Tuesday, 23 June 2026 | 06:56 PM

Latest

ദൃശ്യം 3ലെ വില്ലന്റെ 'ചുവന്ന കണ്ണ്'; ആ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ

sreyas 21 June 2026 12:14 PM
ദൃശ്യം 3ലെ വില്ലന്റെ 'ചുവന്ന കണ്ണ്'; ആ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ

Highlights

സഹദേവന് കണ്ണീച്ചോര ഇല്ലെന്ന് ഇനി ആരും പറയില്ലല്ലോ

തിയേറ്ററുകളിൽ റെക്കോർഡ് വിജയമൊരുക്കിയതിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും ശ്രദ്ധനേടി മുന്നേറുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം 3’. ബോക്സ് ഓഫീസിൽ 300 കോടിയിലേറെ രൂപയുടെ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഒടിടിയിൽ എത്തിയതോടെ പുതിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

സിനിമയിലെ വില്ലൻ കഥാപാത്രമായ സഹദേവനെ അവതരിപ്പിച്ച കലാഭവൻ ഷാജോണിന്റെ കണ്ണിന്റെ അസാധാരണമായ ചുവപ്പ് നിറമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. നിരവധി ട്രോളുകളും സംശയങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതിനിടെയാണ് വിഷയത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

ഭാര്യ ഡിനി നടത്തുന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, തന്റെ കണ്ണിന്റെ ചുവപ്പിന് പിന്നിലെ യഥാർഥ കാരണവും അതുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങൾക്കും കലാഭവൻ ഷാജോൺ മറുപടി നൽകി.

ഷാജോണിന്റെ വാക്കുകൾ ഇങ്ങനെ: 

'ഇന്റർവെൽ സമയം സഹദേവൻ സ്‌ക്രീനിലേക്ക് വരുമ്പോൾ തന്നെ പ്രേക്ഷകർ ഒന്ന് ഞെട്ടണം എന്ന് ജീത്തുഭായിക്ക് നിർബന്ധമുണ്ടായിരുന്നു. ഇത് പഴയ സഹദേവനല്ല, അതിലും അപകടകാരിയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകണമായിരുന്നു. അതിനായി 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിൽ സായ് കുമാർ ചെയ്ത വില്ലൻ കഥാപാത്രത്തിന്റെ ലുക്ക് ആണ് ജീത്തു സാർ റെഫറൻസ് ആയി തന്നത്'.

സിനിമയിലുടനീളം കണ്ണ് ചുവന്നിരിക്കേണ്ടി വന്നതിനാൽ സാധാരണ ഗ്ലിസറിൻ ഉപയോഗിക്കുന്നത് പ്രായോഗികമല്ലായിരുന്നു. ഇതിനായി കഥകളി കലാകാരന്മാർ ഉപയോഗിക്കുന്ന 'ചുണ്ടപ്പൂ' എന്ന പൂവിന്റെ തരിയാണ് കണ്ണിലിട്ടതെന്ന് ഷാജോൺ വ്യക്തമാക്കി. തൃശുർ ഭാഗത്തുനിന്നാണ് ഈ പൂവ് സംഘടിപ്പിച്ചത്. ചുണ്ടപ്പൂവിന്റെ തരി കണ്ണിലിട്ടാൽ കണ്ണ് നല്ല ചുവപ്പ് നിറമായിത്തന്നെ ഇരിക്കും. എന്നാൽ അതിന്റെ അളവ് കൂടിയാൽ പെട്ടെന്ന് കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചില സീനുകളിൽ കണ്ണിന്റെ ചുവപ്പ് വളരെ കൂടുതലായി പ്രേക്ഷകർക്ക് തോന്നിയത്. ഈ ലുക്കിനെക്കുറിച്ച് ചോദിക്കുന്നവരോട് 'സഹദേവന് കണ്ണീച്ചോര ഇല്ലെന്ന് ഇനി ആരും പറയില്ലല്ലോ' എന്നാണ് താൻ തമാശയായി മറുപടി നൽകാറുള്ളതെന്നും ഷാജോൺ ചിരിയോടെ കൂട്ടിച്ചേർത്തു.