Wednesday, 07 October 2026 | 11:48 PM

Interviews

മറ്റ് നടിമാര്‍ ചില വേഷങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ അസൂയ തോന്നാറുണ്ട്... -ഷാലിന്‍സോയ

അപ്പൂസ് കെ.എസ് 23 June 2026 05:52 AM
മറ്റ് നടിമാര്‍ ചില വേഷങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ അസൂയ തോന്നാറുണ്ട്... -ഷാലിന്‍സോയ

Highlights

മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും ശ്രദ്ധ നേടിയ അഭിനേത്രിയും അവതാരകയും സംവിധായികയുമാണ് ഷാലിന്‍സോയ. മലയാളത്തിനൊപ്പം തമിഴ്സിനിമയിലും ടെലിവിഷന്‍രംഗത്തും സജീവമായ ഷാലിന്‍സോയ 'നാന'യ്ക്കൊപ്പം....



മലയാളം മീഡിയ ആണോ തമിഴ് മീഡിയ ആണോ ഇഷ്ടം?

തമിഴ്മീഡിയ തന്നെ. അതിലെന്താണ് സംശയം? എനിക്ക് ഭയങ്കര അധികം സ്നേഹം തമിഴ്ജനങ്ങള്‍ തരുന്നുണ്ട്. ഇടയ്ക്ക് എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ചര്‍ച്ച നടക്കുമ്പോള്‍ തമിഴ് ജനങ്ങളാണ് എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നത് കണ്ടിട്ടുള്ളത്. പലരും കുറിപ്പൊക്കെ എഴുതിയിടും. മലയാളികളൊന്നും അങ്ങനെ എനിക്ക് വേണ്ടി ചെയ്യില്ല. അവിടെയുള്ള ആളുകളുടെ സ്നേഹം കാണുമ്പോള്‍ എനിക്ക് കണ്ണ് നിറയും.

താങ്കള്‍ നന്നായി സംസാരിക്കുന്നു. കോമഡി ചെയ്യും. ഇതൊക്കെ എല്ലാവര്‍ക്കും അറിയും. പക്ഷേ താങ്കള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലാത്ത ഒരു ടാലന്‍റ് എന്താണ്?

ഞാന്‍ നന്നായി എഴുതും. ഫിലിം മേക്കര്‍ ആയതുകൊണ്ട് സ്ക്രിപ്റ്റ് എഴുതാറുണ്ട്. അതല്ലാതെ ഞാന്‍ ഫിക്ഷന്‍ എഴുതും. ഭാവിയില്‍ ഞാന്‍ ചിലപ്പോള്‍ അതൊക്കെ പ്രസിദ്ധീകരിച്ചേക്കാം.

സിനിമാ മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും അര്‍ഹിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?

എനിക്ക് എപ്പോഴും തോന്നാറുണ്ട്. മറ്റ് നടിമാര്‍ ചില വേഷങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ അസൂയ തോന്നാറുണ്ട്. ആ റോള്‍ എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. എല്ലാ മനുഷ്യരെയും പോലെ വിഷമം വരാറുണ്ട്.

ഞാന്‍ 30 സിനിമകള്‍ വരെ ഇതുവരെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളായി എനിക്ക് സിനിമയില്ല. എന്‍റേതായി എനിക്ക് അങ്ങനെ വലിയ അഭിനയപ്രകടനങ്ങള്‍ ഒന്നും ബാക്കി നില്‍ക്കുന്നില്ല.

ഇപ്പോള്‍ ഷാലിനെക്കാണാന്‍ കുറച്ച് വണ്ണം ഒക്കെയുള്ള ഭയങ്കര ക്യൂട്ട് ആയ ഒരാളായാണ് കാണപ്പെടുന്നത്. എപ്പോഴെങ്കിലും വണ്ണം കുറയ്ക്കണം എന്നൊക്കെ തോന്നിയിട്ടുണ്ടോ?

വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ട് എന്നൊക്കെ ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയില്‍ വണ്ണം കൂടിയാലോ കുറഞ്ഞാലോ ഒക്കെ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്. സമീപകാലത്തുതന്നെ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. തീര്‍ത്തും തെറ്റാണത്.

പലര്‍ക്കും പല ഹെല്‍ത്ത് കണ്ടീഷന്‍ ആണല്ലോ. ഞാന്‍ ഒരുപാട് കഴിച്ചത് കൊണ്ടല്ല വണ്ണം വച്ചിരിക്കുന്നത്. എനിക്ക് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ടാണത്. ആര്‍ക്കും അത് അറിയില്ലല്ലോ. എനിക്ക് മാത്രമേ അത് അറിയൂ...




 

Tags
shaalin zoya