വാഴ എഡിറ്റ് ചെയ്യുന്നതിന് മുന്‍പ് എന്‍റെ അച്ഛന്‍ മരിച്ചു. ഒരുപാട് വിഷമത്തോടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സിനിമയില്‍ അച്ഛനായി എത്തുന്ന ബിജുക്കുട്ടന്‍ ചേട്ടന്‍റെ സീക്വന്‍സുകള്‍ കട്ട് ചെയ്യുന്നത്. അത് ചെയ്യുമ്പോള്‍ ഇടയ്ക്ക് കണ്ണ് നിറഞ്ഞിട്ടുണ്ട്... -എഡിറ്റര്‍ കണ്ണന്‍ മോഹന്
Highlights
പ്ലസ് ടു കഴിഞ്ഞ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചു. പിന്നെ പാലയില്‍ ഒരു അക്കാദമിയില്‍ എഡിറ്റിംഗ് കോഴ്സ് ചെയ്തു. കുറച്ചുനാള്‍ ഒരു സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്തു. അവിടെ ചെയ്ത വര്‍ക്കുകള്‍ക്ക് ഒക്കെയും നല്ല അഭിപ്രായം ലഭിക്കുമായിരുന്നു. പിന്നീട് ലൈല ഓ ലൈല എന്ന സിനിമയില്‍ സ്പോട്ട് അസിസ്റ്റന്‍റര്‍ ആയി പ്രവര്‍ത്തിച്ചു. അവിടെനിന്ന് എഡിറ്റര്‍ ആയി, ഇന്നിപ്പോ വാഴ 2 വരെ എത്തിനില്‍ക്കുന്നു ആ യാത്രയെക്കുറിച്ച്, സിനിമാജീവിതത്തെക്കുറിച്ച് എഡിറ്റര്‍ കണ്ണന്‍ മോഹന്‍ സംസാരിക്കുന്നു...
പത്താം ക്ലാസ് കഴിഞ്ഞ പാടെ അമ്മ ഒരു ചൈനീസ് ഫോണ്‍ വാങ്ങിത്തന്നിരുന്നു. അതില്‍ വീഡിയോ പിടിച്ച് നടക്കുന്നതായിരുന്നു ആ കാലത്തെ ഇഷ്ടവിനോദം. അന്നൊക്കെ ക്യാമറ കൈകാര്യം ചെയ്യാന്‍ ആയിരുന്നു ഇഷ്ടം. കാലക്രമേണ ക്യാമറ എന്നതില്‍ നിന്ന് മാറി എഡിറ്റിംഗ് എന്നതിലേക്ക് ചിന്തകള്‍ മാറി. പ്ലസ് ടു കഴിഞ്ഞ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചു. പിന്നെ പാലയില്‍ ഒരു അക്കാദമിയില്‍ എഡിറ്റിംഗ് കോഴ്സ് ചെയ്തു. കുറച്ചുനാള്‍ ഒരു സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്തു. അവിടെ ചെയ്ത വര്‍ക്കുകള്‍ക്ക് ഒക്കെയും നല്ല അഭിപ്രായം ലഭിക്കുമായിരുന്നു. പിന്നീട് ലൈല ഓ ലൈല എന്ന സിനിമയില്‍ സ്പോട്ട് അസിസ്റ്റന്‍റര്‍ ആയി പ്രവര്‍ത്തിച്ചു. അവിടെനിന്ന് എഡിറ്റര്‍ ആയി, ഇന്നിപ്പോ വാഴ 2 വരെ എത്തിനില്‍ക്കുന്നു ആ യാത്രയെക്കുറിച്ച്, സിനിമാജീവിതത്തെക്കുറിച്ച് എഡിറ്റര്‍ കണ്ണന്‍ മോഹന്‍ സംസാരിക്കുന്നു...
ഒരു സാധാരണ ഫാമിലിയില്‍ നിന്ന് സിനിമയിലേക്ക് വരുമ്പോള്‍ ചുറ്റും ഉള്ളവരുടെ സപ്പോര്‍ട്ട് എത്രമാത്രം ആയിരുന്നു?
