Sunday, 26 July 2026 | 12:27 AM

Interviews

മമ്മൂക്ക ജീവിച്ചിരിക്കുന്ന കാലത്ത് എനിക്ക് മരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. മമ്മൂക്ക, ലാല്‍ സാര്‍ പോലുള്ള ലെജന്‍റുകള്‍ ഇല്ലാത്ത കാലത്ത് എനിക്ക് ഒരിക്കലും ജീവിക്കണ്ട. കാരണം, നമ്മുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം അവരിലൂടെയാണ്... -ഷൈനി സാറ

ബിന്ദു പി.പി 24 July 2026 07:35 AM
മമ്മൂക്ക ജീവിച്ചിരിക്കുന്ന കാലത്ത് എനിക്ക് മരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. മമ്മൂക്ക, ലാല്‍ സാര്‍ പോലുള്ള ലെജന്‍റുകള്‍ ഇല്ലാത്ത കാലത്ത് എനിക്ക് ഒരിക്കലും ജീവിക്കണ്ട. കാരണം, നമ്മുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം അവരിലൂടെയാണ്... -ഷൈനി സാറ

Highlights

മഹേഷിന്‍റെ പ്രതികാരത്തിലെ മമ്മിയെ ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞാല്‍ തീരാവുന്ന വിഷമം മാത്രമേ നിനക്കുള്ളൂ എന്നുപറയുന്ന സൗമ്യയുടെ മമ്മിയെ നമുക്ക് എല്ലാവര്‍ക്കും ഓര്‍മ്മ കാണും. അവിടന്നങ്ങോട്ട് നിരവധി സിനിമകളില്‍ സപ്പോര്‍ട്ടിങ് വേഷങ്ങളിലൂടെ നമുക്കിടയിലേക്ക് വന്ന ഷൈനി സാറ എന്ന നടി ഇന്ന് മലയാളികളുടെ സുപരിചിത മുഖങ്ങളില്‍ ഒന്നാണ്. ഷൈനിയുടെ സിനിമാജീവിതത്തില്‍ നടന്‍ മോഹന്‍ലാലിന് വലിയ പങ്കുവഹിക്കാനുണ്ട്. എന്നാല്‍, അത് അദ്ദേഹം പോലും അറിയാതെയാണ് സംഭവിച്ചത്. അത് മാത്രമല്ല, ഇന്ന് അഭിനേത്രിയായി തിളങ്ങുന്ന ഷൈനി തന്‍റെ കരിയര്‍ തുടങ്ങുന്നത് കളിയാട്ടം എന്ന സിനിമയില്‍ ജയരാജിന്‍റെ അസിസ്റ്റന്‍റ് ആയാണ്. ആ കഥകളെല്ലാം നമ്മോട് പറയുകയാണ് ഷൈനി സാറ.

 

സ്ക്രീനില്‍ മുഖം കാണിക്കാന്‍ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി എങ്ങനെ ക്യാമറയ്ക്ക് പുറകിലെത്തി?

പ്രീഡിഗ്രി കഴിഞ്ഞ് കോളേജ് കഴിഞ്ഞ്, എല്‍.എല്‍.ബി ചെയ്യാന്‍ പോയപ്പോഴാണ് കുറച്ച് സിനിമാ സൗഹൃദങ്ങള്‍ കിട്ടുന്നത്. അവരുമൊത്ത് ഫെസ്റ്റിവലുകളില്‍ പലതിലും പോയിട്ടുണ്ട്. അതുപോലെ അവരുമൊത്ത് ഐ.എഫ്.എഫ്.കെയിലേക്ക് പോയപ്പോഴാണ് ജയരാജ് സാറിനെ കാണുന്നതും സംസാരിക്കുന്നതും. അന്ന് സിനിമയില്‍ അഭിനയിക്കണം എന്ന എന്‍റെ ആഗ്രഹത്തോട് വളരെ മോശമായ രീതിയിലായിരുന്നു വീട്ടുകാര്‍ പ്രതികരിച്ചിരുന്നത്. അതുകൊണ്ട് അഭിനയമില്ലെങ്കില്‍ കൂടി സിനിമയില്‍ എന്തെങ്കിലുമായി വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ ജയരാജ് സാറിനോട് ചാന്‍സ് ചോദിച്ചു.

