ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്. അതും അനശ്വര രാജനെപ്പോലെയുള്ള ഗംഭീര അഭിനേത്രിയുടെ അമ്മവേഷം... -Aswathy Chand Kishor
Highlights
ടെലിവിഷന്‍രംഗത്ത് കോമഡി സ്കിറ്റുകളിലൂടെ തിരുവനന്തപുരം സ്ലാങ് സംസാരിച്ചുകൊണ്ട് ചിരിപ്പിച്ചാണ് അശ്വതിചന്ദിനെ മലയാളികള്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ വ്യസനസമേതം ബന്ധുമിത്രാദികളില്‍ അനശ്വരരാജന്‍റെ അമ്മയായിയെത്തി ഞെട്ടിച്ചു. ഇപ്പോളിതാ തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന വിപിന്‍ദാസ് പ്രൊഡ്യൂസ് ചെയ്ത സവിന്‍ സംവിധാനം ചെയ്ത വാഴ 2 വിലെ ഹാഷിറിന്‍റെ അമ്മവേഷം ഗംഭീരമാക്കിയിരിക്കുകയാണ് അശ്വതി. ഓരോ സിനിമകളിലൂടെ തന്നിലെ ആക്ടറെ കൂടുതല്‍ മിനുക്കപ്പെടുത്തുകയാണെന്ന് തെളിയിച്ച് അശ്വതി നാനയോട് തന്‍റെ ഏറ്റവും പുതിയ സിനിമാവിശേഷം പങ്കുവയ്ക്കുന്നു.
അനശ്വരയുടെ അമ്മ
ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്. അതും അനശ്വര രാജനെപ്പോലെയുള്ള ഗംഭീര അഭിനേത്രിയുടെ അമ്മവേഷം. അതിലും സംവിധായകന്‍ വിപിന്‍ ചേട്ടന്‍ അശ്വതി ഇത് സ്കിറ്റ് അല്ല, റിയലിസ്റ്റിക്കാണ് വേണ്ടതെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓരോ സീനും കഴിഞ്ഞ് ഞാന്‍ വിപിന്‍ചേട്ടന്‍റെ അടുത്ത് പോയി ചേട്ടാ ഓക്കെ ആയോയെന്ന് ചോദിക്കാറുണ്ട്.
വ്യസനസമേതം ബന്ധുമിത്രാദികള്‍ തന്ന ഭാഗ്യമാണ് വാഴ 2
വ്യസനസമേതം ബന്ധുമിത്രാദികള്‍ കാരണമാണ് എനിക്ക് വാഴ 2 യിലേക്ക് അവസരം ലഭിക്കുന്നത്. വ്യസനസമേതം ബന്ധുമിത്രാദികളിലേക്ക് എന്നെ റീനചേച്ചിയാണ് സജസ്റ്റ് ചെയ്യുന്നത്. വാഴ 2 യിലെ സിസ്റ്ററിന്‍റെ വേഷം ചെയ്തത് റീനചേച്ചിയാണ്. റീനചേച്ചി സജസ്റ്റ് ചെയ്തതിനുശേഷം സംവിധായകന്‍ വിപിനും വിപിന്‍ദാസ് സാറും ചേര്‍ന്നാണ് അനശ്വരയുടെ അമ്മ വേഷത്തിലേക്ക് എന്നെ വിളിക്കുന്നത്. ഒരുപക്ഷേ റീനചേച്ചി എന്നെ സജസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ വ്യസനസമേതം ബന്ധുമിത്രാദികള്‍ എനിക്ക് നഷ്ടപ്പെട്ടിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും വാഴ 2 വിന്‍റെ ഭാഗമാവാന്‍ കഴിയില്ലായിരുന്നു. അതിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് വിപിന്‍ദാസ് സാര്‍ എന്നെ വാഴ 2 യിലേക്ക് വിളിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോള്‍ കിട്ടുന്ന എല്ലാ നല്ല വാക്കുകള്‍ക്ക് റീനചേച്ചിക്കു കൂടെ ക്രെഡിറ്റ് ഉണ്ട്.
2026 അടിപൊളിയാണ്
ഈ വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ ആദ്യം ബേസില്‍ ജോസഫ്- ടോവിനോ തോമസ് ചിത്രം അതിരടിയില്‍ അഭിനയിച്ചു. ഞാന്‍ ടൊവിനോ- ബേസില്‍ ഫാന്‍ ആണ്. അതുകൊണ്ടുതന്നെ അവരുടെ ഒരു പ്രോജക്ടിലേക്ക് വിളിക്കുക എന്നതുതന്നെ എനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. മിന്നല്‍ മുരളി സ്ക്രിപ്റ്റ് റൈറ്റര്‍ അരുണ്‍ ആണ് അതിരടിയുടെ സംവിധായകന്‍. ഞങ്ങള്‍ക്ക് കോളേജ് കാലഘട്ടം മുതലേ അറിയാം. ഒപ്പം, ടൊവിനോയുടെ സുഹൃത്തുക്കളായി അഭിനയിക്കുന്നവര്‍ മുഴുവനും എന്‍റെ ചൈല്‍ഡ്ഹുഡ് സുഹൃത്തുക്കളാണ്. അതുകൊണ്ട് ആ സെറ്റും അത്രയധികം കംഫര്‍ട്ടബിള്‍ ആയിരുന്നു.
ഏപ്രില്‍ മാസം ഞാന്‍ അഭിനയിച്ച സിനിമ വാഴ 2 നൂറുകോടി ക്ലബ്ബില്‍ കയറി. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഈ യാത്ര തുടരുകയാണ്.