സെപ്റ്റംബർ ഒന്നു മുതൽ പുതിയ തമിഴ് സിനിമകളുടെ റിലീസ് നിർത്തും
Highlights
പ്രതിവർഷം 200-ലേറെ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും നിർമ്മാതാക്കൾക്ക് നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
ചെന്നൈ: സെപ്റ്റംബർ ഒന്നു മുതൽ പുതിയ തമിഴ് സിനിമകളുടെ തിയേറ്റർ റിലീസ് നിർത്തിവയ്ക്കാൻ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. അസോസിയേഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ കുറഞ്ഞത് എട്ട് ആഴ്ചയ്ക്ക് ശേഷമേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കാവൂ എന്ന നിബന്ധന നടപ്പാക്കണമെന്ന ആവശ്യമാണ് തീരുമാനത്തിന് പിന്നിൽ. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമകൾ പോലും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒ.ടി.ടി.യിൽ എത്തുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ.
പ്രതിവർഷം 200-ലേറെ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും നിർമ്മാതാക്കൾക്ക് നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. തിയേറ്റർ വരുമാനത്തെ ബാധിക്കുന്ന തരത്തിൽ സിനിമകൾ നേരത്തെ ഒ.ടി.ടി.യിൽ എത്തിക്കുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്നും നിർമ്മാതാക്കൾ പറയുന്നു.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും തിയേറ്റർ റിലീസിനും ഒ.ടി.ടി. റിലീസിനുമിടയിൽ കൃത്യമായ ഇടവേള ഉറപ്പാക്കുന്നതിനുമാണ് സെപ്റ്റംബർ ഒന്നു മുതൽ പുതിയ ചിത്രങ്ങളുടെ റിലീസ് നിർത്താനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്.