അഞ്ച് മാസം മുൻപ് മകൻ, ഇന്ന് ജാനകിയമ്മയും
Highlights
അഞ്ച് മാസം മുൻപാണ് ജാനകിയമ്മയുടെ ഏകമകനും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മുരളികൃഷ്ണ അന്തരിച്ചത്.
സ്വരമാധുര്യം കൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച എസ്. ജാനകിയുടെ ജീവിതത്തിന്റെ അവസാന നാളുകൾ വ്യക്തിപരമായ നഷ്ടങ്ങളുടെ വേദനയിലൂടെയായിരുന്നു കടന്നുപോയത്. അഞ്ച് മാസം മുൻപാണ് ജാനകിയമ്മയുടെ ഏകമകനും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മുരളികൃഷ്ണ അന്തരിച്ചത്. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് 65-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്ന് ഗായിക കെ.എസ്. ചിത്രയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം പങ്കുവെച്ചത്. ഇന്ന് ജാനകിയമ്മയുടെ വിയോഗവാർത്ത അറിയിച്ചത് കൊച്ചുമകൾ അപ്‌സരയാണ്.
മകന്റെ അകാലവിയോഗം ജാനകിയമ്മയെ ആഴത്തിൽ ബാധിച്ചിരുന്നു. ആ ദുഃഖത്തിൽനിന്ന് പൂർണമായി മുക്തയാകുംമുമ്പേ അവർ വിടപറഞ്ഞു.
പതിനേഴ് ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ പിന്നണിഗാനരംഗത്തെ അതുല്യ ശബ്ദമായിരുന്നു. 2017-ൽ സംവിധായകൻ മിഥുൻ ഈശ്വറിന്റെ ചിത്രത്തിനായി പാടിയ ഗാനത്തോടെയാണ് സിനിമാഗാനരംഗത്തോട് അവർ വിടപറഞ്ഞത്. തുടർന്ന് മൈസൂരുവിൽ സംഘടിപ്പിച്ച 'വിരാമ' സംഗീതനിശയിലൂടെയാണ് ആരാധകരോട് അവസാനമായി വേദി പങ്കിട്ടത്.
തമിഴ് ചിത്രം 'വിധിയിൻ വിളയാട്ട്' ആയിരുന്നു ജാനകിയുടെ ആദ്യ സിനിമ. എന്നാൽ അതിലെ ഗാനം പുറത്തിറങ്ങിയില്ല. അതിനുശേഷം കുട്ടിയുടെ ശബ്ദവും പുരുഷശബ്ദവും ഉൾപ്പെടെ അനവധി വ്യത്യസ്ത ശബ്ദഭാവങ്ങളിൽ പാടി വിസ്മയം തീർത്ത കലാകാരിയായി അവർ വളർന്നു. വെറും പത്ത് മാസം മാത്രം ഔപചാരിക സംഗീതപരിശീലനം നേടിയിട്ടും ഏറ്റവും ദുഷ്‌കരമായ ഗാനങ്ങൾ പോലും അനായാസം ആലപിച്ചതാണ് അവരുടെ അസാമാന്യ പ്രതിഭയുടെ തെളിവ്.
മലയാളത്തിന് സ്വന്തക്കാരിയെന്ന പോലെ ജീവിച്ച ഗായികയായിരുന്നു എസ്. ജാനകി. മലയാളം മാതൃഭാഷയല്ലായിരുന്നിട്ടും കൃത്യമായ ഉച്ചാരണവും ഭാവവും സ്വന്തമാക്കാൻ അവർ നടത്തിയ പരിശ്രമം ശ്രദ്ധേയമായിരുന്നു. പിന്നീട് മലയാളം അതേ മാധുര്യത്തോടെ സംസാരിച്ചും അവർ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി.
അവരുടെ അർപ്പണബോധം തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സിനിമാലോകം ഇന്നും ഓർക്കുന്നു. 'മൂടൽമഞ്ഞ്' എന്ന ചിത്രത്തിന്റെ ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ മുംബൈയിലെത്തിയപ്പോൾ അസുഖബാധിതയായി കിടപ്പിലായിരുന്നെങ്കിലും സ്റ്റുഡിയോയിൽ എത്തി, അൽപസമയം വിശ്രമിച്ച ശേഷം മൂന്ന് ഗാനങ്ങൾ റെക്കോർഡ് ചെയ്ത സംഭവം അതിലൊന്നാണ്.
എം.എസ്. ബാബുരാജിന്റെ സംഗീതത്തിൽ പിറന്ന നിരവധി അനശ്വര ഗാനങ്ങൾക്ക് ശബ്ദമായത് ജാനകിയായിരുന്നു. 'തളിരിട്ട കിനാക്കൾ', 'വാസന്തപഞ്ചമി നാളിൽ', 'സൂര്യകാന്തി', 'ഒരു കൊച്ചു സ്വപ്നത്തിൻ ചിറക്' തുടങ്ങി മലയാളികളുടെ മനസിൽ എന്നും നിലനിൽക്കുന്ന നിരവധി ഗാനങ്ങൾ അവർ സമ്മാനിച്ചു.
ഇളയരാജയുടെ 1,200-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകിക്ക് ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത് 'പതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂരപ്പൂവേ' എന്ന ഗാനമാണ്. തുടർന്ന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ അവർ കരസ്ഥമാക്കി.
ജീവിതത്തിന്റെ അവസാനഘട്ടത്തിലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു ജാനകി. ഏറെ വൈകി പ്രഖ്യാപിച്ച പദ്മഭൂഷൺ സ്വീകരിക്കില്ലെന്ന് തുറന്നുപറഞ്ഞ അവരുടെ തീരുമാനം വലിയ ചർച്ചയായിരുന്നു. എന്നാൽ എല്ലാ ബഹുമതികൾക്കും അപ്പുറം, കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ അവർ നേടിയ സ്ഥാനം ഒരിക്കലും മായാത്തതാണ്.