'നല്ല തണുപ്പാണ്'; മഴ നനഞ്ഞ് വിറച്ച് തമന്ന; വീഡിയോ വൈറൽ
Highlights
"എന്നെ കൂട്ടാതെ എന്തിനാണ് ഇത് ചെയ്തത്?" എന്നായിരുന്നു നടി റാഷ തഡാനിയുടെ കമന്റ്
മഴയെ മനസ്സറിഞ്ഞ് ആസ്വദിക്കുന്ന നിമിഷങ്ങൾ പങ്കുവെച്ച് നടി തമന്ന ഭാട്ടിയ. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. ശക്തമായ കാറ്റും മഴയും പെയ്യുന്നതിനിടെ ബാൽക്കണിയിലേക്ക് ഓടിയെത്തുന്ന തമന്നയെ വീഡിയോയിൽ കാണാം. മഴത്തുള്ളികളും കുളിർക്കാറ്റും ആസ്വദിച്ച് ബാൽക്കണിയിലൂടെ നടക്കുകയും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. "നല്ല തണുപ്പാണ്" എന്ന് പറയുന്ന തമന്ന, മഴ നനഞ്ഞതിന് പിന്നാലെ തണുത്ത് വിറയ്ക്കുന്നതും വീഡിയോയിൽ രസകരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. "എന്നെ കൂട്ടാതെ എന്തിനാണ് ഇത് ചെയ്തത്?" എന്നായിരുന്നു നടി റാഷ തഡാനിയുടെ തമാശ നിറഞ്ഞ കമന്റ്. ആരാധകരും രസകരമായ അഭിപ്രായങ്ങളുമായി വീഡിയോയെ വൈറലാക്കി.
തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 90-ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന, ഇന്ത്യൻ സിനിമയിലെ പ്രമുഖ നായികമാരിൽ ഒരാളാണ്. 100 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. മുംബൈയിൽ കടൽത്തീരത്തോട് ചേർന്ന ആഡംബര അപ്പാർട്ട്‌മെന്റും താരത്തിനുണ്ട്.
അതേസമയം, സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന 'വൺ – ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ്' ആണ് തമന്നയുടെ പുതിയ ബോളിവുഡ് ചിത്രം. അരുണാഭ് കുമാർ കഥയൊരുക്കിയ ചിത്രത്തിന് ദീപക് മിശ്രയും അരുണാഭ് കുമാറും ചേർന്നാണ് സംവിധാനം നിർവഹിക്കുന്നത്. ശോഭ കപൂർ, ഏക്ത ആർ. കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്നാണ് നിർമാണം. മനു ആനന്ദാണ് ഛായാഗ്രഹണം. കൂടാതെ, സംവിധായകൻ സുന്ദർ സി. ഒരുക്കുന്ന വിശാൽ നായകനാകുന്ന തമിഴ് ചിത്രം 'പുരുഷൻ' എന്ന സിനിമയിലും തമന്ന പ്രധാന വേഷത്തിലെത്തുന്നുണ്ട്.