Wednesday, 07 October 2026 | 09:38 PM

Interviews

എഴുത്തുകാരന്‍ ദീപു പ്രദീപ് നാനയ്ക്ക് ഒപ്പം അല്‍പ്പനേരം

രജനികൃഷ്ണ 24 September 2026 06:46 AM
എഴുത്തുകാരന്‍ ദീപു പ്രദീപ് നാനയ്ക്ക് ഒപ്പം അല്‍പ്പനേരം

Highlights

കുഞ്ഞിരാമായണം, പദ്മിനി, ഗുരുവായൂരമ്പലനടയില്‍, പ്രീസ്റ്റ്, അജയന്‍റെ രണ്ടാം മോഷണം, പെരില്ലൂര്‍ പ്രീമിയര്‍ ലീഗ് തുടങ്ങി നിരവധി ഹിറ്റ് പ്രോജക്ടുകളുടെ പിന്നിലെ എഴുത്തുകാരന്‍ ദീപു പ്രദീപ് നാനയ്ക്ക് ഒപ്പം അല്‍പ്പനേരം


ചെറുപ്പം മുതല്‍ക്കേ എഴുതാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍. എഴുത്തിന്‍റെ പാരമ്പര്യം എന്നുപറയാന്‍ ആരും ഇല്ലെങ്കില്‍ പോലും, ഇഷ്ടമുള്ളതൊക്കെ എഴുതിക്കൂട്ടുന്നത് വലിയ സന്തോഷം തരുന്ന ഒന്നാണ്. എന്‍റെ എഴുത്ത് കുറച്ചുകൂടി ജനകീയമായത്, കോവിഡ് കാലത്താണ്. ഇന്‍റര്‍നെറ്റില്‍ ബ്ലോഗുകളിലും, സോഷ്യല്‍മീഡിയ പേജുകളിലും കുത്തിക്കുറിച്ചിടുന്നവയ്ക്ക്  പ്രേക്ഷകരുടെ പ്രശംസകള്‍ ആണ് പ്രചോദനം ആയത്.

തുടക്കം ഷോര്‍ട്ട് ഫിലിമിലൂടെ

ബ്ലോഗുകളുടെ കഥകള്‍ കൂടി വന്നപ്പോള്‍, അവ ഷോര്‍ട്ട് ഫിലിമുകള്‍ ആയി മാറുകയായിരുന്നു. 'അതെ കാരണത്താല്‍' എന്നതായിരുന്നു ആദ്യഷോര്‍ട്ട് ഫിലിം.. പിന്നെ 'ഉണ്ണിമൂലം'. അത് അജുവര്‍ഗ്ഗീസ് അഭിനയിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്ത പ്രോജക്ട് ആയിരുന്നു.

കുഞ്ഞിരാമായണം ആദ്യ സിനിമ

ഉണ്ണിമൂലം എന്ന ഷോര്‍ട്ട് ഫിലിം സംഭവിക്കുന്ന സമയത്തുതന്നെ ആണ് കുഞ്ഞിരാമായണവും സംഭവിക്കുന്നത്. ആ കാലത്ത് ബേസില്‍ ജോസഫും, ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ, സുഹൃത്തുക്കള്‍ വഴി ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടിരുന്നു. അങ്ങനെയാണ് ബ്ലോഗില്‍ നിന്നുതന്നെ സിനിമാ ക്കഥ ആകുന്നത്.

കുഞ്ഞിരാമായണം എന്ന ടെബ്ലേററ്

കുഞ്ഞിരാമായണം സംഭവിക്കുന്നതിന് മുന്‍പ്, ആ ജോണറില്‍ സിനിമ ഉണ്ടായിരുന്നില്ല. ഒരേസമയം ഒരുപാട് കഥാപാത്രങ്ങളുടെ കഥ പറയണം എന്നത് മാത്രം ആയിരുന്നു ആദ്യത്തെ ചിന്ത. നാട്ടിലെ കഥ എന്ന മട്ടില്‍ കുത്തിക്കുറിച്ച ഒന്നാണ് പിന്നീട് ഫിക്ഷണല്‍ ആയ ഒരു ഗ്രാമത്തിലേക്ക് മാറിയത്. സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളും, നാട്ടിന്‍പുറത്തെ നിഷ്ക്കളങ്കമായ കഥകളും ആയിരുന്നു ഇന്‍സ്പിരേഷന്‍.

