സ്വപ്നത്തില്‍ പോലും കാണാത്ത സിനിമ എന്ന മഹാത്ഭുതത്തിനൊപ്പം ഓരം ചേര്‍ന്ന് യാത്ര തുടങ്ങി. ഇന്ന് ജീവനോളം സ്നേഹിക്കുന്ന നൃത്തത്തിനൊപ്പം അഭിനയവും സിനിമയും സ്ഥാനം പിടിച്ചുകഴിഞ്ഞു... -ശ്രുതി ജയന്
Highlights
ജീവിതത്തില്‍ സംഭവിച്ച പലതും മാജിക്കുപോലെയെന്ന് തോന്നിയിട്ടുണ്ട്. സ്വപ്നത്തില്‍ പോലും കാണാത്ത സിനിമ എന്ന മഹാത്ഭുതത്തിനൊപ്പം ഓരം ചേര്‍ന്ന് യാത്ര തുടങ്ങി. ഇന്ന് ജീവനോളം സ്നേഹിക്കുന്ന നൃത്തത്തിനൊപ്പം അഭിനയവും സിനിമയും സ്ഥാനം പിടിച്ചുകഴിഞ്ഞു. ആഗ്രഹിച്ചപോലെ നൃത്തസ്ക്കൂള്‍ എന്ന സ്വപ്നം നടന്നു. രാജശ്യാമ മനോഹരമായി മുന്നോട്ട് പോകുന്നു. വിശേഷങ്ങള്‍ പങ്കുവച്ച് ശ്രുതി ജയന്‍.
രാജശ്യാമ എന്ന സ്വപ്നം
ചെറുപ്പം മുതല്‍ നൃത്തം അഭ്യസിക്കുന്ന കാലം മുതല്‍ സ്വന്തമായൊരു സ്ക്കൂള്‍ എന്നത് സ്വപ്നമായിരുന്നു. ഇന്ന് അത് സാധ്യമായി. ഒരുപാട് സ്റ്റുഡന്‍റ്സ് ഉണ്ട്. അല്ലാതെ വര്‍ക്ക്ഷോപ്പുകള്‍ നടത്താറുണ്ട്. അതില്‍ നിന്നെല്ലാം സന്തോഷം കിട്ടുന്നുണ്ട്.
നൃത്തവും അഭിനയവും
നൃത്തവും അഭിനയവും ഒപ്പം കൊണ്ടുപോകാന്‍ ബുദ്ധിമുട്ടല്ലേയെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ നൃത്തം നിര്‍ത്തിവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് പാടുള്ള കാര്യമാണ്. നൃത്തം എന്‍റെ നിലനില്‍പ്പാണ്. നൃത്തത്തിനായി ഞാന്‍ സമയം കണ്ടെത്താറുണ്ട്. അതൊരിക്കലും വിട്ടുകളയാന്‍ കഴിയില്ല. വര്‍ഷങ്ങളായി കൂടെയുള്ള നൃത്തത്തിനൊപ്പം അഭിനയവും ഒപ്പം ചേര്‍ന്നുവെന്ന് പറയുന്നതാവും ശരി. ഇനി രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് ആഗ്രഹം. രണ്ടിലും സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.
യാദൃച്ഛികമായി അങ്കമാലിക്കൊപ്പം
വളരെ യാദൃച്ഛികമായാണ് അങ്കമാലി ഡയറീസിന്‍റെ ഭാഗമാവുന്നത് ഖാലിപേഴ്സ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മാക്സ്വെല്‍ ജോസ് സുഹൃത്തായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്നോട് പോലും പറയാതെ എന്‍റെ ഫോട്ടോ അങ്കമാലി ടീമിന് അയയ്ക്കുന്നത്. അതുകണ്ടു അങ്കമാലി ടീം വിളിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വളരെ യാദൃച്ഛികമായി സിനിമയുടെ ഭാഗമായ ഒരാളാണ് ഞാന്‍. അങ്കമാലിയിലൂടെ തുടക്കം കുറിച്ച ഒരു കൂട്ടം പുതുമുഖങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇന്ന് ഇന്‍ഡസ്ട്രിയില്‍ സ്പേസുണ്ട്.
