ജനിക്കുമ്പോള്‍ നമ്മളൊന്നും കൊണ്ടുവന്നിട്ടില്ലല്ലോ. പിന്നെ എന്തിന് വിഷമിക്കണം എന്ന് കരുതി സമാധാനിക്കും... -ഷീല
Highlights
മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട നടിയായ ഷീല വീണ്ടും 'നാന'യ്ക്കൊപ്പം പുതിയ വിശേഷങ്ങളുമായി...
പണ്ട് സിനിമകളുടെ ചിത്രീകരണമെല്ലാം ചെന്നൈയിലായിരുന്നു. അന്നത്തെ പ്രതിഫലം കൊണ്ട് അവിടെത്തന്നെ വീടും സ്ഥലങ്ങളുമൊക്കെ വാങ്ങി. കേരളത്തില്‍ എനിക്ക് സ്വന്തമായി വീടില്ല; എന്‍റെ ആസ്തികളെല്ലാം ചെന്നൈയിലാണ്. കേരളത്തില്‍ വീടുവയ്ക്കാനോ താമസിക്കാനോ തോന്നിയിട്ടുമില്ല. ഇവിടെ എനിക്ക് വേണ്ടത്ര സ്വാതന്ത്ര്യമുണ്ട്. എന്നെ അധികമാര്‍ക്കും തിരിച്ചറിയില്ലാത്തതുകൊണ്ടുതന്നെ എവിടെ വേണമെങ്കിലും സ്വതന്ത്രമായി പോകാം. യാതൊരു ബുദ്ധിമുട്ടുമില്ല.
എപ്പോഴും വളരെ പ്രസന്‍റബിള്‍ ആയിട്ടാണല്ലോ കാണാറുള്ളത്. ഈ ഭംഗിയും പ്രൗഢിയും എങ്ങനെ നിലനിര്‍ത്തുന്നു?
ഏത് സ്ത്രീക്കാണ് ഒരുങ്ങാന്‍ ആഗ്രഹമില്ലാത്തത്? കാണുമ്പോള്‍ ഒരു ഭംഗിയൊക്കെ വേണ്ടേ! എന്നെ കാണുന്നവര്‍ക്ക് ഒരു ഐശ്വര്യം തോന്നണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് എപ്പോഴും പ്രസന്‍റബിള്‍ ആയി ഇരിക്കാന്‍ ശ്രമിക്കുന്നത്.
വലിയൊരു വീട്ടിലാണ് താമസം. കരിയറില്‍ ഒട്ടേറെ സമ്പാദിച്ചിട്ടുമുണ്ട്. എങ്കിലും ഈ കാലയളവില്‍ വലിയ വിഷമം ഉണ്ടാക്കിയ സംഭവം എന്താണ്?
വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതാണ് വലിയൊരു സങ്കടം. അന്ന് സഹായത്തിന് വീട്ടില്‍ അഞ്ചുപേരുണ്ടായിരുന്നു. അതിലൊരാളായിരിക്കാം അത് എടുത്തത്. പക്ഷേ തെളിവില്ലാതെ ആരെയും കുറ്റപ്പെടുത്താനാകില്ലല്ലോ. കൂടാതെ എന്‍റെ അറിവില്ലാതെ കുറച്ച് വസ്തുക്കളും വിറ്റുപോയിട്ടുണ്ട്. ഇന്നതിന് കോടികളുടെ മൂല്യമുണ്ട്. എങ്കിലും സാരമില്ല. ജനിക്കുമ്പോള്‍ നമ്മളൊന്നും കൊണ്ടുവന്നിട്ടില്ലല്ലോ. പിന്നെ എന്തിന് വിഷമിക്കണം എന്ന് കരുതി സമാധാനിക്കും.
അന്നത്തെ സിനിമാചിത്രീകരണവും ഇന്നത്തെ രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?
പ്രധാന വ്യത്യാസം സമയക്രമത്തിലാണ്. ഇന്ന് കൃത്യസമയത്ത് ഷൂട്ടിംഗ് തുടങ്ങാറില്ല. ഒമ്പതുമണിക്ക് വരാന്‍ പറഞ്ഞത് ഷൂട്ട് തുടങ്ങുമ്പോള്‍ പത്തോ പതിനൊന്നോ മണിയാകും. മുന്‍പ് അങ്ങനെയല്ല, പറഞ്ഞ സമയത്തുതന്നെ കൃത്യമായി ഷൂട്ടിംഗ് നടക്കുമായിരുന്നു.
