്സിനെ സംതൃപ്തിയിലാക്കുന്ന ഒരു നല്ല മുഹൂര്‍ത്തമുണ്ടാകും. അതില്‍ നിന്നും എന്‍റെ മനസ്സ് നിറയെ പ്രചോദനങ്ങളാണ് ലഭിച്ചത്. സിനിമ ഒരു മാജിക് ആണെന്നുള്ള ആ നിമിഷങ്ങള്‍ ഒരു തവണയെങ്കിലും അനുഭവിച്ചുകഴിഞ്ഞാല്‍ ഉള്ളിന്‍റെയുള്ളില്‍ ഒരു ഫിലിംമേക്കര്‍ ഒളിഞ്ഞുകിടക്കുന്ന ആളാണെങ്കില്‍ അതില്‍ നിന്ന് ഒരിക്കലും പിന്നീട് തിരിച്ചുവരാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം.

ആദ്യത്തെ ഷോര്‍ട്ട് ഫിലിം ഏതായിരുന്നു?

'ഓജ' എന്നൊരു ഷോര്‍ട്ട് ഫിലിമാണ് ഞാനാദ്യം സംവിധാനം ചെയ്തത്. അത് മൊബൈല്‍ ഫോണിലാണ് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും മൊബൈല്‍ ഫോണില്‍ മാത്രമേ ആകാമായിരുന്നുള്ളൂ. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഓജ' ഹൊറര്‍ മൂഡിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതിപ്പോഴും യൂ ട്യൂബിലുണ്ട്. 'ഓജ'യ്ക്ക് എനിക്ക് തേര്‍ഡ് പ്രൈസ് കിട്ടിയിട്ടുണ്ടായിരുന്നു.

ചെയ്തിട്ടുള്ളതില്‍ അംഗീകാരം ലഭിച്ചതും ആത്മസംതൃപ്തി ലഭിച്ചതുമായ ഷോര്‍ട്ട് ഫിലിം?

'മകള്‍' എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. 2019 ല്‍. 'സ്മാക്ക്' അവാര്‍ഡ് ഫെസ്റ്റിവല്‍ ഷോര്‍ട്ട് ഫിലിം ക്ഷണിച്ചിരുന്നു. വെറും ആറ് ദിവസത്തെ ടൈം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രോഗ്രാം ഡയറക്ടര്‍ രാജീവും ക്യാമറമാന്‍ രാഹുലുമായും ചര്‍ച്ച ചെയ്തു.

വേഗത്തിലായിരുന്നുവെങ്കില്‍ പ്പോലും ചെയ്ത അദ്ധ്വാനത്തിന് ഫലം കിട്ടി. ബെസ്റ്റ് ഫീമെയില്‍ ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് എനിക്ക് കിട്ടി. ടീമിന് സന്തോഷമായി. അബുദാബിയില്‍ വച്ചായിരുന്നു അതിന്‍റെ ഫംഗ്ഷന്‍ നടന്നത്. 'മകള്‍'چഹ്രസ്വ ഫിലിം എനിക്കങ്ങനെ അംഗീകാരവും നല്‍കി. ആത്മസംതൃപ്തിയും തന്നു.

ഏത് ജോണറിലെ സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യം?

പൊതുവെ എനിക്ക് ഹൊറര്‍ സബ്ജക്ടിനോട് താല്‍പ്പര്യമുണ്ട്. എന്നാല്‍, ഞാനിപ്പോള്‍ എഴുതി വച്ചിരിക്കുന്ന കഥകളില്‍ ഹൊറര്‍ കോമഡിയും ഫാന്‍റസിയും ലൗ സ്റ്റോറിയും എല്ലാമുണ്ട്.

ഏതെങ്കിലും സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം ഉണ്ടായിരുന്നോ? അല്ലെങ്കില്‍ അഭിനയിച്ചിട്ടുണ്ടോ?

സിനിമാഭിനയത്തില്‍ താല്‍പ്പര്യമൊന്നും തോന്നിയിട്ടില്ല. അക്കാര്യത്തെക്കുറിച്ച് ഞാനങ്ങനെ ആലോചിച്ചിട്ടുമില്ല. എനിക്ക് സിനിമ ഉണ്ടാക്കാനാണിഷ്ടം. പുതിയ കഥാപാത്രങ്ങളെ മെനഞ്ഞെടുക്കുക. അത് എഴുതുക. എന്നിട്ട് ക്രിയേറ്റ് ചെയ്യുക. ആര്‍ട്ടിസ്റ്റുകളെ അതിലേയ്ക്ക് കൃത്യമായി മോള്‍ഡ് ചെയ്തെടുക്കുക. 