വലിയ മാറ്റത്തിനൊപ്പമായിരുന്നു എന്‍റെ തുടക്കം
അങ്കമാലി ഡയറീസ് എന്ന ചിത്രം മലയാളസിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. ആ മാറ്റങ്ങളുടെ തുടക്കത്തിന് ഭാഗമാവാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്. വളരെ റിയലിസ്റ്റിക്കായ സിനിമയുടെയും കഥാപാത്രത്തിന്‍റെയും ഭാഗമായി തുടങ്ങിയതുകൊണ്ടുതന്നെ എനിക്ക് സിനിമയില്‍ മാറ്റം തോന്നുന്നില്ല.
ഒരുപാട് നല്ല കണ്ടന്‍റുള്ള സിനിമകള്‍ സംഭവിക്കുന്നു. അതിനൊപ്പം ഇന്‍ഡസ്ട്രി വലുതാവുന്നു. മറ്റുള്ളവര്‍ വളരെ കൗതുകത്തോടെ നോക്കി കാണുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം ഫിലിം ഇന്‍ഡസ്ട്രി. വരുന്ന വര്‍ഷങ്ങളില്‍ ഒരുപാട് നല്ല സിനിമകള്‍ വരാനുണ്ട്. ഇതുവരെ വന്നതില്‍ ഒരുപാട് നല്ല സിനിമകളുണ്ട്. അതുകൊണ്ടുതന്നെ ആ ഇന്‍ഡസ്ട്രിയോടൊപ്പമുള്ള യാത്ര ഞാനും ഒരുപാട് ആസ്വദിക്കുന്നുണ്ട്.
ആലീസ് പുതുജീവനേകി
ചെയ്ത കഥാപാത്രങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെങ്കിലും ചില കഥാപാത്രങ്ങള്‍ നമുക്ക് നല്‍കുന്ന സംതൃപ്തി വളരെ പ്രത്യേകതയുള്ളതാണ്. അങ്ങനെയുള്ള കഥാപാത്രമാണ് ആലീസ്. എനിക്കൊരു പുതുജീവനേകിയ കഥാപാത്രമാണ് ആലീസ്. ആലീസ് ഇല്ലായിരുന്നെങ്കില്‍ ഇന്നെനിക്ക് ഉണ്ടായ ഒന്നും സംഭവിക്കില്ലായിരുന്നു. അതുപോലെ ഏറെ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ ജെസ്സി. വളരെ ബോള്‍ഡായ ഒരു കഥാപാത്രമായതുകൊണ്ടുതന്നെ എന്നെ അങ്കമാലി കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കഥാപാത്രമാണ് ജെസ്സി.
ജൂണിലെ മായ മിസ്സും എനിക്കേറെ പ്രിയപ്പെട്ട ഒരു വേഷമാണ്. ഇപ്പോഴും ജൂണിലെ മായ മിസ്സിനെ കുറിച്ച് ചോദിക്കുന്നവരുണ്ട്. അതുപോലെ തെലുങ്ക് വെബ്സീരിസിലെ സരോജയും പ്രിയപ്പെട്ട ഒരു വേഷമാണ്. അതുപോലെ ഈയടുത്ത് ചെയ്ത ഹിന്ദി വെബ് സീരിസിലെ ഞാന്‍ ചെയ്ത കഥാപാത്രവും സംതൃപ്തി നല്‍കിയതാണ്. ചെയ്ത എല്ലാ കഥാപാത്രങ്ങളും വളരെ എന്‍ജോയ് ചെയ്താണ് ചെയ്തത്. അതുകൊണ്ടുതന്നെ എല്ലാം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവയുമാണ്.
കോമഡി എക്സ്പ്ലോര്‍ ചെയ്യണം
ചെയ്തതില്‍ കൂടുതലും ബോള്‍ഡ് വേഷമായതുകൊണ്ടുതന്നെ എന്നെ അത്തരത്തിലാണ് പ്രേക്ഷകര്‍ കൂടുതലും കണ്ടിരിക്കുന്നത്. എനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ ഇഷ്ടമാണ്. അത്തരത്തിലുള്ള കഥാപാത്രം വരണമെന്നൊരു ആഗ്രഹമുണ്ട്. അതുപോലെ ലീഡ് റോള്‍ ചെയ്യണമെന്നും സ്ത്രീകളുടെ കഥ പറയുന്ന സിനിമകളില്‍ കഥ കൊണ്ടുപോകുന്ന വേഷത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.