മ്യൂസിക് കമ്പനി തുടങ്ങുന്ന അനിരുദ്ധ്...
തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകന്മാരിൽ ഒരാളായ അനിരുദ്ധ് ഇപ്പോൾ പ്രതീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി', വിജയ്‌യുടെ 'ജനനായകൻ', രജനികാന്തിന്റെ 'ജയിലർ-2', വെട്രിമാരൻ, സിംബു കൂട്ടുകെട്ടിലൊരുങ്ങുന്ന 'അരസൻ' തുടങ്ങിയ ചിത്രങ്ങൾക്കാണ് സംഗീതം ഒരുക്കി വരുന്നത്.
ഇതുവരെ അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രങ്ങളുടെ ഓഡിയോ അവകാശം വാങ്ങിയിരുന്നത് വേറെ കമ്പനികളാണ്. എന്നാൽ 'അരസൻ' എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഈ ചിത്രത്തിന്റെ നിർമ്മാതാവായ 'കലൈപ്പുലി' എസ്.താണു അനിരുദ്ധിന് തന്നെ നൽകിയിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
'അരസൻ' എന്ന ചിത്രം മുതൽ ഇനി താൻ സംഗീതം നൽകുന്ന എല്ലാ സിനിമകളുടെയും ഓഡിയോ റൈറ്റ്സ് അനിരുദ്ധ് തന്നെ കൈവശപ്പെടുത്താനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നും, അതിനായി ഒരു പുതിയ ഓഡിയോ കമ്പനി തുടങ്ങാനും അനിരുദ്ധ് പദ്ധതിയിട്ടിരുന്നു എന്നും ആ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അത് മാത്രമല്ല, ഇടയ്ക്കിടെ തന്റെ സംഗീതത്തിൽ വരുന്ന സിംഗിൾ ഗാനങ്ങൾ ഇനി മുതൽ തന്റെ സംഗീത കമ്പനി വഴി പുറത്തിറക്കാനും അനിരുദ്ധ് പദ്ധതിയിട്ടിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്.
അനിരുദ്ധിന്റെ ഈ തീരുമാനം മറ്റുള്ള സംഗീത കമ്പനികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. കാരണം അടുത്തിടെ, അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുക്കിയ ഗാനങ്ങളാണ് സംഗീത കമ്പനികൾക്ക് ലാഭം നേടിത്തന്നിരുന്നത്. അനിരുദ്ധ് പുതിയ ഓഡിയോ കമ്പനി തുടങ്ങിയാൽ ഇനി അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രങ്ങളുടെ ഗാനങ്ങളെല്ലാം ആ കമ്പനിവഴിയേ മാത്രമേ പുറത്തുവരികയുളൂ എന്നത് തന്നെ. അനിരുദ്ധ് തുടങ്ങാൻ പോകുന്ന ഓഡിയോ കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് ഉടനെ തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.