ഞാന്‍ ഒരു ആവറേജ് ഫാമിലിയിലെ അംഗമാണ്. സിനിമയില്‍ ആണെങ്കില്‍ പരിചയം ഉള്ള ആളുകള്‍ ആരും തന്നെ ഇല്ല. അതുകൊണ്ടുതന്നെ, ചുറ്റും ഉള്ളവര്‍ക്ക് ഭാവിയെ ഓര്‍ത്ത് നല്ല പേടിയുണ്ടായിരുന്നു. എഡിറ്റിംഗ് എന്നത് എന്താണെന്നോ, അതിന്‍റെ ആവശ്യകത എന്താണെന്നുപോലും പലര്‍ക്കും അറിയില്ലായിരുന്നു. പഠിത്തം കഴിഞ്ഞിട്ടും സാലറി ലഭിക്കാതെ ഇരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ചാനലില്‍ അവസരങ്ങള്‍ വന്നെങ്കിലും പോയില്ല. കടുത്തുരുത്തിയില്‍ ഒരു സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് നാലാം ദിവസം ഞാന്‍ അവിടെ നിന്ന് ബൈ പറഞ്ഞു ഇറങ്ങി. എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ വീട്ടുകാര്‍ക്ക് സ്വാഭാവികമായി ഇത് ഇവിടെച്ചെന്നാണ് അവസാനിക്കുക എന്നൊരു ചിന്തയും പേടിയും ഉണ്ടായി. നിലവില്‍ 64 പടങ്ങള്‍ സ്പോട്ട് എഡിറ്റ് ചെയ്തു. വാഴ ഇത്രയും സക്സസായി, പലരും കാണാനും വിളിക്കാനും ഒക്കെ വരുമ്പോഴും, വീട്ടില്‍ ഇതുവരെ പിടികിട്ടിയില്ല, എഡിറ്റര്‍ എന്ന നിലയില്‍ എന്താണ് എന്‍റെ പരിപാടി സിനിമയില്‍ എന്നത്. പക്ഷേ, അവര്‍ കൂടെ നിന്നത് കൊണ്ടുതന്നെയാണ് എനിക്ക് എന്‍റെ ഇഷ്ടത്തിന് ഇതെല്ലാം ചെയ്യാന്‍ ആവുന്നത്. അതിന് കുടുംബത്തോടുള്ള നന്ദി വിലമതിക്കാന്‍ ആവാത്തത് ആണ്.
64 പടങ്ങള്‍ സ്പോട്ട് എഡിറ്റ് ചെയ്തു എന്നുപറഞ്ഞല്ലോ, ഇതില്‍ ഏറ്റവും വര്‍ക്ക് ചെയ്ത് ഇഷ്ടപ്പെട്ട പ്രോജക്ട് ഏതായിരുന്നു?
അങ്ങനെ ചോദിച്ചാല്‍ എല്ലാം ഇഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. എഡിറ്റിംഗ് എന്ന പ്രോസസ് ഞാന്‍ എന്‍ജോയ് ചെയ്താണ് ചെയ്യാറുള്ളത്. തുടക്കം മുതല്‍ ഇതുവരെ ചെയ്ത എല്ലാ പ്രോജക്ടുകളും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എനിക്ക് പലതും പഠിപ്പിച്ചുതന്നിട്ടുണ്ട്. ഇതില്‍ ജോണികുട്ടി ചേട്ടന്‍റെ കീഴില്‍ വര്‍ക്ക് ചെയ്യുന്നതാണ് കൂടുതല്‍ ആത്മവിശ്വാസം തന്നിട്ടുള്ളത്. എല്ലാം വലിയ പടങ്ങള്‍ ആയിരുന്നു. വലിയ ക്രൂ. ഫുള്‍ടൈം ഡയറക്ടര്‍ക്ക് ഒപ്പം ഇരിക്കാന്‍ പറ്റിയിരുന്നു. വിപിന്‍ദാസ് ചേട്ടന്‍റെ വര്‍ക്കുകള്‍ കുറച്ചുകൂടി ഞാന്‍ ആസ്വദിച്ചിട്ടുണ്ട് എന്നത് എനിക്ക് പറയാതെ ഇരിക്കാന്‍ പറ്റില്ല.
സ്പോട്ട് എഡിറ്റര്‍മാര്‍ക്ക് സിനിമയില്‍ വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?
പരിഗണന എന്നല്ല, സ്പോട്ട് എഡിറ്റര്‍മാര്‍ക്ക് ഇവിടെ അവരുടെ ക്രിയേറ്റീവ് ഔട്ട്പുട്ടിനുള്ള സ്പേസ് ലഭിക്കുന്നില്ല. എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. എടുത്തുവച്ച ഷോട്ടുകള്‍ തുന്നിചേര്‍ക്കുക എന്നതിന് അപ്പുറത്തേയ്ക്ക് ഒരു വര്‍ക്കിംഗ് സമയമോ സാവകാശമോ ലഭിക്കാറില്ല. സെറ്റില്‍ സ്പോട്ട് എഡിറ്റര്‍ എന്ന ആളുടെ ഉപയോഗം വളരെ വലുതാണ്.
സിനിമയിലേക്ക് എത്താന്‍ ആരെങ്കിലും പ്രചോദനം ആയിട്ടുണ്ടോ?
ഉണ്ട്. ഞാന്‍ ഒരു എലഞ്ഞിക്കാരന്‍ ആണ്. എന്‍റെ വീട്ടില്‍ ആണ് ജീത്തുജോസഫ് സാര്‍ താമസം. ദൃശ്യം ഒക്കെ ഇറങ്ങുമ്പോള്‍, എനിക്ക് ആരാധന ആയിരുന്നു. അദ്ദേഹം പ്രചോദനം ആയിട്ടുണ്ട്. പണ്ടൊക്കെ അദ്ദേഹത്തെ ഒന്നുകാണാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. ഇന്ന് വാഴ സക്സസ് ആയി നില്‍ക്കുമ്പോള്‍, സാറിനോട് ശ്രീകാന്ത് മുരളി, അദ്ദേഹം പറഞ്ഞു പടത്തിന്‍റെ എഡിറ്റര്‍ നമ്മുടെ നാട്ടുകാരന്‍ ആണെന്ന്. അങ്ങനെ, ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. അന്ന് ഉണ്ടായ സന്തോഷത്തിനു കയ്യും കണക്കും ഇല്ല..