ഒരു യൂഷ്വല്‍ സിനിമാക്കഥ , നാട്ടിന്‍പുറത്തെ പ്രശ്നങ്ങള്‍ എന്നതില്‍ നിന്ന് മാറി, ഒരു നാട് മുഴുവന്‍ സല്‍സ എന്ന കുപ്പിക്കുവേണ്ടി കാത്തിരിക്കുന്നു. സല്‍സ ശാപം ആയിരുന്നു കഥ കേട്ട എല്ലാവര്‍ക്കും ഹുക്ക് ചെയ്ത ഒരു പുതുമ എന്നത്. കുഞ്ഞിരാമായണം ചെയ്യുന്ന സമയത്ത് ഞാനും ബേസിലും, ക്യാമറാമാനും എല്ലാവരും ഒരേ പ്രായക്കാര്‍ ആണ്. അന്ന് കൂടുതലും ഒന്നും ചിന്തിക്കാതെ ആണ് ആദ്യം വര്‍ക്ക് ചെയ്തത്. വിജയസാധ്യതകളോ, പരാജയഫാക്ടര്‍ അങ്ങനെ ഒരുപാട് ഒന്നും ആസമയത്ത് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.

രണ്ടാമത്തെ സിനിമ മമ്മൂക്കയ്ക്കും മഞ്ജുവാര്യര്‍ക്കും ഒപ്പം

കുഞ്ഞിരാമായണം കഴിഞ്ഞു വേറൊരു പ്രോജക്ട്, മമ്മൂക്കായ്ക്ക് വേണ്ടി തയ്യാറാക്കാനാണിരുന്നത്. എന്നാല്‍ സംഭവിച്ചത് പ്രീസ്റ്റ് എന്ന സിനിമ ആണ്. അതില്‍ കോ-റൈറ്റര്‍ ആയിട്ടാണ് വര്‍ക്ക് ചെയ്തിരുന്നത്. നമ്മള്‍ എഴുതിയ ഡയലോഗുകള്‍ ഒക്കെ മമ്മൂക്കയും മഞ്ജുവാര്യരും, ആവേശവും, ഭാവവും ഉള്‍ക്കൊണ്ട്, ജീവന്‍ നല്‍കുന്നത് അടുത്ത് നിന്ന് കാണുക, അനുഭവിക്കുക എന്നത് ഒരു വലിയ സന്തോഷം ആയിരുന്നു. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആകുക  എന്നത് ഒരു ചെറിയ കാര്യമല്ലല്ലോ!

സിനിമ രണ്ടാമത് കാണുന്ന പതിവ് ഇല്ല

ഒരു സിനിമ ഇറങ്ങിയാല്‍ തിയേറ്ററില്‍ ചിലപ്പോള്‍ ആദ്യദിവസം കാണും എന്നതിലുപരി, എന്‍റെ സിനിമകള്‍ ഞാന്‍ രണ്ടാമത് കാണാറില്ല. പെരില്ലൂര്‍ പ്രീമിയര്‍ ലീഗ് മാത്രമാണ്, ആ പതിവ് തെറ്റിച്ച ഒരു പ്രോജക്ട് ഉള്ളത്. ആദ്യസമയത്ത് സംഭവിച്ച തെറ്റുകള്‍ അടുത്തതില്‍ തിരുത്തണം എന്ന മട്ടില്‍ റിവ്യുവര്‍ക്ക് അങ്ങോട്ട് മെസേജ് ചെയ്തു. എന്‍റെ സിനിമയുടെ അഭിപ്രായം എന്താണ്, എവിടെയാണ് പ്രശ്നം എന്നെല്ലാം ചോദിച്ച സമയം ഉണ്ട്. പിന്നീട് ഒരു തിരിച്ചറിവ് വന്നു. ഒരു സിനിമയ്ക്ക് ഒരു കാലാവധി ഉണ്ട്. അതിന്‍റെ ആഘോഷങ്ങളും പരാജയവും ഒരു സമയം കഴിഞ്ഞാല്‍, കഴിഞ്ഞു. ആ ചിന്ത മുന്നോട്ടുകൊണ്ടുപോകേണ്ട കാര്യമോ, ആ വിജയത്തില്‍ മുറുകെ പിടിച്ചിരിക്കുകയോ ചെയ്യേണ്ടതില്ല.

