'ഹൊറര്‍ ' നായിക -പ്രിയാഭവാനി ശങ്കര്
Highlights
മിനിസ്ക്രീന്‍ താരങ്ങള്‍ക്ക് സിനിമയില്‍ ശോഭിക്കാനാവില്ലെന്ന തമിഴ് സിനിമാ സെന്‍റിമെന്‍റ് തകര്‍ത്ത താരമാണ്... -പ്രിയാഭവാനി ശങ്കര്‍
വിജയ് ടി.വി അവതാരകയായിരുന്ന പ്രിയയെ സിനിമയിലേക്ക് ചുവപ്പുകമ്പളം വിരിച്ച് ആനയിച്ചത് സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജാണ്. അദ്ദേഹം നിര്‍മ്മിച്ച് രത്നകുമാര്‍ സംവിധാനം ചെയ്ത 'മേയാതമാന്‍' എന്ന സിനിമയിലെ നായികാപദവി താരത്തെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് കാര്‍ത്തിയുടെ 'കടൈക്കുട്ടി സിങ്ക'ത്തിലെ ഉപനായികാവേഷം. ആ സിനിമയും സൂപ്പര്‍ഹിറ്റ് ആയതോടെ പ്രിയാഭവാനി ശങ്കര്‍ തമിഴ്സിനിമയിലെ ഭാഗ്യതാരമാവുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് രണ്ടാംനിര നായകന്മാരുടെ നായികയായി സ്ഥിരപ്രതിഷ്ഠ നേടി.
തനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങള്‍ മാത്രം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സ്വീകരിക്കുന്നതിനാല്‍ തമിഴ് സിനിമയിലെ നായികനിരയില്‍ ദീര്‍ഘകാലം നിലനിന്നേക്കാവുന്ന നായികനടി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പ്രിയാഭവാനി ശങ്കര്‍ തന്‍റെ കരിയറിന്‍റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും, തന്‍റെ പോളിസിയെക്കുറിച്ചും മനസ്സ് തുറന്നപ്പോള്‍...
പ്രേതകഥകള്‍ എഴുതുന്ന സംവിധായകര്‍ നിങ്ങളെ മനസ്സില്‍ സങ്കല്‍പ്പിച്ചുകൊണ്ടാണ് തിരക്കഥകള്‍ എഴുതുന്നത് എന്ന് തോന്നിപ്പോകുന്നു. 'ബ്ലാക്ക്', 'ഡിമാണ്ടികോളനി', 'സീബ്രാ' എന്നിങ്ങനെയുള്ള ഹൊറര്‍ സിനിമകളിലാണ് അധികവും നായികയായി നിങ്ങളെ കാണാനാവുന്നത്...?
അത് സന്തോഷമുള്ള കാര്യമല്ലേ? കഥ കേള്‍ക്കുമ്പോള്‍ എനിക്ക് നന്നായി ചെയ്യാനാവും എന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ഞാന്‍ സെലക്ട് ചെയ്യുകയുള്ളൂ. നിങ്ങള്‍ പറഞ്ഞ മൂന്ന് സിനിമകളും കോമണായി ത്രില്ലറുകളാണെങ്കിലും, അവ ഓരോന്നിന്‍റേയും പ്ലോട്ടുകള്‍ വേറെ വേറെയാണ്. ആ സിനിമകളെല്ലാം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഹൊറര്‍ സിനിമകള്‍ക്ക് എപ്പോഴും ആരാധകര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കും. അടുത്തതായി എന്താണ് നടക്കുക എന്ന് അറിയാത്ത രീതിയിലുള്ള കഥകള്‍ ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കും അത്തരം കഥകളോട് കൂടുതല്‍ ആകാംക്ഷ ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.
കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ രണ്ടുകാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സ്ക്രിപ്റ്റും നിര്‍മ്മാണക്കമ്പനിയും നോക്കിയാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ശക്തമായ ഒരു കഥ കിട്ടിയാല്‍ അതിനെ നിര്‍മ്മാണസ്ഥാപനം നല്ല രീതിയില്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചാല്‍ മാത്രമേ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അദ്ധ്വാനം പുറത്തറിയുകയുള്ളു. ഓരോ സിനിമയ്ക്കും വേണ്ടി കഠിനമായ അദ്ധ്വാനിക്കുന്നു. ആ അദ്ധ്വാനഫലം ജനങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്ന നിര്‍മ്മാണക്കമ്പനി കിട്ടുമ്പോള്‍ ആ സിനിമയോടുള്ള വിശ്വാസം കൂടുന്നു. പിന്നണിയില്‍ ജോലി ചെയ്തവര്‍ക്കും ആര്‍ട്ടിസ്റ്റിനും ടെന്‍ഷനേ ഉണ്ടാവില്ല. കാരണം ഇന്ന് സിനിമയെ സംബന്ധിച്ചിടത്തോളം മാര്‍ക്കറ്റിങ് ഒരു വലിയ ഘടകം തന്നെയാണ്.
ഡിമാണ്ടി കോളനി-3 ഏറെ പ്രതീക്ഷിക്കപ്പെടുന്ന സിനിമയായിരുന്നു. സംവിധായകര്‍ അജയ് ജ്ഞാനമുത്തുവും നായകന്‍ അരുള്‍നിധിയും അതിനെക്കുറിച്ച് മുമ്പ് ചര്‍ച്ച ചെയ്തിരുന്നോ...?
ഡിമാണ്ടി കോളനി-2 ന്‍റെ കഥ കേള്‍ക്കുമ്പോള്‍ തന്നെ, ഡെഫി എന്ന കഥാപാത്രത്തെ മിസ് ചെയ്യരുത് എന്ന് തോന്നി. ആ സിനിമയ്ക്ക് വന്‍വരവേല്‍പ്പ് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടായിരുന്നു. അതിന്‍റെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ അതിന്‍റെ അടുത്തടുത്ത ഭാഗങ്ങള്‍(ഫ്രാഞ്ചൈസി) ഉണ്ടാകും എന്ന് മനസ്സിലായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ മൂന്നാമത്തെ പാര്‍ട്ട് തുടങ്ങുമെന്ന് പ്രതീക്ഷിച്ചില്ല. അജയ് ജ്ഞാനമുത്തു ഒരു സ്പെഷ്യലായ ഡയറക്ടറാണ്.
തുടര്‍ച്ചയായി ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍?
ലൊക്കേഷനില്‍ ഞങ്ങള്‍ക്ക് പിറകില്‍ ഗ്രീന്‍മാറ്റ് സ്ക്രീനും മാര്‍ക്കും ഉണ്ടാകും. അത് മനസ്സില്‍ കൊണ്ടുവേണം അഭിനയിക്കാന്‍. മറ്റൊന്നും കണ്‍മുന്നില്‍ കാണില്ല. എല്ലാം ഭാവനയാണ്. പക്ഷെ പ്രേതം ഉണ്ടെന്ന് വിചാരിച്ച് അഭിനയിക്കണം. പടം തിയേറ്ററിലേക്ക് വരുമ്പോള്‍ ഗ്രീന്‍മാറ്റിന് പകരം ഭയാനകമായ രംഗങ്ങളും സ്ഥാനം പിടിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഭയക്കുന്നതായി തോന്നുന്നത്. ഞങ്ങള്‍ ഭയം കൂടാതെയാണ് അഭിനയിക്കുന്നത്. എനിക്ക് പ്രേത-പിശാചിലൊന്നും വിശ്വാസമില്ല. എന്നാല്‍ ഇരുട്ടിനെ ചെറിയ പേടിയുണ്ട്. അത് ചെറിയ ചെറിയ ഭയമുണ്ടാക്കും.. അത് സ്വാഭാവികമല്ലേ?