അതുകാണുന്ന അത്രയും സന്തോഷം എനിക്കത് ചെയ്യാനുള്ള കഴിവിലുണ്ടോയെന്ന് അറിയില്ല. ക്രിയേറ്റീവ് ചെയ്യാനിഷ്ടമാണ്. അത് ഞാന്‍ ചെയ്താല്‍ നന്നാകുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

ഒരു സംവിധായിക ആകുക എന്നുള്ള ദൗത്യം ഒരു വെല്ലുവിളിയായി കരുതുന്നുണ്ടോ?

സംവിധായിക ആകുക എന്നുള്ള ദൗത്യം ഒരു വെല്ലുവിളിയായിട്ടൊന്നും തോന്നുന്നില്ല. അത് ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കാര്യമായതുകൊണ്ട് ഇപ്പോഴെ നമ്മളത് ആണെന്നുള്ള ഒരു ഫീലാണുള്ളത്. ഷോര്‍ട്ട് ഫിലിമാണെങ്കിലും വെബ് സീരിസാണെങ്കിലും അതുതന്നെയാണല്ലോ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ, ആദ്യ സിനിമ ചെയ്യുന്നതുവരെയും നമ്മള്‍ പുതിയ ഒരാളായിരിക്കും. അതുകൊണ്ടുതന്നെ ഒരു ആര്‍ട്ടിസ്റ്റായാലും പ്രൊഡ്യൂസറായാലും കൈതരാനുമൊക്കെ അതിന്‍റേതായ ഒരു ഡിലെ എടുക്കും എന്നുള്ളതാണ് മനസ്സിലാക്കുന്നത്.

ഒരു സ്ത്രീപക്ഷ സിനിമ ആയിരിക്കുമോ ആദ്യത്തേതെന്ന് പ്രതീക്ഷിക്കാമോ?

ഞാനൊരു സ്ത്രീ ആയതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു ചോദ്യം എന്‍റെ മുന്നില്‍ വരുന്നത്. പക്ഷേ... അങ്ങനെയൊരു ചിന്ത ഇതുവരെ ഉണ്ടായിട്ടില്ല. ഞാനിപ്പോള്‍ എഴുതിവച്ചിരിക്കുന്ന സ്ക്രിപ്റ്റുകളിലൊന്നും സ്ത്രീപക്ഷ സിനിമയെന്ന രീതിയൊന്നും എഴുതിയിട്ടില്ല. ഡിഫറന്‍റ് വെറൈറ്റീസ് ഓഫ് കഥകളുണ്ട്. ആ കഥ ഡിമാന്‍റ് ചെയ്യുന്ന തരത്തില്‍ തന്നെ ഈ സിനിമയെ മേയ്ക്ക് ചെയ്തുകൊണ്ടുപോകണം എന്നാഗ്രഹിക്കുന്നു. ഫാമിലി സ്റ്റോറിക്ക് എപ്പോഴും ഒരു പ്രത്യേക ഓഡിയന്‍സുണ്ടെന്നും നന്നായി ചെയ്താല്‍ ആളുകള്‍ നന്നായിട്ട് അത് ഇമോഷണലി അക്സപ്റ്റ് ചെയ്യുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

കുടുംബകാര്യങ്ങള്‍..?

ഞാന്‍ വിവാഹിതയാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. ഹസ്ബന്‍റിന്‍റെ പേര് സായൂജ്. അദ്ദേഹം ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി വര്‍ക്ക് ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള സപ്പോര്‍ട്ടും സായൂജിന്‍റെ സൈഡില്‍ നിന്നും എപ്പോഴുമുണ്ട്. കലാപരമായി ഒരുപാട് ബേസുള്ള, ഇഷ്ടങ്ങളുള്ള ഒരാളാണ്. ഒരു മകനാണ് ഞങ്ങള്‍ക്കുള്ളത്. പേര് ഇഹാന്‍. ഒന്‍പത് വയസ്സാകുന്നു. വീട്ടില്‍ അച്ഛനും അമ്മയുമുണ്ട്. എന്‍റെ വീട് എറണാകുളത്താണ്. സായൂജിന്‍റെ വീട് തൃശൂരില്‍ പെരിഞ്ഞനമാണ്. ഞങ്ങളുടെ രണ്ടുപേരുടെയും അച്ഛനമ്മമാരുടെ സപ്പോര്‍ട്ട് വേണ്ടുവോളമുണ്ട്.

 

Tags
Akhila Sayooj