ഇതാ ഒരു 'Action' നായിക -കാതറിന്‍ മരിയ ജെയിംസ്
Highlights
അഭിനേത്രി, നര്‍ത്തകി, എഞ്ചിനീയര്‍, സംരംഭക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാതറിന്‍ മരിയ ജെയിംസ് അല്‍പ്പനേരം 'നാന'യ്ക്കൊപ്പം...
ചെറുപ്പം മുതലുള്ള ആഗ്രഹം ആയിരുന്നോ സിനിമ?
തീര്‍ച്ചയായും. അഭിനേത്രി ആകണം എന്നതായിരുന്നു ആഗ്രഹം. മോണോ ആക്ട്, നാടകം തുടങ്ങി പറ്റാവുന്ന എല്ലാത്തിലും ചാടിക്കയറി പങ്കെടുക്കുമായിരുന്നു. ചുരുക്കം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കോവിഡിനുശേഷം ആണ് ഓഡിഷനുകള്‍ കുറച്ചുകൂടി കാര്യമായി പങ്കെടുത്ത് തുടങ്ങിയത്.
കണ്ണൂര്‍ സ്ക്വാഡ് എന്ന തുടക്കം എങ്ങനെ ആയിരുന്നു?
ഓഡീഷനുകളിലൂടെയാണ് കണ്ണൂര്‍ സ്ക്വാഡില്‍ എത്തിപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ സിനിമ എന്നതില്‍ ഞാന്‍ ത്രില്‍ഡായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്ടില്‍ എനിക്കുള്ള പ്രാവീണ്യമാണ് എനിക്ക് ആ സിനിമയില്‍ ഭാഗം ആകാന്‍ സഹായകം ആയത്. ഫൈറ്റ് സീന്‍ ചെയ്തുകഴിഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞു 'മലയാളി ആണെന്ന് കരുതിയില്ല. ഇത്രയും നന്നായി ഫൈറ്റ് ചെയ്യുന്ന മലയാളികള്‍ ഉണ്ടായിട്ടാണ് നമ്മള്‍ ചെന്നൈയില്‍ നിന്നൊക്കെ ആളുകളെ കൊണ്ടുവരുന്നത്' എന്ന്... അതൊരു അവാര്‍ഡ് ആയിരുന്നു. ആ അഭിപ്രായം ജീവിതത്തില്‍ മറക്കില്ല.
ഏത് പ്രായം മുതല്‍ ആണ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് പഠിക്കുന്നത്?
ചെറുപ്പം മുതല്‍ പഠിക്കുന്നുണ്ട്. ജൂഡോയില്‍ ആണ് തുടക്കം. അതില്‍ സ്റ്റേറ്റ് സില്‍വര്‍ മെഡല്‍ ജേതാവ് ആയിരുന്നു. പിന്നെ, കബഡിയില്‍ നാഷണല്‍ ലെവല്‍ പങ്കെടുത്തിട്ടുണ്ട്. വീട്ടുകാര്‍ എല്ലാത്തിനും കൂടെ നിന്നതുകൊണ്ട് തന്നെ, ഇപ്പോഴും മാര്‍ഷ്യല്‍ ആര്‍ട്സ് പലതും ട്രൈ ചെയ്യുന്നുണ്ട്.
ഐഡന്‍റിറ്റിയും ദാവീദും?
ഐഡന്‍റിറ്റിയില്‍ അങ്ങനെ ആക്ഷന്‍ സീന്‍ ഒന്നും ആയിരുന്നില്ല. എന്നിരുന്നാലും സിനിമ ഇറങ്ങിയപ്പോള്‍ പലരും തിരിച്ചറിഞ്ഞ് വിളിച്ചിരുന്നു. ദാവീദില്‍ ഒരു ബസ് ഫൈറ്റ് സീന്‍ ആയിരുന്നു. അതിന് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. ആക്ഷന്‍ ഇഷ്ടമുള്ള ഒരു ഏരിയ കൂടിയായതുകൊണ്ട് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്.
മമ്മൂട്ടിയെ കല്യാണം കഴിച്ച കളങ്കാവല്‍?
കളങ്കാവല്‍ സിനിമയില്‍ മമ്മൂക്കയുടെ നായികമാരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍. കണ്ണൂര്‍ സ്ക്വാഡിനുശേഷം അദ്ദേഹത്തോടൊപ്പം വീണ്ടും സ്ക്രീന്‍പങ്കിടാന്‍ പറ്റിയതിന്‍റെ സന്തോഷം വലുതായിരുന്നു. മമ്മൂക്ക എന്നെ താലി കെട്ടുന്ന സീനായിരുന്നു അത്. സത്യത്തില്‍ ചെറിയ പേടി ഉണ്ടായിരുന്നു. എന്നാല്‍ ടെന്‍ഷന്‍ ഉണ്ടോ, ആദ്യത്തെ താലി കെട്ടാണോ, എന്‍റെ ഒരുപാട് താലികെട്ട് കഴിഞ്ഞതാ, അതില്‍ ഒന്ന് മാത്രമാണിത്' എന്നൊക്കെ പറഞ്ഞ് മമ്മൂക്ക എന്നെ കൂള്‍ ആക്കിയിരുന്നു. സിനിമ ഇറങ്ങിയതോടെ വലിയ സന്തോഷം ആയിരുന്നു. മമ്മൂക്ക താലി കെട്ടുന്ന ആ ഫോട്ടോ എന്നെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ മൊമന്‍റ് ആയിരുന്നു.