അങ്ങനെ 1998 ല്‍ കളിയാട്ടം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോഴാണ് എന്നെ വിളിക്കുന്നത്. അന്ന് മഞ്ജുവും സുരേഷ് ഗോപിയുമെല്ലാം ഡബ്ബിങ്ങിന് വന്നതെല്ലാം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. മിഡിയും ടോപ്പും ഇട്ട ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു.മഞ്ജു അന്ന്. പക്ഷേ, വളരെ മെച്വേര്‍ഡായ കഥാപാത്രമായിരുന്നു ആ പ്രായത്തില്‍ മഞ്ജു ചെയ്തുവച്ചത്. സുരേഷ്ഗോപി ഡബ്ബ് ചെയ്യുമ്പോള്‍ ഒരു പോര്‍ഷനില്‍ സിങ്ക് ശരിയായില്ല. അത് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അപ്പോഴാണ് സുരേഷേട്ടന്‍ എന്നെ ശ്രദ്ധിക്കുന്നത്. 

അന്ന് കളിയാട്ടത്തിലെ വണ്ണാത്തി പുഴയുടെ തീരത്ത് എന്ന പാട്ടിന്‍റെ മിക്സ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മുകളിലെ നിലയില്‍ നടക്കുകയായിരുന്നു. താഴെ ഗുരു സിനിമ സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. വണ്ണാത്തിപ്പുഴയുടെ തീരത്ത് എന്ന പാട്ട് കേള്‍ക്കാനായി അന്ന് പെട്ടെന്ന് മോഹന്‍ലാല്‍ കളിയാട്ടത്തിന്‍റെ വര്‍ക്ക് നടക്കുന്ന സ്ഥലത്തേക്ക് വന്നു. ഞാന്‍ അപ്പോള്‍ പെട്ടെന്ന് ഷോക്കായി. അന്ന് പക്ഷേ പണ്ടത്തെപ്പോലെ മിണ്ടാനൊന്നും നിന്നില്ല.

ലാലേട്ടനോടൊപ്പമുള്ളതുപോലെ, മമ്മൂക്കയോടൊപ്പമുള്ള അനുഭവം എത്തരത്തിലായിരുന്നു?

മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള അവസരങ്ങള്‍ കുറച്ച് തവണ ലഭിച്ചിട്ടുണ്ട്. ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലായിരുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു, മമ്മൂക്കയോടൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉള്ള കാര്യം. പെട്ടെന്ന് അസോസിയേറ്റ് വന്നുപറഞ്ഞപ്പോള്‍ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. ഞാനങ്ങനെ എക്സൈറ്റ്മെന്‍ഡ് പുറത്ത് കാണിക്കുകയും ഫോട്ടോ എടുക്കുന്നതു പോലുള്ള കാര്യങ്ങള്‍ ചെയ്യാറില്ല. ലാലേട്ടനൊപ്പം 14 ദിവസത്തെ പരിപാടിക്ക് പോയിട്ട് ഒരു ഫോട്ടോ പോലും അദ്ദേഹത്തോടൊപ്പം ഞാന്‍ എടുത്തിരുന്നില്ല. പിന്നീട് എടുത്തിട്ടുണ്ട്, ആദ്യകാലത്ത് അതിന് സാധിച്ചിരുന്നില്ല.

എന്നാല്‍, മമ്മൂക്കയോടൊപ്പം ആദ്യം ഫോട്ടോ എടുക്കുന്നത് ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയിലാണ്. അന്ന്,  പോകാന്‍ നേരം ഞാന്‍ പോവാണ്, കഴിഞ്ഞു എന്നുംപറഞ്ഞ് പോകുമ്പോള്‍ ഫോട്ടോയ്ക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, എടുത്തു. എല്ലാവരും പറയും അദ്ദേഹം നല്ല ദേഷ്യക്കാരനാണ് എന്ന്. പുള്ളി ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടൊക്കെയുണ്ട്. പക്ഷേ, ആ ശാസന ലഭിക്കുന്നയാര്‍ക്കും അതൊരു പ്രശ്നമേയല്ല. അതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് അദ്ദേഹത്തിന്‍റെ സ്നേഹം ലഭിക്കുന്നുണ്ട്.

മമ്മൂക്ക ജീവിച്ചിരിക്കുന്ന കാലത്ത് എനിക്ക് മരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. മമ്മൂക്ക, ലാല്‍ സാര്‍ പോലുള്ള ലെജന്‍റുകള്‍ ഇല്ലാത്ത കാലത്ത് എനിക്ക് ഒരിക്കലും ജീവിക്കണ്ട. കാരണം, നമ്മുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം അവരിലൂടെയാണ്. അവരെ ലോകം ഉള്ളിടത്തോളം നമുക്ക് കാണാന്‍ സാധിക്കും. സ്ക്രീനിലൂടെ പക്ഷേ, അവര്‍ എവിടെയോ ഉണ്ട് എന്ന ഒരു ചിന്ത നമുക്ക് ഉണ്ടല്ലോ. ആ ചിന്ത ഇല്ലാത്ത കാലത്ത് എനിക്ക് ജീവിക്കണ്ട എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 

Tags
shiny sarah Mammootty Mohanlal