മോഹൻലാലും പാർവതിയും മൂന്നു പതിറ്റാണ്ടിനു ശേഷം ഒരേ വേദിയിൽ
Highlights
പാർവതിയുടെ രണ്ടാം ചിത്രമായ ‘അമൃതംഗമയ’യിലൂടെയാണ് മോഹൻലാലിനൊപ്പം ആദ്യമായി നായികയായി എത്തുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ മോഹൻലാലും പാർവതിയും മൂന്ന് പതിറ്റാണ്ടിലേറെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരേ വേദിയിൽ എത്തിയത് ആരാധകർക്ക് മറക്കാനാകാത്ത നിമിഷമായി. ‘കിരീടം’ ചിത്രത്തിന്റെ പുതുക്കിയ പതിപ്പിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങാണ് ഈ അപൂർവ സംഗമത്തിന് വേദിയായത്.
പാർവതിയുടെ രണ്ടാം ചിത്രമായ ‘അമൃതംഗമയ’യിലൂടെയാണ് മോഹൻലാലിനൊപ്പം ആദ്യമായി നായികയായി എത്തുന്നത്. തുടർന്ന് ‘തൂവാനത്തുമ്പികൾ’ എന്ന ക്ലാസിക് ചിത്രത്തിൽ ജയകൃഷ്ണനും രാധയും ആയി ഇരുവരും മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംനേടി. ആ ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ചാണ് പിന്നീട് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ‘കിരീട’ത്തിന്റെ കഥ മോഹൻലാൽ കേട്ടതെന്നതും ശ്രദ്ധേയമാണ്.
‘ഉത്സവപ്പിറ്റേന്ന്’, ‘ദൗത്യം’, ‘അധിപൻ’, ‘സൂര്യഗായത്രി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. ‘കിരീട’ത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ‘കമലദളം’ എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് ആവർത്തിക്കപ്പെട്ടു. നന്തഗോപനും സുമംഗലയുമായി മോഹൻലാലും പാർവതിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ സജീവമാണ്.
സിബി മലയിൽ സംവിധാനം ചെയ്ത ‘വളയം’ എന്ന ചിത്രത്തിനായാണ് പാർവതി അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാൽ തിയേറ്ററുകളിൽ ഒടുവിൽ റിലീസ് ചെയ്ത പാർവതിയുടെ ചിത്രം മോഹൻലാലിനൊപ്പം അഭിനയിച്ച ‘സൂര്യഗായത്രി’യായിരുന്നു. ‘ചെങ്കോൽ’ ചിത്രത്തിൽ പാർവതിക്കായി കഥാപാത്രം ഒരുക്കിയിരുന്നെങ്കിലും അതിനോടകം വിവാഹശേഷം അവർ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു.
വിവാഹശേഷം ഒരു സിനിമയുമായി ബന്ധപ്പെട്ട പൊതുപരിപാടിയിൽ പാർവതി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. കൊച്ചിയിലെ ഗോക്കുലം പാർക്കിൽ നടന്ന ട്രെയിലർ ലോഞ്ചിൽ ‘കിരീടം’ ടീമിലെ അംഗങ്ങൾ പങ്കെടുത്തു.
ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ‘കിരീടം’ 37 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണത്തോടെ സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. ജൂലൈ 3ന് ചിത്രം പ്രദർശനത്തിനെത്തും. ചടങ്ങിൽ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകാശ് മാഗ്ഡവും സന്നിഹിതനായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ കൂട്ടുകെട്ടുകളിലൊന്നായ മോഹൻലാൽ–പാർവതി ജോഡി വീണ്ടും ഒരേ വേദിയിൽ എത്തിയതോടെ ‘കിരീടം’ റീ-റിലീസിനുള്ള ആകാംക്ഷയും ഇരട്ടിയായി.