പഴയകാല സിനിമകള്‍ക്കും കൂട്ടായ്മകള്‍ക്കും എന്നും വലിയ മൂല്യമുണ്ട്. അന്നത്തെ സഹപ്രവര്‍ത്തകരെ ഓര്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?
കൂടെ അഭിനയിച്ച ഒട്ടേറെപ്പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മധു സാറുണ്ട്. ശാരദ, ജയഭാരതി, കെ.ആര്‍. വിജയ എന്നിവരൊക്കെ ഇവിടെ തമിഴ്നാട്ടിലുണ്ട്. പക്ഷേ ഞങ്ങള്‍ നേരിട്ട് കാണാറില്ല. ഇപ്പോള്‍ എവിടെയാണെന്നുപോലും കൃത്യമായി അറിയില്ല.
തമിഴ് സിനിമയിലെ നായകനായിരുന്ന വിജയ് രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രി പദവിയിലെത്തിയതിനെ ഒരു അഭിനേത്രി എന്ന നിലയില്‍ എങ്ങനെ വീക്ഷിക്കുന്നു?
ഞാന്‍ വര്‍ഷങ്ങളായി തമിഴ്നാട്ടിലാണല്ലോ താമസിക്കുന്നത്. അതുകൊണ്ട് വിജയ് വന്നതിനുശേഷമുള്ള മാറ്റങ്ങളും ഗുണങ്ങളും നേരിട്ട് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. എന്‍റെ കുടുംബത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായ പോലെയൊരു സന്തോഷമാണ് എനിക്കുള്ളത്. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ നേട്ടത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഈ പദവിയില്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എല്ലാവരെയും പോലെ വലിയ സ്നേഹമുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല.
പുതിയകാല സിനിമകളുടെ പ്രധാന മാറ്റമായി തോന്നുന്നത് എന്താണ്?
പണ്ടൊക്കെ വലിയൊരു കഥാപശ്ചാത്തലമുള്ള സിനിമകളായിരുന്നു; അത് വികസിപ്പിക്കാന്‍ എളുപ്പമായിരുന്നു. ഇന്ന് ചെറിയൊരു ത്രെഡ് മാത്രമേ ഉണ്ടാകൂ. പക്ഷേ അത് വളരെ സമര്‍ത്ഥമായി വികസിപ്പിച്ച് മികച്ച സിനിമയാക്കി മാറ്റാന്‍ ഇന്നത്തെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. ഒരുപാട് നല്ല സിനിമകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. ഞാന്‍ അവസാനമായി കണ്ട മലയാള ചിത്രം 'ബാലന്‍' ആണ്.
ഇപ്പോഴും വ്യായാമം ചെയ്യാറുണ്ടോ?
എന്നും നടക്കാറുണ്ട്. അനുകൂലമായ സമയമാണെങ്കില്‍ അരമണിക്കൂര്‍ നടക്കും. കൂടാതെ 15 മിനിറ്റ് യോഗയും 15 മിനിറ്റ് ധ്യാനവും ചെയ്യാറുണ്ട്.
ഗായിക എസ്. ജാനകിയുമായുള്ള ഓര്‍മ്മകളെക്കുറിച്ച്?
ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. എനിക്കുവേണ്ടി ഒട്ടേറെ പാട്ടുകള്‍ സിനിമയില്‍ പാടിയിട്ടുണ്ട്. അവര്‍ മരിക്കുന്ന സമയത്ത് ഞാന്‍ മൗറീഷ്യസില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. വളരെ നല്ലൊരു വ്യക്തിയായിരുന്നു അവര്‍. വലിയൊരു നഷ്ടമാണ് എസ്. ജാനകി.
പുറത്തേക്ക് ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും കൂടെ കരുതുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഹാന്‍ഡ് ബാഗ്, പേഴ്സ്, ആവശ്യമായ മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ലിപ്സ്റ്റിക്, സണ്‍ഗ്ലാസ് എന്നിവയൊക്കെ എപ്പോഴും കൂടെയുണ്ടാകും. സ്കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം എടുക്കാറില്ല.
പുതിയ തലമുറയിലെ അഭിനേതാക്കളില്‍ ആരുടെയൊക്കെ അഭിനയമാണ് ഇഷ്ടം?
കാളിദാസ് ജയറാം, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് എന്നിവരെ ഇഷ്ടമാണ്. നടിമാര്‍ ഇപ്പോള്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണല്ലോ.