Tuesday, 11 August 2026 | 05:52 PM

Latest

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

Nila 05 May 2026 12:30 PM
സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഇടതു സഹയാത്രികയായ ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേ​ഹത്തിന്റെ രാജി ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇന്നലെ തന്നെ ര‍ഞ്ജിത്ത് തന്റെ ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ രണ്ടാമത്തെ രാജിയാണിത്. യുവനടിയുടെ ലൈം​ഗികാരോപണത്തിന് പിന്നാലെ താരസംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവച്ചിരുന്നു. 

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്തു സർക്കാരിനു കൈമാറുകയായിരുന്നു.