Sunday, 26 July 2026 | 02:01 AM

Interviews

അച്ഛന്‍ കെ.എം. ഹരിനാരായണന്‍റെ സംവിധാനത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന്‍റെ വിശേഷങ്ങളുമായി ഗൗതം ഹരിനാരായണന്‍ സംസാരിക്കുന്നു...

ബിന്ദു പി.പി 21 July 2026 08:40 AM
അച്ഛന്‍ കെ.എം. ഹരിനാരായണന്‍റെ സംവിധാനത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന്‍റെ വിശേഷങ്ങളുമായി ഗൗതം ഹരിനാരായണന്‍ സംസാരിക്കുന്നു...

Highlights

കുട്ടിക്കാലത്തെ ആ പഴയ വരികളില്‍ നിന്ന് ഒരു സിനിമാപ്പേര്! ഒപ്പം അച്ഛന്‍റെ സംവിധാനത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന്‍റെ വിശേഷങ്ങളുമായി ഗൗതം ഹരിനാരായണന്‍ സംസാരിക്കുന്നു.

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി. തികച്ചും വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായ ഒരു പേരാണല്ലോ സിനിമയുടേത്. സാധാരണ സിനിമാപ്പേരുകളില്‍നിന്ന് മാറി ഇങ്ങനെയൊരു പേര് തിരഞ്ഞെടുക്കാന്‍ എന്താണ് കാരണം?

അതെ, പറഞ്ഞതുപോലെതന്നെ പേരില്‍ ഒരു വ്യത്യസ്ത ഫീല്‍ വരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സാധാരണ സിനിമകള്‍ക്ക് കേള്‍ക്കുന്ന തരത്തിലുള്ള ഒരു പേരല്ല ഇത്. നമ്മളെല്ലാവരും പണ്ട് കുട്ടിക്കാലത്ത് പഠിച്ചിട്ടുള്ള ഒരു വരിയാണല്ലോ 'ക്ലാ ക്ലാ ക്ലീ ക്ലീ സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന' എന്നത്. അതില്‍ നിന്നുള്ള ഒരു മാറ്റമാണ് ഈ സിനിമയുടെ പേര്. ആളുകളില്‍ പെട്ടെന്ന് ഒരു കൗതുകം ഉണ്ടാക്കാന്‍ ഇതിന് സാധിക്കുമെന്ന് കരുതുന്നു.

ഈ ചിത്രത്തില്‍ താങ്കള്‍ ഒരേസമയം നിര്‍മ്മാതാവിന്‍റെയും നായകന്‍റെയും കുപ്പായം അണിയുന്നുണ്ടല്ലോ?

നായകന്‍ എന്നുപറയുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. കാരണം അഭിനയിക്കാനാണ് എനിക്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ മോഹവും ഇഷ്ടവുമുള്ളത്. അങ്ങനെയാണ് ഞാനും എന്‍റെ സുഹൃത്തായ ഗോപു ആര്‍.കൃഷ്ണയും കൂടി പ്രൊഡക്ഷനിലേക്ക് എത്തുന്നതും. ഇങ്ങനെ ഒരു സിനിമ ചെയ്യാം എന്ന പ്ലാനിലേക്ക് മാറുന്നതും.

അച്ഛന്‍തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുള്ളിയുടെ ആറാമത്തെ ചിത്രമാണിത്. ഒരു സംവിധായകനായും അച്ഛനായും അദ്ദേഹം കൂടെയുള്ളപ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസം എത്രത്തോളമാണ്?

അത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബാക്ക് സപ്പോര്‍ട്ടാണ്! അച്ഛന്‍റെ ആറാമത്തെ പടമാണിത്. അതുകൊണ്ടുതന്നെ അതൊരു വലിയ അഡ്വാന്‍റേജ് ആണ്. നമുക്ക് അഭിനയിക്കുന്ന സമയത്തും ഒരു ഫുള്‍ സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. അച്ഛന്‍ ക്യാമറയുടെ ബാക്കില്‍നിന്ന് നമുക്ക് ഗൈഡന്‍സ് തരുമ്പോള്‍ വലിയൊരു ആശ്വാസമാണ്.

ആദ്യചിത്രമായ 'ഒരുമ്പെട്ടവ'നിലെ വില്ലനില്‍ നിന്നും ഈ ചിത്രത്തിലെ നായകനായപ്പോള്‍ എന്തുതോന്നി..?

ഒരുമ്പെട്ടവനില്‍ ഒരു ബംഗാളിയായ വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തത്. സത്യം പറഞ്ഞാല്‍ തികച്ചും വ്യത്യസ്തമായ ആ ലുക്കിലും അപ്പിയറന്‍സിലും എന്നെ പലര്‍ക്കും മനസ്സിലായില്ല എന്നതാണ് സത്യം! ഒരു പക്കാ ബംഗാളിയായി മാറിയുള്ള ആ മേക്കോവര്‍ ആളുകള്‍ തിരിച്ചറിഞ്ഞിട്ടുപോലുമില്ല. എന്നാല്‍ ഈ ചിത്രത്തില്‍ അതല്ല, നമ്മുടെ റിയല്‍ ലുക്കിലാണ് വരുന്നത്.

