തമിഴ് പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടുകൾ വീണ്ടും വെള്ളിത്തിരയിൽ ഒത്തുചേരുമ്പോൾ...
Highlights
തമിഴ് പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടുകൾ വീണ്ടും വെള്ളിത്തിരയിൽ ഒത്തുചേരുമ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആവേശത്തിന്റെ പുതുതരംഗം
തമിഴ് പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടുകൾ വീണ്ടും വെള്ളിത്തിരയിൽ ഒത്തുചേരുമ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആവേശത്തിന്റെ പുതുതരംഗം. 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ വന്ദിയദേവനായും കുന്ദവൈയായും വന്ന് കൈയടി നേടിയ കാർത്തിയും തൃഷയും വീണ്ടും ഒന്നിക്കുകയാണ്.
'ജയം', 'എം. കുമരൻ സൺ ഒഫ് മഹാലക്ഷ്മി', 'തനി ഒരുവൻ', 'വേലൈക്കാരൻ' തുടങ്ങിയ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻരാജയാണ് കാർത്തി-തൃഷ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുക്കുന്നത്.
'തനി ഒരുവനും' 'വേലൈക്കാരനും' ശേഷം സ്വന്തം രചനയിൽ മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. പ്രിൻസ് പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായികയായി നേരത്തെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിത മാറ്റങ്ങൾക്കൊടുവിൽ നായികാവേഷം തൃഷയുടെ കൈകളിൽ എത്തുകയായിരുന്നു.
അതേസമയം, നയൻതാര ഇപ്പോൾ തന്റെ ബോളിവുഡ് കരിയറിന്റെ പുതിയ ഉയരങ്ങളിലാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തിൽ സൽമാൻ ഖാന്റെ നായികയായി താരം അഭിനയിക്കുകയാണിപ്പോൾ. ഷാരൂഖ് ഖാന്റെ 'ജവാനു' ശേഷം നയൻസ് അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് സംരംഭമാണിത്.
രാഹുൽ ദേവ് വില്ലനായി എത്തുന്ന ഈ ചിത്രം പ്രമുഖ തെലുങ്ക് നിർമ്മാതാവ് ദിൽ രാജുവാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നത്. സംവിധായകൻ വംശിയുടെയും നിർമ്മാതാവ് ദിൽ രാജുവിന്റെയും കന്നി ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. മുംബൈയിൽ ചിത്രീകരണം വേഗത്തിൽ പുരോഗമിക്കുന്ന ഈ ചിത്രത്തിലൂടെ സൽമാൻ ഖാന്റെ അതിശക്തമായ തിരിച്ചുവരവിനാണ് സിനിമാലോകം കാത്തിരിക്കുന്നത്.
സുരേഷ് വണ്ടന്നൂർ