എഡിറ്റ് ചെയ്യുമ്പോള്‍ കരുതിയിരുന്നോ വാഴ-2 200 കോടി പടം ആണ് മുമ്പില്‍ എന്ന്?
ഒരിക്കലും ഇല്ല. സിനിമ വര്‍ക്ക് ചെയ്യുമ്പോള്‍, ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യത ഉണ്ട് എന്ന് അറിയാം. പ്രേമലു, ലോക ഒക്കെ വന്നപ്പോള്‍ ഓര്‍ത്തിട്ടുണ്ട് ഇങ്ങനെ ഒരു വലിയ പടം ഒക്കെ ചെയ്യാന്‍ പറ്റിയിരുന്നു എങ്കില്‍ എന്ന്.. അത് ഇപ്പൊ സാധ്യമായി. വാഴ, തെലുങ്കിലും ഹിറ്റ് അടിച്ചു. എല്ലാം സന്തോഷം എന്നല്ലാതെ എന്ത് പറയാന്‍...
വാഴ 3 പ്രതീക്ഷ എത്രമാത്രം?
വാഴ 3 അനൗണ്‍സ് ചെയ്തിട്ടുണ്ട്. വലിയ പ്രതീക്ഷ ഉണ്ട്. വിപിന്‍ദാസ് എന്ന വ്യക്തിയില്‍. പോസ്റ്റര്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ, ഒരുപാട് നെഗറ്റീവ് ഉണ്ടായിരുന്നു. സ്ത്രീകളുടെ കഥ ആണ് വാഴ 3. പീരീഡ്സും, കരച്ചിലും, കല്യാണവും അല്ലാതെ സ്ത്രീകള്‍ക്ക് എന്താണ് കഥ എന്ന മട്ടില്‍ കമന്‍റ്സ് പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഇതൊന്നും അല്ലാത്ത കഥ പറയുക എന്നതിന്‍റെ റിസ്ക് ഉണ്ട്. അതിന്‍റെ വര്‍ക്കില്‍ ആണ് ടീം.
എഡിറ്റിംഗ് ചെയ്യുമ്പോള്‍ ഏറ്റവും പ്രയോജനം തോന്നുന്നത് ഏത് സാഹചര്യത്തില്‍ ആണ്?
കോമഡിപ്പടങ്ങള്‍ ചെയ്യുമ്പോള്‍ ആണ്. എഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും ഉണ്ട് ഇതേ റിസ്ക്. റിയാക്ഷനുകള്‍ കറക്റ്റ് സമയത്ത് പ്ലേസ് ആയില്ലെങ്കില്‍ പണിപാളും. കോമഡി വര്‍ക്ക് ആവില്ല.
വാഴയില്‍ എഡിറ്റ് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീക്വന്‍സ് ഏതായിരുന്നു?
വാഴ എഡിറ്റ് ചെയ്യുന്നതിന് മുന്‍പ് എന്‍റെ അച്ഛന്‍ മരിച്ചു. ഒരുപാട് വിഷമത്തോടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സിനിമയില്‍ അച്ഛനായി എത്തുന്ന ബിജുക്കുട്ടന്‍ ചേട്ടന്‍റെ സീക്വന്‍സുകള്‍ കട്ട് ചെയ്യുന്നത്. അത് ചെയ്യുമ്പോള്‍ ഇടയ്ക്ക് കണ്ണ് നിറഞ്ഞിട്ടുണ്ട്. അതൊരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്നു. അച്ഛന്‍റെ സ്നേഹവും, വേര്‍പാടും എങ്ങനെയാണോ എനിക്ക് ഫീല്‍ ആയത്, അതുപോലെ തന്നെ, ആ സീന്‍ തിയേറ്ററില്‍ ഇരുന്ന പ്രേക്ഷകര്‍ക്കും ഫീല്‍ ആയിട്ടുണ്ട്.
എഡിറ്റിംഗ് അല്ലാതെ മറ്റേതെങ്കിലും മേഖലയില്‍ കൈവയ്ക്കണം എന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ട്. എനിക്ക് ഡയറക്ഷന്‍, ഇഷ്ടമുള്ള മേഖലയാണ്. പെട്ടെന്ന് ഒന്നും ഇല്ല. എങ്കിലും, സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ ഒരു പ്രോജക്ട് സംവിധാനം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ത്രില്ലര്‍ ആണ് ആഗ്രഹം.
കുടുംബം?
അമ്മ ബിന്ദു, അച്ഛന്‍ മോഹന്‍(ഹമലേ) ഭാര്യ സേതുലക്ഷ്മി, മകള്‍ നിഹാര.