മൈന്‍ഡ് എപ്പോഴും കൂളാണ്

സിനിമയെക്കുറിച്ചോ, ജീവിതത്തെക്കുറിച്ചോ ഒരുപാട് തിങ്ക് ചെയ്യുന്ന ആള്‍ അല്ല ഞാന്‍. ഇത്രാമത്തെ വയസ്സില്‍ ഇത്ര കാര്യങ്ങള്‍ ചെയ്തു ഇവിടെ എത്തണം എന്നൊന്നും ഒരു നിര്‍ബന്ധവും ഞാന്‍ വെച്ചിട്ടില്ല. ചെയ്യുന്നത് എന്തോ, അത് ആസ്വദിക്കുക. ആ മൊമെന്‍റില്‍ നന്നായി വര്‍ക്ക് ചെയ്യുക. ഗോ വിത്ത് ദി ഫ്ളോ. അതാണ് രസം.

ഇഷ്ടം ഉള്ളത് എഴുതുക, ഇഷ്ടമുള്ളപ്പോള്‍ എഴുതുക, അതാണ് രീതി

ഞാന്‍ അങ്ങനെ കുത്തിയിരുന്ന് എഴുതുന്ന ഒരാള്‍ അല്ല. ഇഷ്ടമുള്ളത് ഒക്കെ ഇഷ്ടമുള്ളപ്പോള്‍ എഴുതുക എന്നതാണ് രീതി. സമയം കുറച്ചധികം പാഴാകുന്നുണ്ടോ എന്ന സംശയത്തില്‍ ഞാന്‍, കുറച്ചുകൂടി ക്രമീകരിച്ചു പ്രവര്‍ത്തിക്കണം എന്ന ചിന്ത തുടങ്ങിയിട്ടുണ്ട്. എനിക്ക് യാത്രയ്ക്കിടയില്‍ പോലും ഫോണില്‍ കഥകളും ആശയങ്ങളും എഴുതാന്‍ സാധിക്കാറുണ്ട്. 

നിലവില്‍ മാളുകള്‍, വര്‍ക്കിംഗ് സ്പേസ് ഒക്കെ എടുത്ത് വര്‍ക്ക് ചെയ്യുന്ന രീതി തുടങ്ങിയിട്ടുണ്ട്. പ്ലാന്‍ ചെയ്തു വര്‍ക്കിംഗ് ടൈം കൂട്ടണം എന്ന ചിന്ത എനിക്കുണ്ട്.

കൂട്ടത്തില്‍ പ്രിയപ്പെട്ടത് പെരില്ലൂരും കുഞ്ഞിരാമായണവും

എഴുതി വര്‍ക്ക് ചെയ്തതില്‍ ഏറ്റവും ഇഷ്ടം പെരില്ലൂര്‍ പ്രീമിയര്‍ ലീഗും, കുഞ്ഞിരാമായണവും തന്നെയാണ്. ഇഷ്ടത്തോടെ എഴുതിയ കഥകള്‍ ഒന്നും സിനിമ ആകും എന്നോ, സീരിസ് ആകും എന്നോ കരുതി ചെയ്തതല്ല. പക്ഷേ, എഴുതിക്കൂട്ടിയ കഥകള്‍ എപ്പിസോഡുകളായി മാറുന്ന ഒരു പ്രോസസ് ഒരുപാട് എന്‍ജോയ് ചെയ്തത് പെരില്ലൂരില്‍ ആണ്. അതാണ് ആദ്യം പറഞ്ഞത്, ഒന്നില്‍ കൂടുതല്‍ കണ്ട വര്‍ക്ക് പെരില്ലൂര്‍ ആണ്.

പുസ്തകവും പ്രിയംകരം

നേരത്തെ പറഞ്ഞതുപോലെ, എഴുത്ത് എന്നതാണ് ഇഷ്ടം. അത് സിനിമയ്ക്ക് വേണ്ടി എന്ന് വേര്‍തിരിവ് വയ്ക്കാതെ ആണ് എഴുതാറുള്ളത്. പലപ്പോഴും ബ്ലോഗുകള്‍ ആയിട്ടോ, പുസ്തകങ്ങള്‍ ആയിട്ടോ ഉള്ള കഥകള്‍ ആണ് പിന്നീട് സിനിമകള്‍ ആയി മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ, സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴും പുസ്തകങ്ങളെ മാറ്റിനിര്‍ത്തുന്ന പതിവ് ഇല്ല. 1989, ആറടി, തുലാമാസത്തിലെ ഭരണി, പൊന്നാനി താലൂക്ക് എടപ്പാള്‍ അംശം കലാടി ദേശം തുടങ്ങിയ ബുക്കുകള്‍ എഴുതിയിട്ടുണ്ട്. അടുത്തത് ചിന്തയിലുണ്ട്.

 

Tags
Deepu Pradeep