മലയാള സിനിമയെ മറ്റുള്ളവയില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത് കണ്ടന്‍റുകളാണല്ലോ?

വളരെ സത്യമാണ്. നല്ല കണ്ടന്‍റുകള്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ മലയാളസിനിമ ഇത്രയും സമ്പന്നമായിരിക്കുന്നത്. നമ്മുടെ മേക്കിംഗിനെക്കാള്‍ പ്രാധാന്യം കഥകള്‍ക്കാണ്. കേരളീയ തനിമയുള്ള അല്ലെങ്കില്‍ മലയാളത്തില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഇത്തരം സബ്ജക്ടുകള്‍ തികച്ചും വ്യത്യസ്തമാണ്. ലാലേട്ടന്‍, ജഗതിച്ചേട്ടന്‍ തുടങ്ങിയ ലെജന്‍ഡറി താരങ്ങള്‍ ചെയ്തിട്ടുള്ള സിനിമകളുടെയെല്ലാം അടിസ്ഥാനം അതിന്‍റെ മികച്ച സ്റ്റോറിയും ഡയറക്ഷനുമാണ്. അതേപോലുള്ള ഒരു അടിപൊളി കണ്ടന്‍റാണ് ഞങ്ങളുടേതും.

നിര്‍മ്മാതാവും നായകനും. ഏതാണ് ആസ്വദിക്കുന്നത്?

ശരിക്കും പറഞ്ഞാല്‍ നിര്‍മ്മാണവും അഭിനയവും രണ്ടും രണ്ട് സൈഡാണ്. ഒരു പ്രൊഡ്യൂസറുടെ ലൈഫ് എന്നുപറയുന്നത് എപ്പോഴും ടെന്‍ഷനാണ്. പൈസ ഉണ്ടാക്കണം, ഓരോ എക്സ്പെന്‍സുകള്‍ വരുമ്പോള്‍ അത് എങ്ങനെ മാനേജ് ചെയ്യണം, രാവിലെ മുതല്‍ വൈകുന്നേരം വരെ എത്ര രൂപ ചെലവാകും. നാളത്തെ ഫണ്ട് എങ്ങനെ ഒപ്പിക്കും എന്നൊക്കെയുള്ള ചിന്തകളിലൂടെയാണ് അത് കടന്നുപോകുന്നത്.

എന്നാല്‍ അഭിനയം അങ്ങനെയല്ല, ഏറ്റവും സുഖം അഭിനയിക്കാനാണ്. കാരണം കുട്ടിക്കാലം തൊട്ടേ എനിക്ക് ഏറ്റവും ഇഷ്ടം അഭിനയത്തോടാണ്.

സിനിമയോടും അഭിനയത്തോടുമുള്ള ഒരു ആവേശം എപ്പോഴാണ് ഉള്ളില്‍ തുടങ്ങിയത്?

എനിക്ക് ഏറ്റവും കൂടുതല്‍ ഹൈലൈറ്റ് ചെയ്ത് പറയാനുള്ള ഒരു കാര്യമാണത്. ഞാന്‍ ജനിച്ച് എന്‍റെ തൊണ്ണൂറാമത്തെ ദിവസം കഴിഞ്ഞപ്പോള്‍ എന്നെയും കൊണ്ട് തിയേറ്ററിലേക്ക് സിനിമ കാണാന്‍ പോയവരാണ് എന്‍റെ അച്ഛനും അമ്മയും. അച്ഛന്‍ കെ.എം. ഹരിനാരായണന്‍ ഇതിനോടകം അമ്പതോളം സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജരും കണ്‍ട്രോളറുമായി ഒക്കെ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്. അതുകൊണ്ടുതന്നെ എപ്പോഴും വീട്ടില്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സംസാരങ്ങളുമൊക്കെയായിരുന്നു. അങ്ങനെ സ്വാഭാവികമായും ആ ഒരു സിനിമാ പശ്ചാത്തലത്തിലാണ് ഞാന്‍ വളര്‍ന്നത്. അന്ന് തിയേറ്ററില്‍ നിന്ന് കേട്ട ബഹളങ്ങളായിരിക്കാം ഒരുപക്ഷേ എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്.

പിന്നീട് ഒന്നാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് അമ്മ എന്നെ ഫാന്‍സിഡ്രസ്സ് മത്സരങ്ങളിലും മറ്റും പങ്കെടുപ്പിക്കാന്‍ തുടങ്ങി. അമ്മതന്നെ പല വേഷങ്ങളില്‍ എന്നെ മേക്കപ്പ് ചെയ്യിച്ച് മത്സരങ്ങള്‍ക്ക് വിടുമായിരുന്നു. അവിടെ നിന്നാണ് സ്റ്റേജില്‍ കയറാനും അഭിനയിക്കാനുമുള്ള താല്‍പ്പര്യം കൂടുന്നത്. പിന്നീട് മോണോആക്ടും ചാക്യാര്‍കൂത്തുമൊക്കെയായി അത് മുന്നോട്ടുപോയി. ഒടുവില്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. അങ്ങനെ അറിഞ്ഞോ അറിയാതെയോ എന്‍റെ ജീവിതം എപ്പോഴും സിനിമയോട് ചേര്‍ന്നുതന്നെയായിരുന്നു നില്‍ക്കുന്നത്.